സ്പെഡെക്സ്: ഉപഗ്രഹങ്ങളെ വേർപെടുത്തി; ഐ.എസ്.ആർ.ഒക്ക് നേട്ടം
text_fieldsബംഗളൂരു: കൃത്രിമ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിച്ചേർക്കുകയും വേർപെടുത്തുകയും ചെയ്യുകയെന്ന നിർണായക നേട്ടവുമായി ഐ.എസ്.ആർ.ഒ. കഴിഞ്ഞ ജനുവരി 16ന് കൂട്ടിച്ചേർത്ത സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ വേർപെടുത്തൽ പ്രക്രിയ (അൺ ഡോക്കിങ്) വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എക്സിൽ അറിയിച്ചു. നേട്ടം കൈവരിച്ച ഐ.എസ്.ആർ.ഒ സംഘത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
ബഹിരാകാശ പേടകങ്ങളെ ആവശ്യത്തിനനുസരിച്ച് കൂട്ടിച്ചേർക്കാനും വിഘടിപ്പിക്കാനും കഴിയുന്ന സാങ്കേതിക വിദ്യ വിജയകരമായി നടപ്പാക്കിയതോടെ, ഭാവിയിൽ ചന്ദ്രയാൻ-നാല്, ഗഗൻയാൻ എന്നിവയടക്കമുള്ള നിർണായക ദൗത്യങ്ങൾക്കും സ്വന്തം ബഹിരാകാശ ഏജൻസിയെന്ന ഇന്ത്യയുടെ സ്വപ്നത്തിനും ഇതു വഴിതെളിക്കും.
കഴിഞ്ഞ ഡിസംബർ 30നാണ് പി.എസ്.എൽ.വി സി 60 റോക്കറ്റുപയോഗിച്ച് ചേസർ (എസ്.ഡി.എക്സ് 01), ടാർഗറ്റ് (എസ്.ഡി.എക്സ് 02) എന്നീ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 16ന് ഭൂമിയിൽനിന്ന് 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽവെച്ച് ഇവയെ കൂട്ടിച്ചേർത്തു. മൂന്നുതവണ പരാജയപ്പെട്ട ശ്രമം നാലാം തവണയാണ് വിജയംകണ്ടത്. ഇവയെ വേർപെടുത്തി സ്വതന്ത്ര ഉപഗ്രഹങ്ങളാക്കി ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കാനനുവദിക്കുന്ന അൺ ഡോക്കിങ് പ്രക്രിയക്കായി അനുയോജ്യമായ സാഹചര്യം കണ്ടെത്താൻ ഉപഗ്രഹത്തെ ബംഗളൂരു പീനിയയിലെ ഇസ്ട്രാക്കിൽനിന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരുകയായിരുന്നു. മാർച്ച് 10നും 25നും ഇടയിൽ അൺഡോക്കിങ് നടത്താൻ പദ്ധതിയിട്ട ഐ.എസ്.ആർ.ഒ വ്യാഴാഴ്ച രാവിലെ 9.20ന് ആദ്യശ്രമത്തിൽ തന്നെ അൺഡോക്കിങ് പൂർത്തിയാക്കി. ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് മുതൽക്കൂട്ടാവും.