‘ഗോവിന്ദച്ചാമിയുടെ പുതിയ പേര് ചാർളി തോമസ് എന്നതിനു പകരം മുഹമ്മദ് കുട്ടി എന്നായിരുന്നെങ്കിൽ...’; പുതിയ പോസ്റ്റുമായി വിനായകൻ
text_fieldsകോഴിക്കോട്: ജയില്‍ ചാടിയ ബലാത്സംഗ- കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ചതിൽ പരിഹാസവുമായി നടൻ വിനായകൻ രംഗത്ത്. ഗോവിന്ദച്ചാമിയുടെ പുതിയ പേര് ചാർളി തോമസ് എന്നതിനു പകരം മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടുകയും മണിക്കൂറുകൾക്കകം പിടിയിലാകുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ‘ചാര്‍ളി തോമസ് ജയില്‍ ചാടി’, ‘ചാര്‍ളി തോമസ് പിടിയിലായി’ തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടി.വി നല്‍കിയിരുന്നത്.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം
ചത്തു പോയ ക്രിമിനൽ വക്കീൽ ഗോവിന്ദാച്ചാമിയുടെ വക്കാലത്ത് എടുക്കാൻ പണം തന്നത് ആരാണെന്നു പറഞ്ഞിട്ടില്ല. സ്വർഗത്തിലോ നരകത്തിലോ ഭൂമിയിലോ ഇരുന്ന് ക്രിമിനൽ വക്കീൽ ആ പേര് പറഞ്ഞിട്ടില്ല. ഭാഗ്യം ഗോവിന്ദച്ചാമിയുടെ പേര് ചാർളി തോമസ് എന്നായത്. ഇതിനു പകരം ഗോവിന്ദച്ചാമിയുടെ പുതിയ പേര് മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നു. ജയിൽ ജിഹാദ്, ക്രൈം ജിഹാദ്, ബ്ലാ ജിഹാദ്… കർത്താവേ, നാർക്കോട്ടിക് ജിഹാദ് അച്ചനേയും ഗോവിന്ദച്ചാമിയെന്ന ചാർളി തോമസിനേയും ക്രിമിനൽ വക്കീലായ ആളൂരിനെയും അയാളുടെ അമ്മയേയും ഉണ്ടെങ്കിൽ അയാളുടെ ഭാര്യയേയും മകളേയും പേരമകളേയും കാത്തോളണേ…
അതേസമയം ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ച ജനം ടി.വിക്കെതിരെ വിമർശനവുമായി സീറോ-മലബാർ സഭ രംഗത്തെത്തി. ഗോവിന്ദച്ചാമി ഒരിക്കൽ പൊലീസിന് വ്യാജമായി പേര് നൽകിയ ചാർളി തോമസ് എന്ന് പേര് പരാമർശിച്ചുകൊണ്ട് ജനം ടി.വി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ മനഃപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി സീറോ-മലബാർ സഭ മീഡിയ കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വർഗീയ വികാരങ്ങൾ ആളിക്കത്തിക്കാനാണ് ഇത് ഉപയോഗിച്ചതെന്നും പ്രേക്ഷകർക്കിടയിൽ മതവിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കാനുള്ള ശ്രമമാണെന്നും സീറോ-മലബാർ സഭ വ്യക്തമാക്കി.
പൊലീസ് ഫയലുകളിലും കോടതി വിധികളിലും സുപ്രീം കോടതി രേഖകളിലുമടക്കം ഗോവിന്ദച്ചാമി എന്ന പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചാർളി തോമസ് എന്ന അപരനാമം ഉപയോഗിക്കുന്നത് തുടരുന്ന ജനം ടി.വി, മാധ്യമപ്രവർത്തന നൈതികതയുടെയും ധാർമിക മര്യാദയുടെയും ലംഘനമാണ് നടത്തിയത്. ചാർളി, കൃഷ്ണൻ, രാജ്, രമേശ് എന്നിങ്ങനെ നിരവധി വ്യാജ പേരുകൾ പൊലീസിന് നൽകുന്ന പതിവ് ഗോവിന്ദച്ചാമിക്ക് ഉണ്ടായിരുന്നു. ആദ്യകാല പൊലീസ് റിപ്പോർട്ടുകളിൽ ചാർളി തോമസ് എന്ന അപരനാമം ഉപയോഗിച്ചിരിക്കാമെങ്കിലും തുടർന്നുള്ള അന്വേഷണത്തിലും നിയമനടപടികളിലും യഥാർത്ഥ പേരായ ഗോവിന്ദച്ചാമിയെന്നാണ് ഉപയോഗിച്ചത്. സുപ്രീം കോടതി അന്തിമ വിധിന്യായത്തിലും പേര് ഗോവിന്ദസ്വാമി എന്നാണ് രേഖപ്പെടുത്തിയതെന്നും സീറോ മലബാർ സഭ ചൂണ്ടിക്കാണിച്ചു.