സ്പേഡെക്സ് ദൗത്യം: രണ്ടാം ഡോക്കിങ് വിജയകരം
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ സ്പേഡെക്സ് ദൗത്യത്തിൽ രണ്ടാം തവണയും ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചു. നേരത്തെ ഒരു തവണ കൂട്ടിയോജിപ്പിക്കുകയും പിന്നീട് വേർപെടുത്തുകയും ചെയ്ത ഉപഗ്രഹങ്ങളെ വീണ്ടും ബഹിരാകാശത്തു ചേർത്തുവെച്ചാണ് ഐ.എസ്.ആർ.ഒ പരീക്ഷണം നടത്തിയത്.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന പേരിൽ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് സ്പേഡെക്സ് ദൗത്യം. ബഹിരാകാശ പേടകങ്ങളെ കൂട്ടിച്ചേർക്കാനും വിഘടിപ്പിക്കാനും കഴിയുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ഐ.എസ്.ആർ.ഒ ഇതുമായി ബന്ധപ്പെട്ട മറ്റു പരീക്ഷണങ്ങളിലാണ്. രണ്ടാഴ്ചക്കകം കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എക്സിൽ അറിയിച്ചു.
ഡിസംബർ 30നാണ് പി.എസ്.എൽ.വി സി 60 റോക്കറ്റുപയോഗിച്ച് ചേസർ (എസ്.ഡി.എക്സ് 01), ടാർഗറ്റ് (എസ്.ഡി.എക്സ് 02) എന്നീ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 16ന് രാവിലെ 6.20ന് ഭൂമിയിൽനിന്ന് 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽവെച്ച് ഇവയെ കൂട്ടിച്ചേർക്കുകയും (ഡോക്കിങ്) മാർച്ച് 13ന് രാവിലെ 9.20ന് ഇവയെ വേർപെടുത്തുകയും (അൺഡോക്കിങ്) ചെയ്തു.
ഉപഗ്രഹങ്ങൾ ഒന്നിച്ചുകഴിയുമ്പോഴും വേർപെട്ടു കഴിയുമ്പോഴും അവ തമ്മിലെ ഊർജ കൈമാറ്റം, ബംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കുമായുള്ള (ഇസ്ട്രാക്ക്) ആശയവിനിമയം തുടങ്ങിയവ നിരീക്ഷിച്ചുവരുകയായിരുന്നു. രണ്ടാമതൊരു ഡോക്കിങ് പ്രക്രിയ നടത്തിയ ശേഷമുള്ള സിഗ്നലുകളും പഠനവിധേയമാക്കും.