എല്ലാവരും '80കളിലേക്ക്'; സോഷ്യൽ മീഡിയയിൽ പടർന്ന റെട്രോ തരംഗത്തിന് പിന്നിൽ എഐ 'ടൈം ട്രാവൽ'
text_fieldsഡിജിറ്റൽ യുഗത്തിന്റെ അതിവേഗ ഓട്ടത്തിനിടയിൽ നിന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പഴമയുടെ വസന്തത്തിലേക്ക് വച്ചുപിടിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ എവിടെ നോക്കിയാലും എൺപതുകളിലെ ക്ലാസിക് ഹെയർസ്റ്റൈലും ബെൽബോട്ടം മോഡൽ വസ്ത്രങ്ങളും വിന്റേജ് ചായക്കൂട്ടങ്ങളുമൊക്കെയായി നിൽക്കുന്ന ചിത്രങ്ങളുടെ പ്രളയമാണ്. എന്നാൽ ഒറ്റനോട്ടത്തിൽ അന്നത്തെ സ്റ്റുഡിയോകളിൽ പോയി എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന ഈ റെട്രോ മേക്കോവറുകൾക്ക് പിന്നിലെ യഥാർത്ഥ മാജിക് നിർമ്മിത ബുദ്ധി അഥവാ എഐ (AI) ആണെന്നതാണ് ഏറ്റവും രസകരമായ വസ്തുത.
ഒരു സാധാരണ സെൽഫിയോ ക്യാഷ്വൽ ഫോട്ടോയോ കൊടുത്താൽ നിമിഷനേരം കൊണ്ട് നമ്മളെ 80കളിലെ സിനിമാ താരങ്ങളെപ്പോലെയോ പ്രശസ്തമായ വിന്റേജ് സ്റ്റുഡിയോ പോർട്രെയ്റ്റുകളായോ മാറ്റിയെടുക്കാൻ എഐ ജനറേറ്ററുകൾക്ക് സാധിക്കുന്നു. സങ്കീർണ്ണമായ എഡിറ്റിംഗ് നൈപുധ്യമൊന്നുമില്ലാതെ തന്നെ ആർക്കും വളരെ എളുപ്പത്തിൽ ഇത്തരത്തിൽ എഐ ഉപയോഗിച്ച് വിന്റേജ് ചിത്രങ്ങൾ നിർമ്മിച്ചെടുക്കാം എന്നതാണ് ഈ ട്രെൻഡ് ഇത്രയധികം വൈറലാകാൻ കാരണം.
80കളിലെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ സ്റ്റുഡിയോ ലൈറ്റിംഗും, വാം കളർ ടോണുകളും, വിഎച്ച്എസ് ഫിൽട്ടറുകളും ഒക്കെ ചേരുന്നതോടെ ചിത്രങ്ങൾക്ക് കൃത്യമായ ഒരു പഴയകാല ലുക്ക് ലഭിക്കുന്നു. ഇതിനോടൊപ്പം ഇളയരാജയുടെയും ആർ.ഡി. ബർമന്റെയുമൊക്കെ കാലാതീതമായ ഗാനങ്ങൾ കൂടി പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി റീലുകൾ നിർമ്മിക്കുമ്പോൾ അതൊരു പൂർണ്ണമായ ടൈം ട്രാവൽ അനുഭവമായി മാറുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും വരെ ഈ എഐ ട്രെൻഡ് ഏറ്റെടുത്തു കഴിഞ്ഞു. എത്ര ടെക്നോളജി വളർന്നാലും മനുഷ്യന് നോസ്റ്റാൾജിയയോടുള്ള പ്രിയം മാറില്ലെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഈ പുതിയ തരംഗം.


