ആദ്യ വാണിജ്യ ബഹിരാകാശ നിലയം യാഥാർഥ്യത്തിലേക്ക്; പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് സ്‌പേസ് എക്സ്
text_fieldsഫ്ലോറിഡയിലെ കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് 18 ഉപഗ്രഹങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് പറന്നുയരുന്ന ദൃശ്യം
ഫ്ളോറിഡ: സ്വകാര്യ ബഹിരാകാശ നിലയമെന്ന ലക്ഷ്യത്തിലേക്ക് നിർണായ ചുവടുവെപ്പുമായി എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ്. ‘ഹെവൻ’ എന്ന് പേരിട്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ നിലയത്തിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായതായി സ്‌പേസ് എക്സ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ഹെവൻ മാതൃകയടക്കം 18 ഉപഗ്രഹങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് പറന്നുയർന്നത്. ബാൻഡ്‌വാഗൺ -4 എന്ന് പേരിട്ടിരുന്ന ദൗത്യം ഫ്ലോറിഡയിലെ കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപിച്ചത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ വാസ്റ്റ് സ്പേസുമായി സഹകരിച്ച് വികസിപ്പിച്ച ഹെവന്റെ മാതൃകയാണ് ഞായറാഴ്ച വിശേഷിപ്പിച്ചത്.
ബഹിരാകാശ സ്റ്റേഷനിലെ ഫ്ലൈറ്റ് കമ്പ്യൂട്ടർ, നാവിഗേഷൻ സിസ്റ്റം തുടങ്ങിയ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തനം പരീക്ഷിച്ച് വിലയിരുത്തുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 2026 മധ്യത്തോടെ സ്വകാര്യ ബഹിരാകാശ നിലയമായ ‘ഹെവൻ-1’ വിക്ഷേപിക്കുമെന്ന് നേരത്തെ സ്‌പേസ് എക്സ് വ്യക്തമാക്കിയിരുന്നു. പ്രവർത്തനസജ്ജമായാൽ, ഒരേ സമയം നാല് ബഹിരാകാശയാത്രികരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയമായിരിക്കും ഹെവൻ-1.
ഹെവൻ മാതൃകക്കൊപ്പം ദക്ഷിണ കൊറിയയുടെ ഏജൻസി ഫോർ ഡിഫൻസ് ഡെവലപ്‌മെന്റ് (എ.ഡി.ഡി), ബെർലിനിലെ എക്സോലോഞ്ച്, തുർക്കിയിലെ ഫെർഗാനി സ്‌പേസ്, അമേരിക്കൻ കാലാവസ്ഥാ പ്രവചന കമ്പനിയായ ടുമാറോ കമ്പനീസ്, സ്റ്റാർക്ലൗഡ് എന്നിവരുടെ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിരുന്നു.
ബഹിരാകാശത്ത് നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നതാണ് സ്റ്റാർക്ളൗഡിന്റെ ഉപഗ്രഹം. ഇതിനായി പ്രത്യേകം നിർമിച്ച എൻവിഡിയയുടെ എച്ച്100 എ.ഐ ചിപ്പ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരുന്നു.
സൈനീക നിരീക്ഷണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എ.ഡി.ഡി വികസിപ്പിച്ച കൊറിയ സാറ്റലൈറ്റ് 425. വരുംദിവസങ്ങളിൽ ഹെവൻ മാതൃക ഉപഗ്രഹത്തിൽ സാങ്കേതിക പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് സ്‌പേസ് എക്സ് വിശദമാക്കി. ഉപഗ്രഹം ബഹിരാകാശത്ത് എങ്ങനെ നീങ്ങുന്നു, കമ്പ്യൂട്ടറുകളുടെ പ്രവർത്തനം, ദിശാനിർണയ സംവിധാനത്തിലെ കൃത്യത എന്നിങ്ങനെയുള്ള വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കും. ഇതിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാവും ഹെവൻ 1 ബഹിരാകാശ നിലയത്തിന്റെ വിക്ഷേപണം.


