ഇന്ന് കാണാം പൂർണ ചന്ദ്രഗ്രഹണം; ഭാഗിക ചന്ദ്രഗ്രഹണം രാത്രി 8.27ഓടെ ആരംഭിക്കും
text_fieldsമസ്കത്ത്: ആകാശ വിസ്മയവുമായി പൂർണ ചന്ദ്രഗ്രഹണം ഞായറാഴ്ച ദൃശ്യമകും. ഒരു മണിക്കൂറിലധികം നീണ്ടുനിൽക്കും. ഗ്രഹണം നിരീക്ഷിക്കുന്നതിനായി മസ്കത്തിലെ നിരവധി പ്രധാന സ്ഥലങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ഒമാൻ സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് അറിയിച്ചു. timeanddate.com അനുസരിച്ച്, ഒമാനിൽ ഭാഗിക ചന്ദ്രഗ്രഹണം രാത്രി 8.27 ഓടെ ആരംഭിക്കും.
പൂർണ ഗ്രഹണം രാത്രി 9.30 ഓടെ നടക്കും. space.com അനുസരിച്ച്, ഏഷ്യയിലും പടിഞ്ഞാറൻ ഓസ്ട്രേലിയയിലുടനീളമുള്ള ആകാശ നിരീക്ഷകർക്ക് പൂർണ ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതൽ അവസാനം വരെ മികച്ച കാഴ്ച ലഭിക്കും. എന്നാൽ യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലുള്ളവർക്ക് ചില ഘട്ടങ്ങൾ മാത്രമേ ദൃശ്യമാകുകയുള്ളു.
ചന്ദ്രഗ്രഹണം എന്നത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ, ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിക്കുന്നതിനാൽ ചന്ദ്രൻ ഭാഗികമായോ പൂർണ്ണമായോ മറയുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ഇത് പൂർണചന്ദ്രന്റെ സമയത്ത് മാത്രം സംഭവിക്കുന്നു. കാരണം അപ്പോൾ മാത്രമേ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ ഏകദേശം ഒരേ നേർരേഖയിൽ വരൂ.