‘ചാന്ദ്രയുദ്ധ’ത്തിന്റെ കാലം
text_fieldsനീ ൽ ആംസ്േട്രാങ്ങിനെ അറിയാത്തവരുണ്ടാകുമോ? ചന്ദ്രനിൽ ആദ്യമായി കാലുകുത്തി ശാസ്ത്രചരിത്രത്തിൽ പുതിയ അധ്യായം തുറന്ന മഹാനാണ് ആംസ്േട്രാങ്. 1969 ജൂലൈ 20നാണ് അദ്ദേഹവും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയത്. അതിനുശേഷം, രണ്ടുവർഷത്തിനിടെ 15 പേർകൂടി ചാന്ദ്രയാത്ര നടത്തി. അതിൽ പത്തുപേർ അതിെൻറ ഉപരിതലത്തിൽ ഇറങ്ങുകയും ചെയ്തു. പല പരീക്ഷണങ്ങളും അവിടെ നടത്തി. ചിലർ അവിടേക്ക് കുഞ്ഞുകാറുകൾ (റോവറുകൾ ) കൊണ്ടുപോയി ചന്ദ്രോപരിതലത്തിൽ ഓടിച്ചു. അവിടെനിന്ന് പാറകളും മണ്ണും (റിഗോലിത്തുകൾ) ഭൂമിയിലേക്ക് കൊണ്ടുവന്നു. 300 കിലോഗ്രാം റിഗോലിത്തുകൾ ഭൂമിയിലെത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ആവിഷ്കരിച്ച അപ്പോളോ പദ്ധതി വഴിയായിരുന്നു ഇവരൊക്കെയും ചന്ദ്രനിലേക്ക് പറന്നത്. 1971നുശേഷം, നാസ ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ചില്ല. അപ്പോളോ പദ്ധതിയിലൂടെ ലഭിച്ച വിവരങ്ങളുടെ വിശകലനമാണ് പ്രധാനമായും പിന്നീട് നടന്നത്. മാത്രമല്ല, അവരുടെശ്രദ്ധ പിന്നീട് ചൊവ്വയിലേക്ക് പതിയുകയും ചെയ്തു. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളും ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിയെങ്കിലും അവിടേക്ക് ആരെയെങ്കിലും അയക്കാനുള്ള ധൈര്യം കാണിച്ചില്ല.
എന്നാൽ, 2010നുശേഷം ഒരിക്കൽകൂടി ശാസ്ത്രലോകം അതിന്റെ ഫോക്കസ് ചന്ദ്രനിലേക്ക് തിരിച്ചിരിക്കുന്നു. പണ്ട് സോവിയറ്റ് യൂനിയനും യു.എസും തമ്മിൽ ശീതയുദ്ധം നടന്നപ്പോഴാണ് അതിന്റെ ഭാഗമായി ‘ചാന്ദ്രയുദ്ധം’ അരങ്ങേറിയത്. അങ്ങനെയാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിലെത്തിയത്. ഇപ്പോൾ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടുമൊരു മത്സരത്തിന് ആരംഭം കുറിച്ചിരിക്കുന്നു.
അന്താരാഷ്ട്ര ചാന്ദ്രദിനം?
നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയത് യു.ടി.സി സമയക്രമം (Coordinated Universal Time) അനുസരിച്ച് 1969 ജൂലൈ 21ന് പുലർച്ച 12 മണി കഴിഞ്ഞാണ്. സാങ്കേതികമായി ജൂലൈ 21 എന്ന് പറയാമെങ്കിലും, ആഗോളതലത്തിൽ യു.എൻ ഉൾപ്പെടെ ഈ ചരിത്രദിനം അടയാളപ്പെടുത്തിയിട്ടുള്ളത് ജൂലൈ 20 എന്നാണ്. അതുകൊണ്ടുതന്നെ, ഈ ചരിത്രസംഭവത്തിന്റെ ഓർമപുതുക്കുന്ന ചാന്ദ്രദിനാചരണവും ജൂലൈ 20നാണ്.
ആർട്ടിമിസ്
2017ൽ യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നീ ഗവേഷണ സ്ഥാപനങ്ങളുടെക്കൂടിയുള്ള സഹകരണത്തോടെ നാസ ആരംഭിച്ച പദ്ധതിയാണ് ആർട്ടിമിസ്. ചന്ദ്രനിൽ ഒരിക്കൽകൂടി മനുഷ്യനെ ഇറക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അവസാനത്തെ മനുഷ്യ ചാന്ദ്രദൗത്യമായ അപ്പോളോ 17ന്റെ 50ാം വാർഷികമായിരുന്ന 2022ൽ ആർട്ടിമിസ് 1 എന്ന ആളില്ലാ പേടകം വിക്ഷേപിച്ചു. നവംബർ 16ന് ഒറിയോൺ എന്ന ബഹിരാകാശ പേടകവുമായി കുതിച്ച എസ്.എൽ.എസ് റോക്കറ്റ് നാലുദിവസത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽനിന്ന് ഒമ്പതിനായിരം കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലംവെച്ച് നിരവധി ചിത്രങ്ങളും വിഡിയോകളും പേടകം പകർത്തി. ഡിസംബർ 11ന് ഓറിയോൺ ഭൂമിയിൽ സുരക്ഷിതമായി പതിച്ചതോടെ ആദ്യഘട്ടം വിജയകരമായി.
രണ്ടാം ഘട്ടമായ ആർട്ടിമിസ് 2 വിക്ഷേപിച്ചത് 2026 ഏപ്രിൽ ഒന്നിനായിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിജയകരമായി വിക്ഷേപിച്ച ദൗത്യത്തിൽ യു.എസ് ബഹിരാകാശ സഞ്ചാരികളായ റെയ്ഡ് വിസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷലിസ്റ്റ്), കനേഡിയൻ സ്പേസ് ഏജൻസിയുടെ ജെറമി ഹാൻസൻ എന്നിവരാണ് ചന്ദ്രനിലേക്ക് പറക്കുന്നത്. ക്രിസ്റ്റീനയുടെ സാന്നിധ്യത്തോടെ ഇതാദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് തിരിച്ചുവെന്ന റെക്കോഡും ഈ ദൗത്യം സ്വന്തമാക്കി. പത്തുദിവസത്തെ ദൗത്യത്തിൽ യാത്രികർ ചന്ദ്രനിലിറങ്ങിയില്ല. പകരം, ചന്ദ്രനെചുറ്റി (ഫ്ലൈബൈ) 11ാം നാൾ ഭൂമിയിലേക്ക് മടങ്ങി. ഭൂമിയിൽനിന്ന് 406771 കിലോമീറ്റർ അകലെവരെ ഒറിയോൺ പേടകം സഞ്ചരിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രയാണിത്. ആർട്ടിമിസ് 3 അടുത്ത വർഷം വിക്ഷേപിക്കും. അതിലെ യാത്രികരും ചന്ദ്രനിലിറങ്ങില്ല. എന്നാൽ, 2028ൽ വിക്ഷേപിക്കുന്ന ആർട്ടിമിസ് 4ലെ യാത്രികർക്കായിരിക്കും ചന്ദ്രനിലിറങ്ങാനുള്ള ഭാഗ്യമുണ്ടാവുക. അതിന്റെ മുന്നൊരുക്കങ്ങളാണ് ഇപ്പോഴത്തെ യാത്രകൾ.
ചൈനയുടെ അതിവേഗ മുന്നേറ്റം
ചൈന കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബഹിരാകാശ രംഗത്ത് വൻ കുതിപ്പാണ് നടത്തിയത്. ബഹിരാകാശത്ത് മറ്റൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണവർ. തിയാങ്ഗോങ് എന്ന പേരിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിച്ച ചൈന 2021ൽതന്നെ അവിടേക്ക് മൂന്നു യാത്രികരെ എത്തിച്ചു. അതിനുശേഷവും അവിടെ ആളുകൾ സന്ദർശിച്ചു മടങ്ങി.
ചൈനയുടെ ചാന്ദ്രപദ്ധതിയാണ് ഷാങ്ങെ. 2021ൽ ഷാങ്ങെ-5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി. ഈ ദൗത്യത്തിലൂടെ, ചന്ദ്രന്റെ മറുവശത്ത് ലാൻഡർ ഇറക്കിയ ആദ്യ രാജ്യമെന്ന നേട്ടവും ചൈന സ്വന്തമാക്കി. 2030ന് മുമ്പായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് ചൈന അവകാശപ്പെടുന്നു. ചൈനീസ് ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കാനും പിന്നീട് റഷ്യയുമായി ചേർന്ന് അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുമാണ് ബെയ്ജിങ്ങിന്റെ ലക്ഷ്യം. അമേരിക്കയുടെ ആർട്ടിമിസ് പദ്ധതിക്ക് സമാന്തരമായ വലിയ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഒരുപക്ഷേ, അമേരിക്കക്കുമുമ്പേ ചൈന മനുഷ്യനെ ചന്ദ്രനിലിറക്കിയാലും അത്ഭുതപ്പെടാനില്ല.
നമ്മുടെ ചാന്ദ്രയാൻ
ചന്ദ്രയാൻ-3 വിജയത്തോടെ ഇന്ത്യ ആഗോള ബഹിരാകാശ ശക്തികളുടെ പട്ടികയിൽ പുതിയ സ്ഥാനം നേടി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം ഐ.എസ്.ആർ.ഒ സ്വന്തമാക്കി.
ഇപ്പോൾ ചാന്ദ്രയാൻ-4, ചാന്ദ്ര സാമ്പിൾ മടക്കിക്കൊണ്ടുവരുന്ന ദൗത്യങ്ങൾ, മനുഷ്യ ബഹിരാകാശ പദ്ധതി ഗഗൻയാൻ, ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങൾ എന്നിവയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യങ്ങൾ. കുറഞ്ഞ ചെലവിൽ ഉയർന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഇന്ത്യയുടെ മാതൃക ലോകം ശ്രദ്ധയോടെയാണ് കാണുന്നത്.
സ്വകാര്യ കമ്പനികളുടെ കാലം
മത്സരം ഇനി സർക്കാർ നിയന്ത്രിത ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കിടയിൽ മാത്രമല്ല. സ്വകാര്യ കമ്പനികളും വ്യക്തികളുമെല്ലാം ചാന്ദ്രദൗത്യത്തിനൊരുങ്ങുകയാണ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, ഫയർഫ്ലൈ എയ്റോ സ്പേസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ചാന്ദ്രദൗത്യങ്ങളിൽ സജീവമാണ്.


