ശുഭാൻഷു ശുക്ലക്ക് അശോക ചക്ര; പാലക്കാട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര
text_fieldsശുഭാൻഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ നായർ
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലക്ക് ഏറ്റവും ഉയർന്ന ധീരത അവാർഡായ അശോക ചക്ര. രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ നാല് യാത്രികരിൽ ഒരാളായ മലയാളി ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരടക്കം മൂന്നുപേർക്ക് രണ്ടാമത്തെ വലിയ ബഹുമതിയായ കീർത്തിചക്ര ലഭിച്ചു.
പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായ പ്രശാന്ത് ബാലകൃഷ്ണൻ നായർ. നടി ലെനയുടെ ഭർത്താവാണ്. മേജർ അർഷ്ദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നിവരാണ് കീർത്തിചക്ര പുരസ്കാരം ലഭിച്ച മറ്റുളളവർ.
70 സായുധ സേനാംഗങ്ങൾക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു ധീരതക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. ആറുപേർക്ക് മരണാനന്തര ബഹുമതിയാണ്. അശോക ചക്ര, മൂന്ന് കീർത്തി ചക്ര, 13 ശൗര്യ ചക്ര, മരണാനന്തര ബഹുമതി, 44 സേന മെഡലുകൾ എന്നിവ ഇതിലുൾപ്പെടുന്നു.


