‘പാമ്പുകടി മരണം പഴങ്കഥയാകുമോ’; രണ്ട് മിനിറ്റിനുള്ളിൽ വിഷബാധ സ്ഥിരീകരിക്കാം,‘സ്‌നേക്ക് വെനം റാപിഡ് ടെസ്റ്റ് കിറ്റ്’ പരീക്ഷണം അന്തിമഘട്ടത്തിൽ
text_fieldsതിരുവനന്തപുരം: ‘പാമ്പുകടി മരണം പഴങ്കഥയാകുമോ’; ഗവേഷകരുടെ പുതിയ പരീക്ഷണം വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. പാമ്പുകടിയേറ്റയാളുടെ രക്തം പരിശോധിച്ച് രണ്ട് മിനിറ്റിനുള്ളിൽ വിഷബാധ സ്ഥിരീകരിക്കാനാകുന്ന ‘സ്‌നേക്ക് വെനം റാപിഡ് ടെസ്റ്റ്’ കിറ്റിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഗർഭപരിശോധന കിറ്റിന്‍റെ അതേരൂപത്തിൽ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ടെസ്റ്റ് കിറ്റാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ബംഗളൂരുവിലെ ഭട്ട് ബയോടെക്കിലെ പ്രമുഖ ഗവേഷകൻ ഡോ. ശ്യാം ഭട്ട് വികസിപ്പിച്ച കിറ്റ് ഉടൻ വിപണിയിലെത്തുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. ബംഗളൂരുവിലെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിത്. പാമ്പുകടിയേറ്റുള്ള ആയിരക്കണക്കിന് മരണങ്ങൾ ഇതുവഴി കുറക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
ഒരുവർഷം ലോകത്താകെ ഒരുലക്ഷം പേരാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. അതിൽ 60 ശതമാനവും ഇന്ത്യക്കാരാണ്. അതിലും നല്ലൊരു ശതമാനം മരണങ്ങൾ കേരളത്തിൽ സംഭവിക്കുന്നു എന്നതാണ് വസ്തുത. 50 ലക്ഷത്തോളം പേർക്ക് പാമ്പുകടി ഏൽക്കാറുണ്ടെങ്കിലും പകുതിയും വിഷമില്ലാത്തയിനം പാമ്പുകളാണ്.
പാമ്പിൻ വിഷത്തിന് പ്രതിവിഷമുണ്ടെങ്കിലും പാർശ്വഫലങ്ങൾ കാരണം, വിഷബാധയേറ്റു എന്ന് സ്ഥിരീകരിക്കുമ്പോൾ മാത്രമാണ് ചികിത്സ തുടങ്ങുന്നത്. നേരിട്ടുള്ള ടെസ്റ്റുകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ വിഷബാധയേറ്റെന്ന് കണ്ടെത്താൻ പലപ്പോഴും കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്.
രോഗിയുടെ രക്തം പരിശോധിച്ച് രക്തം വാർന്ന് പോകുന്ന സമയവും രക്തം കട്ടപിടിക്കാനെടുക്കുന്ന സമയവും സാധാരണയെക്കാൾ ദീർഘമാണോ എന്ന് പരിശോധിക്കുന്നതിലൂടെയാണ് വിഷബാധ ഇപ്പോൾ സ്ഥിരീകരിക്കുന്നത്. എന്നാൽ പാമ്പ് കടിയേറ്റവരിലെ വിഷബാധാനിർണയം എളുപ്പത്തിൽ സാധ്യമാകുന്നതാണ് പുതിയ പരിശോധന രീതി.
കടിയേറ്റയാളുടെ രക്തം രണ്ട് തുള്ളി ഉപകരണത്തിലേക്ക് ഇറ്റിച്ചാണ് പരിശോധന. രണ്ടുമിനിറ്റിന് ശേഷം രണ്ടുവരകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ പരിശോധന പോസിറ്റീവ് ആണ്, അതായത് കടിയേറ്റത് വിഷപ്പാമ്പിൽ നിന്നായിരുന്നു എന്ന് സ്ഥിരീകരിക്കാം. രണ്ടാമത്തെ വര ദൃശ്യമാകുന്നില്ലെങ്കിൽ, അത് നെഗറ്റീവ് ആണ്. ലളിതമായി മനസിലാക്കാവുന്ന രീതിയിലാണ് കണ്ടുപിടിത്തം. വിവിധ ആശുപത്രി കളിലായി 300 രോഗികളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണങ്ങളിൽ കിറ്റ് 100 ശതമാനം കൃത്യത കാണിച്ചുവെന്നും ഡോ. ഭട്ട് അഭിമുഖത്തിൽ പറയുന്നു.
നിലവിൽ, പാമ്പുകടിയേറ്റാൽ വിഷം വേർതിരിച്ചറിയാൻ ഡോക്ടർമാർക്ക് ഒരു സ്റ്റാൻഡേർഡ് പരിശോധനയും ഇല്ല. അവർ അനുഭവത്തെയും രോഗിയുടെ ലക്ഷണങ്ങളുമാണ് ആശ്രയിക്കുന്നത്. വിഷം ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അത് 10-20 മിനിറ്റിനുള്ളിൽ പടരും. ഇത് പേശികളെ ബാധിക്കും. പാമ്പുകളുടെ വ്യത്യാസമനുസരിച്ച് മാറ്റങ്ങൾ ഉണ്ടാക്കും. ആ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ചികിത്സ നൽകുന്നത്.
കാസർകോഡ് സ്വദേശികൂടിയായ ഡോ. ഭട്ട്, ഗർഭ പരിശോധനകൾ, എച്ച്.ഐ.വി പരിശോധനകൾ, ഡെങ്കി കിറ്റുകൾ, ഹെപ്പറ്റൈറ്റിസ് കിറ്റുകൾ തുടങ്ങി നിരവധി രോഗനിർണയ കിറ്റുകൾ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ആ നീണ്ട പട്ടികയിലേക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് പാമ്പ് വിഷ പരിശോധന കിറ്റ്. കിറ്റിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. വിപണിയിൽ എത്തുമ്പോഴായിരിക്കും കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ ഉണ്ടാവുക.


