ഇളനീർ തുണിയിൽകെട്ടി മർദിച്ച പൊലീസിനോട് ബി.ജെ.പി നേതാക്കൾ 10 ലക്ഷം കള്ളപ്പണം വാങ്ങി ഒത്തുതീർപ്പാക്കി, ഇടനിലനിന്ന നേതാവ് ഇന്ന് പ്രധാനപദവിയിൽ -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: പിണറായി വിജയൻ സർക്കാരിന്റെ പൊലീസ് നയത്തിനെതിരായി ഇത്ര വലിയ ജന വികാരം ഉണ്ടായിട്ടും സംസ്ഥാന ബി.ജെ.പി ഒരു ചെറുവിരൽ പോലും ഇതുവരെ അനക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് നേരിട്ടതിനേക്കാൾ ക്രൂരമായ മർദനം ബി.ജെ.പി പ്രവർത്തകൻ നേരിട്ടിരുന്നുവെന്നും എന്നാൽ, ഈ കേസ് 10 ലക്ഷം രൂപ വാങ്ങി തൃശൂരിലെ ബി.ജെ.പി നേതൃത്വം ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടുതന്നെ പിണറായി വിജയൻ സർക്കാരിൻറെ പൊലീസ് നയത്തിനെതിരായി പ്രതിഷേധിക്കാനുള്ള ധാർമിക അവകാശം ബി.ജെ.പിക്ക് നഷ്ടപ്പെട്ടതായും സന്ദീപ് വാര്യർ പറഞ്ഞു.
‘ബി.ജെ.പിയുടെ കുന്നംകുളം മുനിസിപ്പൽ പ്രസിഡന്റ് ആയിരുന്ന മുരളിയെയാണ് 2018ൽ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സി.ഐ. ഷാജഹാന്റെ നേതൃത്വത്തിൽ ഇളനീർ തുണിയിൽ കെട്ടി ക്രൂരമായി മർദിച്ചത്. പരിക്കേറ്റ മുരളിയുടെ ചിത്രവും എഫ്.ഐ.ആർ വിശദാംശങ്ങളും ഇന്നലെ പത്രസമ്മേളനത്തിൽ ഞാൻ പുറത്ത് വിട്ടിട്ടുണ്ട്. ആ കേസ് ബി.ജെ.പി നേതൃത്വം 10 ലക്ഷം രൂപ വാങ്ങി ഹൈകോടതിയിൽ ക്വാഷ് ചെയ്യിപ്പിച്ചു കൊടുത്തു. സർവിസിൽ നിന്ന് പുറത്താകാനിരുന്ന പൊലീസുകാരെ രക്ഷപ്പെടുത്തി. ഈ ഒത്തുതീർപ്പിന് ഇട നിലനിന്ന ബി.ജെ.പിയിലെ നേതാവ് ഇന്ന് പ്രധാനപ്പെട്ട പദവിയിൽ ഇരിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തുടനീളം പോലീസ് അതിക്രമത്തിനെതിരായി വലിയ ബഹുജന പ്രക്ഷോഭത്തിലാണ്. ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിരോധ സംഗമങ്ങൾ നടന്നു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്ന നിരവധി മാർച്ചുകൾക്ക് നേരെ പോലീസിന്റെ മർദ്ദനം അരങ്ങേറി. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഇത്ര വലിയ ജന വികാരം ഉണ്ടായിട്ടും പിണറായി വിജയൻ സർക്കാരിന്റെ പോലീസ് നയത്തിനെതിരായി സംസ്ഥാന ബിജെപി ഒരു ചെറുവിരൽ പോലും ഇതുവരെ അനക്കിയിട്ടില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ?
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ 20 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചപ്പോഴും പണം വാങ്ങാതെ നീതിക്കുവേണ്ടി പോരാടാനാണ് അവിടുത്തെ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്. അതിൻറെ ഫലമായാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്നു കാണുന്ന നിലയിലേക്ക് കേരളത്തിൽ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാൻ കാരണമായതും ആ സിസിടിവി ദൃശ്യങ്ങളായിരുന്നു.
എന്നാൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ അതിനു മുൻപ് നടന്ന ഇതിലും ക്രൂരമായ ഒരു മർദ്ദനം 10 ലക്ഷം രൂപ പോലീസുകാരിൽ നിന്ന് വാങ്ങി ഒത്തുതീർപ്പാക്കിയത് തൃശ്ശൂരിലെ ബിജെപി നേതൃത്വമായിരുന്നു. സൈബർ സംഘികളോട്, തെറി വിളിക്കാൻ വരട്ടെ, ഇത് എൻറെ ആരോപണമല്ല. ഇക്കഴിഞ്ഞ ദിവസം കുന്നംകുളം മുനിസിപ്പാലിറ്റി കൗൺസിൽ യോഗത്തിൽ ബിജെപിയുടെ കൗൺസിലർ ബിനു പ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പിണറായി വിജയൻ സർക്കാരിൻറെ പോലീസ് നയത്തിനെതിരായി പ്രതിഷേധിക്കാനുള്ള ധാർമിക അവകാശം ബിജെപിക്ക് നഷ്ടപ്പെട്ടു.
എൻറെ പോസ്റ്റ് വായിക്കുന്ന സാധാരണ ബിജെപി , ആർഎസ്എസ് പ്രവർത്തകരോടാണ്.. ഇക്കഴിഞ്ഞ ശബരിമല സമരകാലത്ത് വിവിധ കേസുകളിൽപെട്ടതിന്റെ പേരിൽ എത്രയോ ബിജെപി സംഘപരിവാർ പ്രവർത്തകർ ഫൈൻ അടയ്ക്കാൻ പണമില്ലാതെ നടക്കുമ്പോൾ ബിജെപി നേതൃത്വം കണ്ണടയ്ക്കുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും ഒരു പൈസ പോലും ഒരു സാധാരണ പ്രവർത്തകന് വേണ്ടി ചിലവാക്കിയിട്ടില്ല. അതേസമയം ലക്ഷക്കണക്കിന് രൂപ കള്ളപ്പണമായി ബിജെപി മുനിസിപ്പൽ പ്രസിഡന്റിന് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിൽ നിന്ന് വാങ്ങിയെടുത്ത് കേസ് ഒത്തുതീർപ്പാക്കി കൊടുക്കുകയും ചെയ്തു. ഇനിയും ഇത് ഈശ്വരീയ പ്രസ്ഥാനമാണ് എന്നൊന്നും പറഞ്ഞു ന്യായീകരണവുമായി വരരുത്.
അക്കാലത്ത് താനും ബിജെപി നേതൃത്വത്തിന്റെ ഭാഗമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, തീരുമാനമെടുക്കാൻ കഴിയുന്ന ഒരു സമിതിയിലും ഞാൻ ഉണ്ടായിരുന്നില്ല എന്നാണ്. വിവിധ കേസുകളിൽ പെട്ട എത്രയോ പ്രവർത്തകർക്ക് വിവിധ കേസുകൾ നടത്താനുള്ള പണവും സംവിധാനങ്ങളും നേരിട്ട് ചെയ്തുകൊടുത്തിട്ടില്ലേ എന്ന് അന്വേഷിച്ചു നോക്കിയാൽ മതി. തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ കേസുകളിൽ പെട്ട എത്രയോ സംഘടനാ പ്രവർത്തകരെ വിവിധ കാലഘട്ടങ്ങളിൽ സ്വന്തം വീട്ടിൽ ആഴ്ചകളോളം താമസിപ്പിച്ചിട്ടുണ്ട്. സാധിക്കുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്, കൂടപ്പിറപ്പുകളെ പോലെ ചേർത്ത് സംരക്ഷിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന എത്ര നേതാക്കന്മാർ ഇപ്പൊൾ ബിജെപിയിൽ ഉണ്ട് എന്നുകൂടി നിങ്ങൾ പരിശോധിക്കൂ.
വിഷയത്തിലേക്ക് തിരിച്ചു വന്നാൽ, ബി.ജെ.പിയുടെ കുന്നംകുളം മുനിസിപ്പൽ പ്രസിഡണ്ട് ആയിരുന്ന മുരളിയെയാണ് 2018ൽ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സി.ഐ. ഷാജഹാന്റെ നേതൃത്വത്തിൽ ഇളനീർ തുണിയിൽ കെട്ടി ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ മുരളിയുടെ ചിത്രവും എഫ്.ഐ.ആർ വിശദാംശങ്ങളും ഇന്നലെ പത്രസമ്മേളനത്തിൽ ഞാൻ പുറത്ത് വിട്ടിട്ടുണ്ട്. ആ കേസ് ബി.ജെ.പി നേതൃത്വം 10 ലക്ഷം രൂപ വാങ്ങി ഹൈകോടതിയിൽ ക്വാഷ് ചെയ്യിപ്പിച്ചു കൊടുത്തു. സർവിസിൽ നിന്ന് പുറത്താകാനിരുന്ന പൊലീസുകാരെ രക്ഷപ്പെടുത്തി. ഈ ഒത്തുതീർപ്പിന് ഇട നിലനിന്ന ബി.ജെ.പിയിലെ നേതാവ് ഇന്ന് പ്രധാനപ്പെട്ട പദവിയിൽ ഇരിക്കുന്നുണ്ട്.
വീണ്ടും പറയുന്നു ഇത് എൻറെ ആരോപണം മാത്രമല്ല. ബിജെപിയുടെ തന്നെ മുനിസിപ്പൽ കൗൺസിലർ കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തിയ കാര്യമാണ്.
പിണറായി വിജയനുമായി ബിജെപിക്കുള്ള ബന്ധം നിങ്ങൾക്കും എനിക്കും അറിയുന്നതാണ്. പിണറായി വിജയൻ സർക്കാരിനെതിരായി ഒരു സമരം പോലും ചെയ്യാൻ ബിജെപി കേരള ഘടകം തയ്യാറല്ല. ഈ അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കോൺഗ്രസിനെ പരാജയപ്പെടുത്താൻ വേണ്ടിയാണെങ്കിൽ, നിങ്ങളാണ് ഇനി പരാജയപ്പെടാൻ പോകുന്നത്.
കാലത്തിൻറെ ചുവരെഴുത്ത് വായിക്കാതെയാണ് കേരളത്തിലെ ബിജെപിക്കാർ മുന്നോട്ടുപോകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടി കിട്ടാൻ പോകുന്നത് പിണറായി വിജയൻറെ ദുർഭരണത്തിന് മാത്രമല്ല അതിനു ചൂട്ടുപിടിക്കുന്ന ബിജെപിക്ക് കൂടിയായിരിക്കും.