ആദ്യം ചന്ദ്രൻ, ചൊവ്വ പിന്നെ - പ്രഖ്യാപനത്തിൽനിന്ന് യൂടേൺ അടിച്ച് സ്പേസ് എക്സ്
text_fieldsചൊവ്വാ ഗ്രഹത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് മുന്നേറാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിൽനിന്ന് യൂടേൺ അടിച്ച് നേരെ ചന്ദ്രനിലേക്ക് പോവുകയാണ് സ്പേസ് എക്സ്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് തങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്ന ചൊവ്വയിലെ പരീക്ഷണങ്ങളിൽനിന്ന് തൽക്കാലം മാറുകയാണെന്നും ഇനി മുഖ്യ പരിഗണന ചന്ദ്രനിൽ ഒരു സ്വയംപര്യാപ്ത നഗരം നിർമിക്കുക എന്നതാണെന്നും അറിയിച്ചുകഴിഞ്ഞു. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ടെക് കോടീശ്വരൻ ഇലോൺ മസ്ക് ഈ അപ്‌ഡേറ്റ് പങ്കുവെച്ചത്.
വരുന്ന 10 വർഷത്തിനുള്ളിൽ ‘ചാന്ദ്രനഗരം’ എന്ന സ്പേസ് എക്സിന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനാവുമെന്നും അതേസമയം ചൊവ്വയിൽ ഒരു നഗരം നിർമിക്കാൻ ഇനിയും പതിറ്റാണ്ടുകളെടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്പേസ് എക്‌സ് ചൊവ്വ ദൗത്യത്തിന് മുൻഗണന നൽകുന്നില്ലെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത നൽകാൻ ആവശ്യപ്പെട്ട് ഒരാൾ എക്സിൽ എഴുതിയ കുറിപ്പിന് മറുപടിയായാണ് മസ്കിന്റെ പുതിയ വെളിപ്പെടുത്തലുകൾ.
‘സ്പേസ് എക്സ് ഇതിനകംതന്നെ ചന്ദ്രനിൽ ഒരു നഗരം നിർമിക്കുക എന്ന ദൗത്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകഴിഞ്ഞു. 10 വർഷത്തിനുള്ളിൽ ആ ദൗത്യം പൂർത്തിയാവും. ചൊവ്വാ ദൗത്യത്തിന് ഇരുപതിൽ കൂടുതൽ വർഷങ്ങളെടുക്കും. കൂടുതൽ നക്ഷത്രങ്ങളിലേക്ക് വ്യാപിക്കുക എന്നതുതന്നെയാണ് സ്പേസ് എക്‌സിന്റെ ദൗത്യം.
26 മാസത്തിലൊരിക്കൽ മാത്രമേ ചൊവ്വയിലേക്കുള്ള യാത്ര സാധ്യമാവൂ. അതിൽതന്നെ ആറു മാസത്തെ യാത്രാ സമയവും വേണം. എന്നാൽ ഓരോ 10 ദിവസത്തിലും ചന്ദ്രനിലേക്കുള്ള വിക്ഷേപണം സാധ്യമാവും. രണ്ടു ദിവസം മാത്രം മതി യാത്രാ സമയം. അതിനർഥം ചൊവ്വ നഗരത്തേക്കാൾ വളരെ വേഗത്തിൽ ഒരു ചാന്ദ്ര നഗരം പൂർത്തിയാക്കാൻ നമുക്ക് കഴിയും എന്നുതന്നെയാണ്. എന്നിരുന്നാലും, സ്പേസ് എക്സ് ചൊവ്വയിൽ നഗരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ഏകദേശം 5 മുതൽ 7 വർഷത്തിനുള്ളിൽതന്നെ ആരംഭിക്കും. എന്നാൽ പ്രധാന മുൻഗണന ചന്ദ്രനിലാണെന്നു മാത്രം -മസ്ക് കുറിച്ചു.


