വിമാനങ്ങൾക്ക് വെള്ള നിറം മാത്രം നൽകുന്നതെന്തുകൊണ്ട്? ഈ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ആ എയർലൈൻ?
text_fieldsവെള്ള നിറത്തിലല്ലാത്തൊരു വിമാനം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. ഡൊമസ്റ്റിക് ഫ്ലൈറ്റ് മുതൽ ഇന്‍റർനാഷൺ ഫ്ലൈറ്റ് വരെ മിക്കവാറും വിമാനങ്ങളുടെ നിറം വെള്ളയായിരിക്കും. ഒപ്പം അതത് കമ്പനികളുടെ ലോഗോയും. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല, മറിച്ച് ഒരു കാരണമുണ്ട്. സുരക്ഷ, ചെലവ്, യാത്രക്കാരുടെ സൗകര്യം ഇവയൊക്കെ കണക്കിലെടുത്താണ് വിമാനങ്ങൾക്ക് വെള്ള നിറം നൽകുന്നത്.
സൂര്യന്‍റെ ചൂടിൽ വിമാനങ്ങൾക്ക് ഏറെ നേരം ആകാശത്ത് പറക്കേണ്ടതുണ്ട്. ഈ സമയത്ത് വെള്ള നിറം സൂര്യ താപനില വിമാനത്തിനുള്ളിൽ കടക്കാതെ പ്രതിഫലിപ്പിച്ച് തിരിച്ചു വിടുന്നു. ഇരുണ്ട നിറമാണെങ്കിൽ ചൂട് ഉള്ളിലേക്ക് വലിച്ചെടുക്കും. അങ്ങനെ വന്നാൽ വിമാത്തിനുൾവശം തണുപ്പിക്കാൻ എയർകണ്ടീഷണറുകൾക്ക് കൂടുതൽ ഊർജം വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വെള്ള നിറം കമ്പനികൾക്ക് സാമ്പത്തിക ലാഭം നൽകുന്നു.
കേടുപാടുകൾ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്നതാണ് വെള്ള നിറത്തിന്‍റെ മറ്റൊരു ഗുണം. സുരക്ഷയാണ് എയർ ക്രാഫ്റ്റുകളിൽ ഏറ്റവും പ്രധാനം. ഓയിൽ ചോർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായാൽ വെള്ള പ്രതലത്തിൽ പെട്ടെന്ന് അറിയാൻ കഴിയും. ഇരുണ്ട നിറം ഇതിന് ബുദ്ധിമുട്ടാകും.
ഉയർന്ന ചൂട്, തണുപ്പ്, മഴ, ശക്തമായ കാറ്റ് എന്നിങ്ങനെ കാലാവസ്ഥാ മാറ്റങ്ങൾ എയർ ക്രാഫ്റ്റുകളുടെ ബോഡിയെ ബാധിക്കും . ഇരുണ്ട അല്ലെങ്കിൽ തീവ്രതയുള്ള നിറങ്ങൾ ഇത്തരം സാഹചര്യത്തിൽ വേഗം ഇളകിപ്പോകും. വെള്ള നിറം ഇവയെ അപേക്ഷിച്ച് കുറച്ചുകാലം കൂടി നിലനിൽക്കും. ഇതിലൂടെ കമ്പനികൾക്ക് സാമ്പത്തിക ലാഭം ലഭിക്കും. മാത്രമല്ല ഇടക്കിടക്ക് പെയിന്‍റ് ചെയ്യേണ്ടി വന്നാൽ ഓരോ ലെയറിലും 550 കിലോ അധിക ഭാരം കൂടും. ഇതു വഴി വിമാനങ്ങൾക്ക് കൂടുതൽ ഇന്ധനം ചെലവഴിക്കേണ്ടി വരും.
മറ്റൊന്ന് റീസെല്ലിങ്ങാണ്. പല കാരണങ്ങളാലും കമ്പനികൾക്ക് അവരുടെ വിമാനങ്ങൾ വിൽക്കുകയോ ലീസ് നൽകുകയോ ചെയ്യേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ വെള്ള നിറമായതിനാൽ അവർക്ക് ലോഗോ മാത്രം മാറ്റി നൽകിയാൽ മതിയാകും.
വെള്ളയാണ് ഏറ്റവും ഏളുപ്പം തിരിച്ചറിയാൻ കഴിയുന്ന നിറം. ഇത് ആകാശത്ത് കൂട്ടിയിടി ഒഴിവാക്കാൻ സഹായിക്കും. അടിയന്തിര സാഹചര്യങ്ങളിൽ വെള്ള നിറത്തിലുള്ള വിമാനമായിരിക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുക. പക്ഷികൾക്ക് ഇളം നിറങ്ങളാണ് വേഗം തിരിച്ചറിയാൻ കഴിയുക. ഇത്തരം സാഹചര്യങ്ങളിൽ പക്ഷികളുടെ കൂട്ടിയിടി ഒഴിവാക്കാൻ വെള്ള നിറം സഹായിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് ഒരേ ഒരു എയർലൈൻ മാത്രമാണ് ഇതിൽ നിന്ന് വ്യതിചലിച്ചിട്ടുള്ളത്. അത് ന്യൂസിലന്‍റിലെ എയർ ലൈനാണ്. ഇവിടുത്തെ വിമാനങ്ങളിൽ കറുത്ത നിറം നൽകുന്നത് 2007 മുതലാണ്. കറുപ്പ് ന്യൂസിലന്‍റിന്‍റെ ഔദ്യോഗിക നിറമായതാണ് ഇതിനു കാരണം. പാരമ്പര്യത്തിന്‍റെ ഭാഗമായി തുടങ്ങിയ ഈ പ്രവണത പിന്നീട് എല്ലാ തരത്തിലുള്ള എയർ ക്രാഫ്റ്റുകളിലും നൽകി വരികയാണ്.