അവിശ്വാസി, അന്ധവിശ്വാസി സംഗമവും കൂടി നടത്തിയാൽ കളറാകും -ഡോ. ജിന്റോ ജോൺ; ‘ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കഫിയ അണിഞ്ഞ പിണറായി ഇപ്പോൾ കറുപ്പണിയുന്നു’
text_fieldsകോഴിക്കോട്: അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഒരു അവിശ്വാസി സംഗമവും അന്ധവിശ്വാസി സംഗമവും കൂടി നടത്തിയാൽ മൊത്തത്തിൽ ഒന്ന് കളറാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ‘എല്ലാത്തിനും ഒരു ബാലൻസിങ് വേണമല്ലോ. കാരണം മാർക്സിസ്റ്റുകാർ മതനിരാസകരാണ്! 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നാണ് ഇവരുടെ ആത്മീയാചാര്യൻ മാർക്സ് പോലും പഠിപ്പിച്ചിട്ടുള്ളത്’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കഫിയ അണിഞ്ഞ പിണറായി അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് കറുപ്പണിയുന്നു എന്ന വ്യത്യാസമേയുള്ളൂ. അയ്യപ്പന്റെ കല്യാണവും കാഫിർ സ്ക്രീൻഷോട്ട് നിർമ്മാണവും നടത്തിയവർ എന്തണിഞ്ഞാലും അകമാസകലം സംഘപരിവാർ കാവിയിൽ പുതഞ്ഞിരിക്കയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും ജിന്റോ ജോൺ പരിഹസിച്ചു.
‘ലോകകേരള സഭ, ആഗോള സംഗമം, ടൈം സ്‌ക്വയർ കസേര, നവകേരള സദസ്സ്, പൗര പ്രമുഖ പ്രാതൽ തുടങ്ങിയ തട്ടിപ്പുകൾക്ക് സ്വയം തയ്യാറായുള്ള പല സ്പോൺസർമാരും പിണറായി പക്ഷത്തുണ്ടല്ലോ. മുഖ്യന്റെ കൂടെ പടമെടുക്കാനും ഇലയിട്ട് ഉണ്ണാനും ടോക്കണെടുത്ത് നിൽക്കുന്ന അത്തരം പ്രാഞ്ചിയേട്ടന്മാരുള്ളപ്പോൾ പണത്തിന് മുട്ടുണ്ടാവില്ല. കിട്ടുന്നതിൽ നല്ലപങ്കും 'ചില വായ' വകയിൽ കട്ടെടുക്കാനുമാകും. കണക്കുകൾ പുറത്ത് വിടാതിരുന്നാൽ സുതാര്യതയും ഉറപ്പാകും. കൂടുതൽ ചോദിച്ചാൽ കോടതികളെ ശുംഭൻമാർ എന്ന് വിളിച്ചാൽ അതും പൂർണ്ണമായി. അപ്പോൾ പിന്നെ കുറേ പള്ളിപ്പെരുന്നാളിന്റെ വെടിക്കെട്ടും കൂടി സർക്കാർ ചെലവിലും സ്വകാര്യ സ്പോൺസർഷിപ്പിലും നടത്തിയാൽ കൂടുതൽ ഗംഭീരമാകില്ലേ. പെരുന്നാൾ പ്രദക്ഷിണത്തിന്റെ മുൻപിൽ കുത്തുവിളക്കുമായി പിണറായി തന്നെ നിന്നാൽ അതിലും ചേലാകും.
പാർട്ടി സെക്രട്ടറി ഗോവിന്ദൻ കണിയാനെ കണ്ട് കവടി നിരത്തി നടപ്പാക്കുന്ന ഈ ബഹളങ്ങൾക്കിടയിൽ, പൂരം കലക്കിയ ആർഎസ്എസ് പോലീസ് അജിത്കുമാറിനേയും അയ്യപ്പന്റെ കല്യാണം നടത്തിയ പൂമരൻ സ്വരാജിനേയും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും സാധാരണക്കാർ മറക്കണമെന്നുള്ള സർക്കാർ വക ഒരു സർക്കുലർ സർക്കുലർ കൂടി പ്രതീക്ഷിക്കാവുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കഫിയ അണിഞ്ഞ പിണറായി അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് കറുപ്പണിയുന്നു എന്ന വ്യത്യാസമേയുള്ളൂ. അയ്യപ്പന്റെ കല്യാണവും കാഫിർ സ്ക്രീൻഷോട്ട് നിർമ്മാണവും നടത്തിയവർ എന്തണിഞ്ഞാലും അകമാസകലം സംഘപരിവാർ കാവിയിൽ പുതഞ്ഞിരിക്കയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.
അപ്പോഴും സെക്രട്ടറിയേറ്റിന് പുറത്ത് ഏഴ് മാസത്തിലധികമായി സമരം ചെയ്യുന്ന ആശാവർക്കർമാരും മാസങ്ങളായി ക്ഷേമപെൻഷൻ കിട്ടാത്തവരും രണ്ടുവർഷത്തോളമായി ക്ഷേമനിധി പെൻഷൻ കിട്ടാത്തവരും രൂക്ഷമായ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന മനുഷ്യരും ശമ്പളം മുടങ്ങുന്നവരും സർക്കാരിന്റെ കണ്ണിൽ പെടില്ല. സ്കൂളുകളിൽ ഉച്ചക്കഞ്ഞി വച്ച വകയിൽ കൂലി കിട്ടാത്തവരും ഉച്ചക്കഞ്ഞിക്ക് പണമില്ലാതെ നെടുവീർപ്പിടുന്ന അധ്യാപകരും കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും ആർഎസ്എസിന് അടിമവേല ചെയ്യുന്ന ആഭ്യന്തര വകുപ്പും പോലീസിന്റെ നിരന്തര മർദ്ദനങ്ങൾ ഏറ്റുവാങ്ങി വിലപിക്കുന്ന മനുഷ്യരും കൊള്ളയടിക്കപ്പെട്ട പൊതുഖജനാവും തകരുന്ന റോഡുകളും ഇടിഞ്ഞു വീഴുന്ന സർക്കാർ കെട്ടിടങ്ങളും മരുന്ന് ക്ഷാമം നേരിടുന്ന സർക്കാർ ആശുപത്രികളും സർവ്വത്ര പരാജയമായ സിസ്റ്റവും നമ്മളെ നോക്കി പല്ലിളിച്ചു കൊണ്ടിരിക്കും...
പിണറായി സർക്കാരിന്റെ 9 വർഷത്തെ നേട്ടങ്ങൾ എന്തെന്ന് ചോദിച്ചാൽ പലവിധ വിശ്വാസി സംഗമം നടത്തിയെന്ന് പറയാൻ പറ്റുമല്ലോ. ജീവിക്കാൻ വകയില്ലാതെ അലയുന്നവർക്കൊക്കെ ഉറക്കെ ശരണം വിളിച്ച് വിവിധ വിശ്വാസി സംഗമങ്ങളിൽ പങ്കെടുത്ത് സംതൃപ്തി പുൽകാമല്ലോ! പക്ഷേ ഇതൊന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അവസാനവട്ട ഓട്ടപ്പാച്ചിൽ ആണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കരുതെന്ന് പറയാനും കൂടി മറക്കല്ലേ സർക്കാർ വിലാസം സംഘാക്കളെ’ -ജിന്റോ ജോൺ കുറിപ്പിൽ പറഞ്ഞു.