ജാൻവി ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികയാകുമോ?
text_fieldsശുഭാൻഷു ശുക്ല 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം തിരിച്ചെത്തി പുതിയ ചരിത്രം സൃഷ്ടിച്ച നേരം. അന്നേരം ഐ.എസ്.ആർ.ഒയും നാസയുമെല്ലാം ഒരുപോലെ ശ്രദ്ധിച്ച മറ്റൊരു പേരുണ്ട്. ജാൻവി ഡാങ്കെടി എന്ന 23കാരി. ആന്ധ്രയിലെ ഗോദാവരിയിൽനിന്നുള്ള ജാൻവി നാസയുടെതന്നെ ഒരു ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത് അതേ ആഴ്ചതന്നെയായിരുന്നു. നാലു വർഷത്തിനുള്ളിൽ ജാൻവിയുടെ യാത്ര യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രിക എന്ന വിശേഷണം അവർക്ക് സ്വന്തമാകും.
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രിയുടെ (ടി.എസ്.ഐ) ബഹിരാകാശ യാത്രികരുടെ പട്ടികയിലാണ് ജാൻവി ഇടംപിടിച്ചിരിക്കുന്നത്. 2029ൽ, അഞ്ച് മണിക്കൂർ നീളുന്ന ബഹിരാകാശ യാത്രക്കാണ് അവരിപ്പോൾ തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളത്. നാസയുടെ പ്രമുഖ ബഹിരാകാശ യാത്രികൻ വില്യം ആർതറാണ് യാത്രാ സംഘത്തെ നയിക്കുക.
പഞ്ചാബിലെ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയായ ജാൻവി, ചെറുപ്പത്തിലേ സ്വപ്നം കണ്ടത് ബഹിരാകാശ യാത്രികയാകാനാണ്. ഐ.എസ്.ആർ.ഒയുടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ള ജാൻവി, 2022ൽ പോളണ്ടിലെ അനലോഗ് അസ്ട്രോണറ്റ് ട്രെയിനിങ് സെന്ററിലേക്ക് (എ.എ.ടി.സി) തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്.
ഭൂമിയിൽതന്നെ ചന്ദ്രനും ചൊവ്വക്കും സമാനമായ ഇടങ്ങൾ ഒരുക്കി അവിടെ കഴിഞ്ഞ് പരീക്ഷണങ്ങൾ നിർവഹിക്കുന്ന ദൗത്യമായിരുന്നു അത്. സമാനമായ പരീക്ഷണം അവർ ഐസ്‍ലൻഡിലും നിർവഹിച്ചു. ഈ ദൗത്യത്തിന് നാസയുടെ പിന്തുണയുണ്ടായിരുന്നു. അതിന്റെ തുടർച്ചയിലാണ് അവർക്കിപ്പോൾ ടി.എസ്.ഐയുടെ പദ്ധതിയിലും ഇടം ലഭിച്ചത്.