'ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർഥിക്കണം'; കേരളം ലോകത്തിന് മാതൃകയാവുന്നതിൽ അഭിമാനമെന്ന് ബെന്യാമിൻ
text_fieldsബെന്യാമിൻ
കൊച്ചി: കേരളത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നവരെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. രാപകൽ നടന്ന് പ്രവർത്തിക്കാൻ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നതെന്നും അതിന് നിന്റെയൊക്കെ ഊച്ചാളി സർട്ടിഫിക്കറ്റ് ഞങ്ങൾ ജനങ്ങൾക്കാവശ്യമില്ലെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മവന്മാർ എല്ലാ ദേശത്തുമുണ്ടെന്നും ഇവറ്റകളെയും അക്കൂട്ടത്തിൽ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം വിമർശിച്ചു.
സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതി ദാരിദ്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാർഗ്ഗമില്ലെന്നും ബെന്യാമിൻ പറഞ്ഞു.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'കുറേ നളുകൾക്കു മുൻപ് ഒരു രാത്രി ഞാൻ ആലുവ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തിരിക്കുന്നു. അപ്പോൾ സർക്കാരിൽ നിന്ന് വിരമിച്ച ഒരു മുതിർന്ന ഉഗ്യോഗസ്ഥൻ വന്നുപരിചയപ്പെട്ടു. പല സംസാരങ്ങൾക്കിടയിൽ ഈ രാത്രി എങ്ങോട്ട് പോകുന്നു എന്നന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, നമ്മുടെ സംസ്ഥാനത്തിനെ അതിദാരിദ്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ അത് പ്രഖ്യാപിക്കും മുൻപ് വീണ്ടും ഒരിക്കൽ കൂടി ഫീൽഡിൽ ഇറങ്ങി സൂക്ഷ്മമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിൽ എന്തെങ്കിലും കുറവുകളോ പിഴവുകളോ വന്ന് ആരെങ്കിലും ഒഴിവായിപ്പോയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ദൗത്യം.
അതിനു വേണ്ടിയുള്ള ഒരു യാത്രയിലാണ്. അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ പ്രാഖ്യാപനം വരുമ്പോൾ ചിലർ എന്തെങ്കിലും ഒരു പിഴവ് കണ്ടെത്തി എതിർപ്പുമായി ചാടി വീഴാനിടയുണ്ട്. ആ പഴിത് കൂടി അടയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ആ സന്ദേഹം എത്ര കൃത്യമായിരുന്നു എന്ന് ഈ നല്ല ദിനത്തിൽ ചില എ സി റൂം ‘എലിവാണങ്ങൾ’ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷങ്ങളായി ഈ കേരളത്തിൽ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഢിത ശ്രേഷ്ഠർക്ക് ഇപ്പോൾ തെളിവ് വേണമത്രേ.
അയ്യോ ശ്രേഷ്ഠരേ, എ സി റൂമിൽ നിന്ന് ഒന്നിറങ്ങി ജനങ്ങൾക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാൽ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും. അങ്ങനെ രാപകൽ നടന്ന് പ്രവർത്തിക്കാൻ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നത്. അതിനു നിന്റെയൊക്കെ ഊച്ചാളി സർട്ടിഫിക്കറ്റ് ഞങ്ങൾ ജനങ്ങൾക്കാവശ്യമില്ല.
എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മവന്മാർ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തിൽ മാത്രം കണ്ടാൽ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതി ദാരിദ്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാർഗ്ഗമില്ല.'
അതി ദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം, പച്ചനുണകളുടെ കൂമ്പാരമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് പച്ചനുണയാണെന്ന് വി.ഡി സതീശൻ. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നത്. ഇത് സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പൊള്ളയായ പ്രഖ്യാപനമാണിത്. ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനായി മാത്രം സഭ ചേർന്നത്. പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും തെരഞ്ഞെടുപ്പിന്‍റെ തലേന്ന് ജനങ്ങളെ കബളിപ്പിക്കാലാണെന്നും വി.ഡി സതീശൻ പറഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു. അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുവെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
അതേസമയം, കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അതിദാരിദ്രമുക്ത സംസ്ഥാനമെന്നത്. നേരത്തെ തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷം പദ്ധതിയെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. പദ്ധതിയെ തട്ടിപ്പ് എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത് സ്വന്തം ശീലംവെച്ചാണെന്നും പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ മുഖേനേ വീട് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയവർക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സ്വന്തം ശീലം കൊണ്ടാണ് പ്രതിപക്ഷം പദ്ധതിയെ തട്ടിപ്പെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.


