ബഹിരാകാശത്ത് മനുഷ്യ വിസർജ്യങ്ങൾ എന്തു ചെയ്യും?
text_fieldsഇന്ത്യൻ വംശജൻ ശുഭാൻഷു ശുക്ലയും സംഘവും വിജയകരമായി അന്താരാഷ്ട്ര നിലയത്തിലെത്തിയ വാർത്ത നമ്മളൊക്കെ കണ്ടതാണ്. സുനിത വില്യംസ് ഉൾപ്പെടെ നിരവധി ബഹിരാകാശ സഞ്ചാരികൾ പല തവണകളായി ഈ നേട്ടം കൈവരിച്ചിട്ടുമുണ്ട്. ഭൂമിയിൽ ചെയ്യുന്ന പല ദൈനംദിന കാര്യങ്ങളും എങ്ങനെയാണ് ബഹിരാകാശ നിലയത്തിൽ ഇവർ കൈകാര്യം ചെയ്യുന്നുണ്ടാവുക. പ്രത്യേകിച്ചും മനുഷ്യ വിസർജ്യങ്ങൾ.
ഖര വിസർജ്യം പ്രത്യേകം തയാറാക്കിയ പ്ലാസ്റ്റിക് ബാഗുകളിലാക്കി മറ്റ് ഖരമാലിന്യങ്ങളുടെ കൂടെ മാലിന്യ സംഭരണത്തിനായി മാത്രം നിർമിച്ച ബഹിരാകാശ നിലയത്തിലെ ഭാഗത്ത് സൂക്ഷിക്കും. യാത്രികർക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന കാർഗോ പേടകങ്ങൾ തിരിച്ച് വരുമ്പോൾ ഈ മാലിന്യങ്ങൾ ശേഖരിക്കും. ഈ പേടകങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾതന്നെ കത്തിനശിക്കും.
പല ബഹിരാകാശ യാത്രികർക്കും ഭ്രമണപഥത്തിലെത്തി ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ സ്പേസ് അഡാപ്റ്റേഷൻ സിൻഡ്രോം, സ്പേസ് മോഷൻ സിക്ക്നെസ്സ് എന്നിവ അനുഭവപ്പെടും. ഇത് ഓക്കാനം, തലവേദന, ക്ഷീണം, ഛർദി എന്നിവയിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥകൾ നേരിടാനായി ബഹിരാകാശയാത്രികർ സ്പേസ് സിക്ക്നെസ്സ് ബാഗുകൾ കൊണ്ടുപോകും. ഗുരുത്വാകർഷണം ഇല്ലാത്ത അവസ്ഥക്കായി നിർമിച്ച ഇവ ബാർഫ് ബാഗുകൾ എന്നും അറിയപ്പെടുന്നു. ഖര വിസർജ്യം പോലെ, ഈ ബാഗുകളും കാർഗോ പേടകങ്ങൾ ശേഖരിക്കും.
ബഹിരാകാശ നിലയത്തിലെ ഏറ്റവും അമൂല്യമായ വസ്തു കുടിവെള്ളമാണ്. യാത്രികരുടെ മൂത്രം, വിയർപ്പ്, നിശ്വാസത്തിൽ നിന്നുള്ള ഈർപ്പം എന്നിവ ശുദ്ധീകരിച്ചുണ്ടാക്കുന്ന വെള്ളമാണ് നിലയത്തിലുള്ളവർ കുടിക്കാൻ ഉപയോഗിക്കുക. കേൾക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത ഉണ്ടാകുമെങ്കിലും ഭൂമിയിലുള്ള മിക്കവരും കുടിക്കുന്ന വെള്ളത്തെത്താൾ ശുദ്ധമാണിതെന്നാണ് നാസ പറയുന്നത്.
മനുഷ്യ വിസർജ്യങ്ങൾ വെള്ളം, ഊർജം, വളം എന്നിവയായി മാറ്റാൻ കഴിയുന്ന കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനായി ലൂണാർ ലൂ ചലഞ്ച് എന്ന പേരിൽ ഒരു മത്സരം തന്നെ നാസ നടത്തുന്നുണ്ട്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഉള്ള ദീർഘകാല ദൗത്യങ്ങൾ ലക്ഷ്യം വെച്ചാണിത്. 26 കോടി രൂപയോളമാണ് സമ്മാനത്തുക.