‘അന്ന് സ്‌കൂളിൽ പോകാൻ കുടയില്ല, ചിലപ്പോൾ വാഴയില മുറിച്ച് തലയിൽ ചൂടി നടക്കും; സൗജന്യ പുസ്തകമോ ഉച്ചഭക്ഷണമോ ഇല്ല, എന്നിട്ടും പഠിച്ചു’; ഓർമകൾ പങ്കുവെച്ച് എ.കെ. ബാലൻ
text_fieldsകോഴിക്കോട്: സ്കൂൾ, കോളജ് കാലത്തെ ഓർമകൾ പങ്കുവെച്ച് ഹൃദയഹാരിയായ കുറിപ്പുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. കുട്ടിക്കാലം മുതൽക്കുള്ള സൗഹൃദങ്ങളും അനുഭവങ്ങളും രാഷ്ട്രീയ ജീവിതവുമെല്ലാം ഫേസ്ബുക്കിലെ കുറിപ്പിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. കുട്ടിക്കാലത്തെ കർക്കടക മാസം പേടിസ്വപ്നമായിരുന്നു. അച്ഛന് ജോലിയുണ്ടാവില്ല. ഫലം അർദ്ധപട്ടിണിയും. സ്‌കൂളിൽ പോകാൻ കുടയില്ല. ചിലപ്പോൾ വാഴയില മുറിച്ച് തലയിൽ ചൂടി നടക്കും. പുസ്തകം നനയാതിരിക്കാൻ ഷർട്ടിന്റെയുള്ളിൽ തിരുകിവെക്കും. ഇന്നത്തെപ്പോലെ സൗജന്യ പുസ്തകമോ ഉച്ചഭക്ഷണമോ അന്നുണ്ടായിരുന്നില്ല. എന്നിട്ടും പഠിച്ചു; എൽഎൽബി വരെ. പിന്നീട് എംപിയായി, എംഎൽഎ ആയി, മന്ത്രിയായി. വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ഉന്നതതലത്തിലെത്തിയെന്നും എ.കെ. ബാലൻ കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
കർക്കടകം ഒന്നാം തീയതിയാണ് ഈ കുറിപ്പ് ഫേസ്‌ബുക്കിൽ ഇടാൻ തീരുമാനിച്ചത്. പക്ഷെ മൂന്ന് ദിവസം കൂടി കഴിഞ്ഞുപോയി. നല്ല മഴ കാരണം കോഴിക്കോട് കലക്ടർ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടിക്കാലത്ത് കർക്കടക മാസം പേടിസ്വപ്നമായിരുന്നു. അച്ഛന് ജോലിയുണ്ടാവില്ല. ഫലം, പട്ടിണിയും അർദ്ധപട്ടിണിയും. സ്‌കൂളിൽ പോകാൻ കുടയില്ല. നനഞ്ഞ് പോകും. ചിലപ്പോൾ അന്യന്റെ വീട്ടിൽ കയറി കാണാതെ വാഴയില മുറിച്ച് തലയിൽ ചൂടി നടക്കും. പുസ്തകം നനയാതിരിക്കാൻ ഷർട്ടിന്റെയുള്ളിൽ തിരുകിവെക്കും. ഇന്നത്തെപ്പോലെ സൗജന്യ പുസ്തകമോ ഉച്ചഭക്ഷണമോ അന്നുണ്ടായിരുന്നില്ല. എന്നിട്ടും പഠിച്ചു; എൽഎൽബി വരെ. പിന്നീട് എംപിയായി, എംഎൽഎ ആയി, മന്ത്രിയായി. വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ഉന്നതതലത്തിലെത്തി.
പൊതുപ്രവർത്തനത്തിനിടയിൽ പലപ്പോഴും ഞാൻ സൂചിപ്പിച്ചതാണ്, അമ്മയെക്കാണാൻ നാദാപുരത്ത് ചാലപ്പുറത്തെത്തുന്നത്. ഒരു ദിവസം അമ്മയോടൊപ്പം താമസിക്കും. പെട്ടെന്ന് പിരിയും. കുറെ ദിവസം കഴിഞ്ഞ് കണ്ട ശേഷം അമ്മയെ പിരിയുമ്പോഴുള്ള വിഷമം കാരണം മുഖത്തൊരു പ്രസന്നതയുമുണ്ടാവില്ല. വീണ്ടും അമ്മയെ കാണാൻ പോകും. അപ്പോൾ അമ്മ ചിലപ്പോൾ ആശുപത്രിയിലാവും. അമ്മ പറയും, “അധിക ദിവസം ഇവിടെ ഇരിക്കേണ്ട, പാർട്ടിക്കാർ മറന്നുപോകും”. ഇത് മുമ്പ് ഞാൻ സൂചിപ്പിച്ചതാണ്. ഇന്ന് അമ്മയില്ല. പൊതുജീവിതത്തിൽ തിരക്കില്ല. അങ്ങനെ ഒരു ദിവസത്തിലാണ് കർക്കടകം ഒന്നാം തീയതി നാദാപുരത്തുള്ള വീട്ടിലെത്തുന്നത്. അപ്പോഴാണ് സഖാവ് പി. ജയരാജൻ വിളിക്കുന്നത്. നാദാപുരത്ത് ഒരു വീട്ടിൽ പോകുന്നുണ്ട്. പോകുന്ന വഴിയിൽ എകെബിയുടെ വീട്ടിലെത്തും. ഉച്ചഭക്ഷണം വേണം.
ജയരാജൻ വന്നു. ഭക്ഷണത്തിനു ശേഷം, അസുഖമായിക്കിടക്കുന്ന ഏട്ടനെ കണ്ടു. മുമ്പ് ഞാൻ ലോ കോളജിൽ പഠിക്കുമ്പോൾ കാലിന് ഒരു ഓപറേഷൻ നടത്തി വീട്ടിൽ ചികിത്സയിലായിരുന്നു. ജയരാജൻ എന്നെ കാണാൻ വന്നു. വീട്ടിൽ ഒരു സൗകര്യവുമില്ല. തൊട്ടടുത്ത വീട്ടിൽ താമസിച്ചു. എന്റെ കാലിന് പരിക്ക് പറ്റാൻ കാരണം ബ്രണ്ണൻ കോളജ് ഹോസ്റ്റലിൽ ഒരു കെ.എസ്.യുക്കാരനുമായുള്ള ഏറ്റുമുട്ടലായിരുന്നു. “ദേശാഭിമാനി പത്രം അത് ആര് വായിക്കും? നുണപ്പത്രമല്ലേ”. ബ്രണ്ണൻ കോളജ് ഹോസ്റ്റലിൽ ആദ്യമായിട്ടാണ് ഞാൻ ദേശാഭിമാനി വരുത്തുന്നത്. ഇത് സഹിക്കാൻ കഴിയാതെയാണ് പ്രസ്തുത പരാമർശം കെ.എസ്.യുക്കാരൻ നടത്തിയത്. പെട്ടെന്നായിരുന്നു എന്റെ പ്രതികരണം. മല്പിടുത്തത്തിനിടയിൽ എന്റെ കാലിന് പരിക്ക് പറ്റി. ഒരു കാർട്ടിലേജ് ചതഞ്ഞ് പൊട്ടി. എതിരാളി ഒരു തടിമാടനായിരുന്നു. തുടർന്ന് ഞാൻ നടക്കുമ്പോൾ കുഴഞ്ഞുവീണു. പലപ്പോഴും വാഹനത്തിൽ കയറുമ്പോൾ കഠിനമായ വേദന. ഇതിന് പരിഹാരമായി ഓപറേഷൻ വേണമെന്ന നിർദേശം ഡോക്ടർമാരിൽ നിന്നുണ്ടായി. അങ്ങനെയാണ് ലോ കോളജിൽ പഠിക്കുമ്പോൾ സുഹൃത്ത് ഡോ. ചന്ദ്രശേഖരന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റാകുന്നത്.
ചന്ദ്രശേഖരൻ ബ്രണ്ണൻ കോളജിൽ സയൻസ് ഗ്രൂപ്പിൽ എന്റെ സഹപാഠി ആയിരുന്നു. പഠിക്കാൻ മിടുക്കൻ. പ്രീ ഡിഗ്രി കഴിഞ്ഞ ഘട്ടത്തിൽ തന്നെ മെഡിക്കൽ പ്രവേശനം ലഭിച്ചു. ഇപ്പോൾ സ. ചന്ദ്രശേഖരന്റെ ആരോഗ്യനില ക്ഷീണിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കാൻസറും വന്നു. തലശ്ശേരി തിരുവങ്ങാട്ടാണ് താമസം. കുറച്ചു ദിവസം മുമ്പ് ഞാനും ഭാര്യ ഡോ. ജമീലയും പോയി കണ്ടിരുന്നു. അപ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു. ഇപ്പോൾ കുറച്ചു ഭേദമുണ്ട്. കുറെ നേരം അടുത്തിരുന്ന് പഴയ ഓർമകൾ പങ്കുവെച്ചു.
പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ. കെ കെ രാഗേഷിന്റെ അമ്മ മരണപ്പെട്ടു. മുണ്ടേരി കാഞ്ഞിരോട് വീട്ടിൽ പോയി. ഈ വഴിയിലാണ് മീത്തലെ ചൊവ്വ. അവിടെ ഒരു പാരലൽ കോളജ് ഉണ്ടായിരുന്നു. പ്രതിഭ വിദ്യാഭവൻ. ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ എന്റെ സീനിയറായി പഠിച്ച ഭാസ്കരേട്ടനാണ്. ഇവിടെയാണ് അടിയന്തരാവസ്ഥ ഘട്ടത്തിൽ ഞാൻ താമസിച്ചത്. സ. കോടിയേരി ബാലകൃഷ്ണൻ പ്രീ ഡിഗ്രി പരീക്ഷ വീണ്ടും എഴുതുന്നതിന് ഇവിടെ വന്നിരുന്നു. എന്റെ ശുപാർശ പ്രകാരം ഭാസ്കരേട്ടൻ ഫീസ് വാങ്ങിയില്ല. ഇന്ന് ഈ പാരലൽ കോളേജ് ഇല്ല. കെട്ടിടം പൊളിയാറായി. സ. സഹദേവൻ ആരോഗ്യ കാരണങ്ങളാൽ കണ്ണൂരിൽ പൂർണ വിശ്രമത്തിലാണ്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ക്രൂരമായ പൊലീസ് മർദനത്തിനിരയായി. വായിൽനിന്ന് ചോര വാർന്ന് കണ്ണൂർ ഡി സി ഓഫീസിൽ അവശനായി വന്ന സഹദേവനെ ഓർത്തു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഘനഗംഭീരമായ അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല.
പാറാട്ടുള്ള മൂത്തമ്മയുടെ മകൾ അവശയായിരുന്നു. വർഷങ്ങൾക്കു മുമ്പ് കണ്ടതായിരുന്നു. കിടപ്പിലാണ്. മതിവരുവോളം എന്നോട് സംസാരിച്ചു. വീട്ടിനടുത്തുള്ള ഉറ്റ സുഹൃത്ത് ബാലൻമാഷ് വാർധക്യസഹജമായ രോഗം മൂലം മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചു. വീട്ടിൽ വരുമ്പോൾ കാണണം. അവിടെപ്പോയി. തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രമുണ്ട്. വളരെക്കാലം മുമ്പ് ഉത്സവം കാണാൻ പോയതാണ്. മനോഹരമായ ഒരു കുളമുണ്ട് അവിടെ. കുളത്തിന്റെ പടവിൽ കുറെ സമയമിരുന്നു. പഴയ ഉത്സവത്തിന്റെ ഓർമ്മകൾ-ഇളനീരാട്ടം, കലാ പരിപാടികൾ, ഘോഷയാത്ര ഒക്കെ വല്ലാത്ത അനുഭവങ്ങളായിരുന്നു. ഈ തെരുവിലെ കുട്ടികളിൽ വലിയൊരു ഭാഗം എൽ പി സ്‌കൂളിൽ എന്നോടൊപ്പം പഠിച്ചവരാണ്. പഠിപ്പിച്ച അധ്യാപകരും ഈ തെരുവിലെ അന്തേവാസികളാണ്. ചെണ്ട വാദ്യമേളക്കാർ അധ്യാപകർ തന്നെയാണ്. പ്രത്യേകിച്ച് വട്ടക്കണ്ടി കണ്ണൻ മാഷുടെ ചെണ്ടമേളം ആയിരങ്ങളെ ആകർഷിച്ചിരുന്നു.
അടുത്താണ് മുദാക്കര മുസ്ലിം പള്ളി. മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളും ഇവിടെ വന്നിരുന്നു. ഈ പള്ളിയിൽ നേർന്നാൽ ഗുണം കിട്ടുമെന്നാണ് ഐതിഹ്യം. മുദാക്കര തങ്ങൾ പ്രത്യേക സിദ്ധിയുള്ള മനുഷ്യനാണെന്ന് ജനങ്ങൾ വിശ്വസിച്ചു. പാരമ്പര്യമായുള്ള വിശ്വാസമാണ്. ഒരു കർക്കടകമാസത്തിൽ ഞാൻ ഒരണ പള്ളിയിൽ നേർന്നു. അന്ന് അത് ചെറുതല്ലാത്ത തുകയാണ്. കർക്കടക മാസത്തിൽ അച്ഛന് എല്ലാ ദിവസവും ജോലി ഉണ്ടാകാനാണ് നേർന്നത്. ആ കൊല്ലം പഞ്ഞ മാസത്തിൽ അച്ഛന് ജോലി ഏറെക്കുറെ എല്ലാ ദിവസവും കിട്ടി. പക്ഷെ നേർച്ചപ്പണം കൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് നേർച്ചപ്പണം ഭണ്ഡാരത്തിലിടാൻ കഴിഞ്ഞില്ല. മുദാക്കര തങ്ങളെ ഭയന്ന് കുറേക്കാലം ആ പള്ളി പരിസരത്തു കൂടി പോയില്ല.ഇപ്പോഴും ഭണ്ഡാരം എന്നെ നോക്കി കുടിശികക്ക് ചോദ്യം ചെയ്യുന്നപോലെ തോന്നും.
എന്റെ കൂടെ പഠിച്ച, യൂണിവേഴ്സിറ്റി പ്രഫസർ കേളു മാഷുടെ വീട്ടിൽ പോയി. ആദ്യമായാണ് പോകുന്നത്. വീടിന്റെയടുത്താണ്. രക്തസാക്ഷി സ. ഷിബിന്റെ അയൽവാസിയാണ്. പഠിക്കുമ്പോൾ കേളു മാഷ് നന്നായി പ്രസംഗിക്കും. നല്ല അധ്യാപകനായിരുന്നു. എന്റെ എല്ലാ വളർച്ചയിലും അഭിമാനം തോന്നിയ പ്രിയസുഹൃത്ത്. കേളു മാഷ് ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. തൊട്ടടുത്താണ് "ബംഗ്ളാവിന്മേൽ പീടിക". ചെറുപ്പത്തിൽ ഈ പീടികയിൽ സ്ഥിരമായി വന്നിരിക്കും. ബംഗ്ളാവ് എന്ന പേര് എങ്ങനെ വന്നുവെന്നറിയില്ല. ഏതെങ്കിലും നാടുവാഴി ഒരുപക്ഷെ ഇവിടെ ബംഗ്ളാവ് പണിതിട്ടുണ്ടാകും. ഇപ്പോൾ ബംഗ്ളാവിന്മേൽ പീടിക ഒരോർമ മാത്രം. പീടികയില്ല. ചുറ്റുമുള്ള വിശാലമായ വയലില്ല.
വയലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന മനോഹരമായ തോടില്ല. തോടിന്റെ വീതി കുറഞ്ഞു. വെള്ളം കരകവിഞ്ഞൊഴുകുന്നു. അഞ്ച് കിലോമീറ്റർ നീളവും അര കിലോമീറ്ററോളം വീതിയുമുണ്ടായിരുന്ന വയൽ വിസ്മൃതമായി. ഈ വയലിന്റെ ദൃശ്യം എത്ര വർണിച്ചാലും അധികമാവില്ല. അതിന്റെ ഒരറ്റത്തായിരുന്നു പീടിക. ഒപ്പം ഒരു പൊതുകിണറും. ഇപ്പോൾ കിണർഭിത്തി പൊട്ടിയിരിക്കുന്നു. ശുദ്ധമായ തെളിഞ്ഞ വെള്ളത്തിന് പകരം ഇളം ചുവപ്പു വെള്ളം. തൊട്ടടുത്ത് പുതുതായി നിർമിച്ച അയ്യപ്പക്ഷേത്രമാണ്. മുമ്പ് ഈ ക്ഷേത്രമുണ്ടായിരുന്നില്ല. ഇവിടെയാണ് 1968-69 ൽ ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് വലിയൊരു പൊതുയോഗം സംഘടിപ്പിച്ചത്. അതിന്റെ സംഘാടകൻ ഞാനായിരുന്നു. ഇപ്പോൾ അവിടെ അയ്യപ്പക്ഷേത്രമാണ്. ഇതിനു തൊട്ടടുത്താണ് പാട്യം ഗോപാലനും പിണറായി വിജയനും ഇതേ ഘട്ടത്തിൽ തന്നെ എന്റെ അഭ്യർത്ഥന പ്രകാരം പൊതുയോഗത്തിന് വന്നത്. ഇതിന്റെ സംഘാടകൻ അപ്പു മാഷാണ്. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. പിണറായി അന്ന് തലശ്ശേരി ഏരിയാ സെക്രട്ടറിയാണ്.
“കുനിയിൽ കുരുതി” പ്രസിദ്ധമായിരുന്നു. ഈ വയലിന്റെ ഒരറ്റത്തായിരുന്നു. ആടിനെയും കോഴിയേയും വെട്ടും. നേർച്ചക്കോഴികളെയും ആടിനെയും കുറച്ചകലെയുള്ള കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോകും. പിന്നീടാണ് കുരുതി. ഈ കുളിപ്പിക്കൽ ചടങ്ങിൽ ഞാൻ എത്രയോ തവണ പങ്കെടുത്തിട്ടുണ്ട്. കോമരത്തിന് വെട്ടാൻ ആടിനെയും കോഴിയേയും പിടിച്ചുകൊടുക്കുന്ന “മൂപ്പൻ” പ്രത്യേക പരിശീലനം കിട്ടിയ ആളാണ്. കോമരം വെട്ടുമ്പോൾ ഒന്ന് പിഴച്ചാൽ മൂപ്പരുടെ തല പോകും. ഇന്ന് പഴയ കുരുതിയില്ല. കുരുതിക്കു ശേഷമുള്ള ആടും കോഴിക്കറിയും പുഴുക്കുമില്ല. നല്ല മണവും രുചിയുമുള്ള ഈ ഭക്ഷണത്തിന്റെ പേര് “അരിങ്ങാട്” എന്നാണ്. ഇതും ഇന്ന് ഓർമ മാത്രം.
എന്നെ പഠിപ്പിച്ച കുഞ്ഞിരാമൻ മാഷ് കിടപ്പിലാണ്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട നല്ല അധ്യാപകനായിരുന്നു. സുന്ദരനായിരുന്നു. ഇന്ന് കണ്ടാൽ മനസ്സിലാവില്ല. നടക്കാൻ കഴിയില്ല. ശരീരമാസകലം കുത്തിവെച്ച കുറെ സൂചികളും വയറുകളും. പഴയ ഓർമകൾ പങ്കുവെച്ചു. പ്രത്യേകമായ രീതിയിൽ പഠിപ്പിക്കുന്ന മൊയ്തു മാഷ്‌ടെ പഠനരീതിയെക്കുറിച്ച് സംസാരിച്ചു. പിന്നീട് നെല്ലിയേരി ബാലന്റെ വീട് സന്ദർശിച്ചു. സൗമ്യനായ ബാലൻ ദീർഘകാലം സിപിഐഎം തൂണേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പഴയ തറവാട് വീട് മാറ്റമൊന്നുമില്ലാതെ നിൽക്കുന്നു. മുമ്പിലെ വയലുകളെല്ലാം മാഞ്ഞു. ജെറിൻ തൂണേരി എന്ന ചെറുപ്പക്കാരൻ എഴുതിയ കഥാസമാഹാരം, “പാതിരാപ്പുള്ള്” ഈ വീട്ടിൽവെച്ച് എനിക്ക് തന്നു. നല്ല കഥകളായിരുന്നു. ഈ കുട്ടി ഒരു നല്ല എഴുത്തുകാരനാകും. നല്ല ഭാവനയും നല്ല ക്രാഫ്റ്റുമാണ്.
അന്തരിച്ച ഒഞ്ചിയത്തെ കൃഷ്ണൻ. അദ്ദേഹത്തെ വിചാരണക്കോടതി വെറുതെ വിട്ടതാണ്. ഹൈക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. പരോൾ പോലും കിട്ടിയില്ല. പരിയാരം മെഡിക്കൽ കോളജിൽ വെച്ചാണ് മരണപ്പെട്ടത്. കൃഷ്ണന്റെ വീട് സന്ദർശിച്ചു. കൂടെ ഏരിയ സെക്രട്ടറി ബിനീഷും ഉണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടിലേക്കുള്ള വഴി പരിചിതമായി തോന്നി. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ സ്‌കൂൾ ലീഡർ ആയിരുന്നു. 55 വർഷം മുമ്പ് ബാലസംഘത്തിന്റെ ഒരു പൊതുയോഗത്തിന് സ. ആർ ഗോപാലൻ എന്നെ ക്ഷണിച്ചതനുസരിച്ച് ഇവിടെ വന്നിരുന്നു. സി എച്ച് മുഹമ്മദ്കോയയുടെ ഒരു വാചകം കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. “ജീവിതസായാഹ്നത്തിലേക്ക് കടക്കുമ്പോഴാണ് പഴയ വഴികളിൽക്കൂടി ഒന്നുകൂടി നടക്കാൻ തോന്നുക, പഴയ സുഹൃത്തുക്കളെ കാണാൻ തോന്നുക”.