യു.എസും ചൈനയും തമ്മിലുള്ള ബഹിരാകാശ യുദ്ധം കടുക്കുന്നു; പരീക്ഷണങ്ങളിൽനിന്ന് ചൈനീസ് പൗരൻമാരെ വിലക്കി നാസ
text_fieldsവാഷിങ്ടൺ: യു.എസും ചൈനയും തമ്മിൽ ബഹിരാകാശ മത്സരം തീവ്രമാവുന്നതിന്റെ സൂചനകൾ നൽകി സാധുവായ വിസയുള്ള ചൈനീസ് പൗരന്മാരെ തങ്ങളുടെ പരീക്ഷണ പരിപാടികളിൽ ചേരുന്നതിൽ നിന്ന് നാസ വിലക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. ഈ നയമാറ്റം ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയും യു.എസിന്റെ സർക്കാർ ഏജൻസി സ്ഥിരീകരിക്കുകയും ചെയ്തു. ‘നമ്മുടെ ജോലിയുടെ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സൗകര്യങ്ങളിലേക്കും ശൃഖലകളിലേക്കും നിയമിക്കുന്നത് ഉൾപ്പെടെ ചൈനീസ് പൗരന്മാർക്കെതിരെ നാസ ആഭ്യന്തര നടപടികൾ സ്വീകരിച്ചതായി’ നാസ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ് പറഞ്ഞു.
ചൈനീസ് പൗരന്മാർക്ക് മുമ്പ് കോൺട്രാക്ടർമാരായോ ഗവേഷണത്തിന് സംഭാവന നൽകുന്ന വിദ്യാർഥികളായോ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ, സ്വന്തം ജീവനക്കാരായി നാസ നിയോഗിച്ചിരുന്നില്ല. എന്നാൽ, സെപ്റ്റംബർ 5ന് നിരവധി വ്യക്തികളെ പെട്ടെന്ന് ഐ.ടി സംവിധാനങ്ങളിൽ നിന്ന് പുറത്താക്കുകയും നേരിട്ടുള്ള മീറ്റിങ്ങുകളിൽ നിന്ന് വിലക്കപ്പെടുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിനു കീഴിൽ ചൈനക്കെതിരായ വാഗ്‍യുദ്ധങ്ങൾ അധികരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചന്ദ്രനിലേക്ക് ഗവേഷണ സംഘത്തെ അയക്കാൻ യു.എസും ചൈനയും മത്സരിക്കുന്ന പശ്ചാത്തലം കൂടിയുണ്ട്.
1969-72 കാലത്തെ അപ്പോളോ ദൗത്യത്തിന്റെ തുടർച്ചയായി യു.എസിന്റെ ‘ആർട്ടെമിസ് പ്രോഗ്രാം’ 2027ൽചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ചെലവ് വർധന മൂലം അതിന് കാലതാമസം നേരിടുകയാണ്. അതേസമയം, ചൈന 2030 ഓടെ തങ്ങളുടെ ദൗത്യത്തിനു കീഴിൽ ‘ടൈക്കോനോട്ടുകളെ’ ഇറക്കാൻ ലക്ഷ്യമിടുന്നു. സമയപരിധി പാലിക്കുന്നതിൽ അവർ കൂടുതൽ മുന്നോട്ടുപോവുകയും ചയ്തു.
രാജ്യമിപ്പോൾ രണ്ടാമത്തെ ബഹിരാകാശ മത്സരത്തിലാണെന്ന് നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി, ചൊവ്വയിൽ ഒരു യു.എസ് റോവർ ഉപയോഗിച്ച് നടത്തിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘നമുക്ക് മുമ്പ് ചന്ദ്രനിലേക്ക് എത്താൻ ചൈനക്കാർ ആഗ്രഹിക്കുന്നു. അത് സംഭവിക്കാൻ പോകുന്നില്ല. മുൻകാലങ്ങളിൽ അമേരിക്കയാണ് ബഹിരാകാശത്ത് നേതൃത്വം നൽകിയത്. ഭാവിയിലും അത് തുടരു’മെന്നും ഡഫി അറിയിച്ചു.