Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘എന്റെ പിതാവിന്റെ...

‘എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്താൻ ഇത്തരം വാക്കുകൾക്ക് ആവില്ല’ -ചാനൽ അവതാരകന്റെ പരാമർശത്തെ കുറിച്ച് ചാണ്ടി ഉമ്മൻ

text_fields
bookmark_border
‘എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്താൻ ഇത്തരം വാക്കുകൾക്ക് ആവില്ല’ -ചാനൽ അവതാരകന്റെ പരാമർശത്തെ കുറിച്ച് ചാണ്ടി ഉമ്മൻ
cancel

കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗ വാർത്തക്കിടെ ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്ത് ചാനൽ അവതാരകൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. ജന മനസുകളിൽ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്തുവാൻ ഇത്തരം വാക്കുകൾക്ക് ആവി​ല്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

‘രണ്ടു വർഷങ്ങൾക്കു മുമ്പ് വിനായകൻ തന്റെ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോൾ അത് അയാളുടെ സ്വാതന്ത്ര്യം ആണെന്നായിരുന്നു എന്റെ നിലപാട്. ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുൺ കുമാർ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാൻ ഉള്ള സ്വാതന്ത്ര്യം ന്യൂസ് എഡിറ്റർ ശ്രീ അരുൺ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട്. ജന മനസുകളിൽ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓർമകൾക്ക് ഭംഗം വരുത്തുവാൻ ഇത്തരം വാക്കുകൾക്ക് ആവില്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ’ -ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ആരാധ്യനായ ഉമ്മൻ ചാണ്ടി യുടെയും ബഹുമാന്യ സഖാവ് വി എസ് അച്യുതനന്ദന്റെയും അന്ത്യ വിശ്രമ സ്ഥലങ്ങൾ തമ്മിൽ താരതമ്യം ചെയ്യേണ്ട ആവിശ്യം ഇല്ലെന്ന് പുണെ ചിഞ്ച്‍വാഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. തോമസ് ഫിലിപ്പോസ് അഭിപ്രായപ്പെട്ടു. ‘ഉമ്മൻ ചാണ്ടിയുടെ കബറിടത്തിന് ഇത്ര പ്രാധാന്യം കിട്ടിയതിൽ എഴുതി തള്ളാൻ പറ്റാത്ത ഒരു കാര്യം ഉണ്ട്. അദ്ദേഹം അടക്കപ്പെട്ട സ്ഥലത്തിന്റെ പ്രാധാന്യം. അത് പുതുപ്പള്ളി പള്ളിയാണ്. നൂറ്റാണ്ടുകൾ പഴക്കം ഉള്ള മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം ആണ്. പരിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥത തേടി അനേകായിരങ്ങൾ പ്രാർത്ഥനക്കായി എത്തുന്ന ദേവാലയം ആണത്. ഉമ്മൻ ചാണ്ടി മാമോദീസ മുങ്ങി വളർന്നു അവസാനം അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളി. പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനക്കായി എത്തുന്ന വിശ്വാസികൾ അവരുടെ നേതാവിന്റെ കബറും സന്ദർശിക്കുന്നത് സ്വാഭാവികം’ -അദ്ദേഹം ചാണ്ടി ഉമ്മന്റെ കുറിപ്പിന് താഴെ എഴുതിയ കമന്റിൽ പറഞ്ഞു.

‘ഉമ്മൻ ചാണ്ടി ദൈവ വിശ്വാസി ആയിരുന്നു. ആയത് കൊണ്ട് അദ്ദേഹത്തെ ഒരു പള്ളിയിൽ അടക്കം ചെയ്തു. സഖാവ് വി.എസ് തികഞ്ഞ യുക്തി വാദിയും കമ്മ്യൂണിസ്റ്റ്‌ നേതാവും ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ചുടുകാട്ടിൽ ദഹിപ്പിച്ചു. ഓർത്തഡോക്സ്‌ വിശ്വാസം അനുസരിച്ചു കബറടക്കപ്പെട്ട ഉമ്മൻ ചാണ്ടിയുടെ കബറിൽ തിരി കത്തിക്കുക എന്നത് ഓർത്തഡോക്സ് വിശ്വാസം ആണ്. ദൈവ വിശ്വാസി അല്ലാത്ത സഖാവിന്റെ സ്മാരകത്തിൽ മെഴുകുതിരി കത്തിച്ചില്ലെങ്കിലും ഇനി മുതൽ എല്ലാ വർഷവും രക്ത പുഷ്പങ്ങൾ സമർപ്പിച്ചു ആ ഓർമ്മ മാങ്ങാതെ നിലനിർത്തും. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ ആളുകൾ മുടങ്ങാതെ വരുന്നതിൽ ആണ് ചിലർക്ക് രോക്ഷം. അതിൽ ആരും നിരാശപ്പെട്ടിട്ട് കാര്യം ഇല്ല. അദ്ദേഹം ജനങ്ങളാൽ സ്നേഹിക്കപ്പെട്ട നേതാവ് ആയിരുന്നു. അദ്ദേഹവും അവരെ സ്നേഹിച്ചു. ആയത് കൊണ്ട് തന്നെ അവർ അദ്ദേഹത്തിന്റെ കബറിടം തേടി എത്തും’ -അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥും പ്രതികരണവുമായി രംഗത്തെത്തി. ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല,സർവ്വമതസ്ഥരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാനും മെഴുകുതിരി കത്തിച്ചിട്ടുണ്ട്, കഴിഞ്ഞ ദിവസം പോയപ്പോഴും അനേകം അന്യമതക്കാർ പുതുപ്പള്ളി പള്ളിയിൽ മെഴുകുതിരി കത്തിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. പിന്നെ മെഴുകുതിരി കത്തിക്കുന്നവർ എന്തോ ബുദ്ധി കുറഞ്ഞവർ ആണെന്ന് തോന്നുന്നെങ്കിൽ അതു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നവരുണ്ട്’ -ശബരീനാഥ് വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

‘മെഴുകുതിരികളും മുദ്രാവാക്യങ്ങളും -ഡോ. അരുണിന് ഒരു തുറന്ന കത്ത്’

ബുദ്ധിജീവികൾ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ പൊള്ളത്തരമാണ് ഇന്നലെ ഡോ:അരുൺകുമാറിന്റെ റിപ്പോർട്ടിങ്ങിന്റെ ഒരു ശകലത്തിൽ ഞാൻ കേട്ടത്. ആദ്യമേ തന്നെ ഉമ്മൻ ചാണ്ടി സാറിന്റെ അന്ത്യയാത്രയും VS ന്റെ അന്ത്യയാത്രയും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. ഒരിടത്തു പ്രാർഥനയോടെ ആളുകളുടെ മിഴിനിറഞ്ഞെങ്കിൽ മറ്റൊരിടത്തു നിറകണ്ണുകളോടെ മുഷ്ഠിചുരുട്ടി അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. കേരളത്തിൽ രാഷ്ട്രീയരംഗത്തുള്ള അതികായർക്ക് ജനം നൽകുന്ന സ്നേഹമാണ് അതിൽനിന്ന് ഉൾക്കൊള്ളേണ്ടത്.

അരുണിന്റെ താരതമ്യം ഇങ്ങനെയാണ് “മെഴുകുതിരികൽ കത്തിച്ചു ആരും അത്ഭുതങ്ങൾക്ക് വേണ്ടി പ്രാർത്ഥന നടത്തില്ല, ഭക്തജനപ്രവാഹം എന്ന് സമുദായപത്രങ്ങൾ വെണ്ടക്ക നിരത്തുകയില്ല”. ഈ ശുദ്ധ അസംബന്ധം പറഞ്ഞ വ്യക്തിയുടെ മനസ്സിന്റെ ഇരുട്ട് ഇവിടെ വ്യക്‌തമാണ്. മെഴുകുതിരി കത്തിക്കുന്നവർ മോശക്കാർ, താൻ ഒഴികെയുള്ള മാധ്യമങ്ങൾ എല്ലാം മോശക്കാർ!“

അങ്ങേയുടെ അറിവിലേക്കായി, ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല,സർവ്വമതസ്ഥരുമുണ്ട്. ഞാനും മെഴുകുതിരി കത്തിച്ചിട്ടുണ്ട്, കഴിഞ്ഞ ദിവസം പോയപ്പോഴും അനേകം അന്യമതക്കാർ പുതുപ്പള്ളി പള്ളിയിൽ മെഴുകുതിരി കത്തിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. പിന്നെ മെഴുകുതിരി കത്തിക്കുന്നവർ എന്തോ ബുദ്ധി കുറഞ്ഞവർ ആണെന്ന് തോന്നുന്നെങ്കിൽ അതു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നവരുണ്ട്.

അതോടൊപ്പം ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് വെണ്ടക്ക നിരത്തിയതിൽ മാതൃഭൂമിയും കേരളകൗമുദിയും മാധ്യമവും വീക്ഷണവും പിന്നെ നിങ്ങളുടെ പോലെ ധാരാളം മതമില്ലാത്ത ചാനലുകൾ ഉണ്ട്.

ഇടതുപക്ഷ ബുദ്ധിജീവികളുടെ ഒരു പ്രശ്നമിതാണ് -നിങ്ങൾക്ക് മനസിലാകാത്തത് എല്ലാം മോശം, അതു ചെയ്യുന്നവർ എല്ലാം പിന്തിരിപ്പൻമാർ.

അരുൺ ഡോക്ടറെ, ഇത്തരത്തിലുള്ള വിചാരവും ഒരു തീവ്രസവർണതയാണ്. രാവിലെയും വൈകിട്ടും ചാനലിൽ ചായകുടിച്ചുകഴിഞ്ഞുള്ള ഇടനേരത്ത് ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക.

ശബരി

Show Full Article
TAGS:Chandy Oommen Oommen Chandy Kerala News Malayalam News 
News Summary - Chandy Oommen on the channel anchor's remarks about oommen chandy
Next Story