തന്മാത്രഘടനയിൽ വാസ്തുവിദ്യയൊരുക്കി; മൂവർ സംഘത്തിന് രസതന്ത്ര നൊബേൽ
text_fieldsസ്റ്റോക്ഹോം: 2025 രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് ഗവേഷകർ പങ്കിട്ടു. രസതന്ത്രത്തിൽ പുതിയ ഗവേഷണ മേഖലകൾക്ക് വഴിതുറന്ന മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് എന്ന തന്മാത്ര ഘടന രൂപകൽപന ചെയ്തതിനാണ് സുസുമു കിറ്റാഗവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ബ്രിട്ടൻ), ഉമർ മുവന്നിസ് യാഗി (ജോർഡൻ) എന്നിവർ പുരസ്കാരത്തിന് അർഹരായത്. സുസുമു ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലും റോബ്സൺ മെൽബൺ യൂനിവേഴ്സിറ്റിയിലും ഉമർ കാലിഫോർണിയ സർവകലാശാലയിലും ഗവേഷകരാണ്.
ആധുനിക രസതന്ത്രത്തിലെ അത്ഭുത നിർമിതികളിലൊന്നാണ് മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് (എം.ഒ.എഫ്). മനുഷ്യനിർമിത പദാർഥങ്ങളിൽ നവീനമായ ഒന്നാണിത്. ലോഹ അയോണുകളെ നീളമുള്ള ഓർഗാനിക് തന്മാത്രകൾ ഉപയോഗിച്ച് പരസ്പരം ബന്ധിച്ചുണ്ടാക്കുന്ന ഘടനകളാണ് ഇവയെന്ന് സാമാന്യമായി പറയാം. ഇവ ഖരരൂപത്തിലാക്കുമ്പോൾ അതിനുള്ളിൽ ധാരാളം അറകളടങ്ങിയ ക്രിസ്റ്റലുകൾ രൂപപ്പെടുന്നു. ഈ പ്രത്യേക ഘടനകാരണം ഇവക്ക് പല വസ്തുക്കളേയും ആഗിരണം ചെയ്യാനും സൂക്ഷിച്ചുവെക്കാനും കഴിയും. ഈ സവിശേഷതയെ ശാസ്ത്രലോകം വിവിധ നിർമിതികൾ നടത്തി പ്രയോഗവത്കരിച്ചു. മരുഭൂമിയിൽ അന്തരീക്ഷവായുവിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് ജലം സംഭരിക്കുക; ഹൈഡ്രജൻ, കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ ആഗിരണം ചെയ്ത് സൂക്ഷിക്കുക; വിഷവാതകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രയോജനപ്രദമായ നിർമിതികൾ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്ക് എന്ന ആശയത്തിലൂടെ സാധ്യമായി.
‘സംഭരണി’കൾ എന്നതിനപ്പുറം, രാസപ്രവർത്തന വേഗംകൂട്ടുന്ന മികച്ച രാസത്വരകങ്ങളായും (കാറ്റലിസ്റ്റ്) ഇവ പ്രവർത്തിക്കുന്നു. 90കളിൽ ഇതിന് തുടക്കംകുറിച്ചത് റിച്ചാർഡ് റോബ്സൺ ആണ്. എം.ഒ.എഫിന്റെ ഒരു പ്രാഗ് രൂപം അദ്ദേഹം വികസിപ്പിച്ചു. നാല് വർഷത്തിനുശേഷം ഉമർ പൂർണമായൊരു എം.ഒ.എഫ് യാഥാർഥ്യമാക്കി. ഈ അന്വേഷണങ്ങളുടെ തുടർച്ചയിൽ കിറ്റാഗവ 1997ൽ കോഓഡിനേഷൻ പോളിമർ ഘടനകൾ കണ്ടെത്തി. ഹൈഡ്രജൻ സ്റ്റോറേജ്, കാർബൺ ഡൈ ഓക്സൈഡ് സ്റ്റോറേജ്, ബയോളജിക്കൽ ഇമേജിങ് തുടങ്ങി വിവിധ മേഖലകളിൽ എം.ഒ.എഫിന് പ്രയോഗസാധ്യതയുണ്ട്. ഗവേഷണങ്ങളെ കൂടുതൽ ത്വരിതപ്പെടുത്താൻ ഈ കണ്ടെത്തൽ സഹായകമായെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.
11 കോടി ഇന്ത്യൻ രൂപയാണ് സമ്മാനത്തുക. ഇത് മൂവരും തുല്യമായി പങ്കിടും. ഡിസംബർ 10നാണ് പുരസ്കാര ദാനം. വ്യാഴാഴ്ച സാഹിത്യ നൊബേൽ ജേതാവിനെ പ്രഖ്യാപിക്കും.
അഭയാർഥി ക്യാമ്പിൽനിന്നൊരു നൊബേൽ ജേതാവ്
ഉമർ മുവന്നിസ് യാഗി എന്ന ശാസ്ത്രജ്ഞൻ രസതന്ത്ര നൊബേൽ നേടുമ്പോൾ ലോകത്തെ മുഴുവൻ അഭയാർഥികൾക്കും അഭിമാനിക്കാവുന്നൊരു ചരിത്ര സന്ദർഭമായി അത്. നൊബേൽ ചരിത്രത്തിൽ ഇതാദ്യമാണ് അഭയാർഥിത്വ അനുഭവമുള്ളൊരാൾ ശാസ്ത്ര നൊബേൽ നേടുന്നത്. 2021ൽ സാഹിത്യ നൊബേൽ നേടിയ അബ്ദു റസാഖ് ഗുർനയും മുൻപ് അഭയാർഥിയായിരുന്നു.
ഫലസ്തീൻ വംശജനാണ് ഉമർ യാഗി. 1948ലെ ഇസ്രായേൽ അധിനിവേശത്തിൽ ജീവിതം പിഴുതെറിയപ്പെട്ടവരായിരുന്നു മാതാപിതാക്കൾ. 1965ൽ, ജോർഡൻ തലസ്ഥാനമായ അമ്മാനി ഫലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു ഉമറിന്റെ ജനനം. പിതാവ് അവിടെ കാലി മേച്ചും ബീഫ് സ്റ്റാൾ നടത്തിയും ഉപജീവന മാർഗം കണ്ടെത്തി. ആ കാലം പല അഭിമുഖങ്ങളിലും ഉമർ സ്മരിച്ചിട്ടുണ്ട്. ഒരൊറ്റ മുറിയിലാണ് 12 അംഗ കുടുംബം കഴിഞ്ഞത്. കുടിവെള്ളവും വൈദ്യുതിയുമൊന്നുമില്ലാത്ത ആ ദുരന്തപർവം അവസാനിച്ചത് 15ാം വയസിലെ യു.എസ് കുടിയേറ്റത്തോടെയാണ്. അറബി ഭാഷ മാത്രം വശമുള്ള ഉമറിന്റെ ഹുഡ്സൺ വാലിയിലെ ജീവിതവും ദുരന്തം നിറഞ്ഞതായിരുന്നു. എന്നാൽ, നിശ്ചയദാർഢ്യത്താൽ അവയെല്ലാം വകഞ്ഞുമാറ്റിയാണ് അദ്ദേഹം രസതന്ത്ര ചരിത്രത്തിന് നാന്ദികുറിച്ചത്. ഇലിനോയിസ്, ഹാർവാർഡ് സർവകലാശാലകളിൽനിന്നായി ഗവേഷണ പഠനം പൂർത്തിയാക്കിയ ഉമർ തൊട്ടടുത്ത വർഷങ്ങളിൽതന്നെ ഇപ്പോഴത്തെ പുരസ്കാരത്തിനർഹമായ കണ്ടെത്തൽ നടത്തി.