Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightവ്യക്തിത്വ-പെരുമാറ്റ...

വ്യക്തിത്വ-പെരുമാറ്റ പരിശീലനം, സ്പെഷൽ ക്ലാസുകൾ, സ്കൂൾ ബസ് ഫീസ്; ചൈനയിൽ വളർത്തുനായയെ സ്കൂളിലയക്കാൻ യുവതി മാസം ചെലവാക്കുന്നത് 1.6 ലക്ഷം രൂപ

text_fields
bookmark_border
Pet school
cancel

ബെയ്ജിങ്: ചൈനയിൽ ഒരു യുവതി തന്റെ വളർത്തുനായയെ കിൻഡർഗാർഡനിൽ അയക്കുന്നതിനായി ഒരു മാസം ചെലവഴിക്കുന്നത് 1.6 ലക്ഷം രൂപ. ഷാങ്ഹായ് യിൽ താമസിക്കുന്ന ടാവോട്ടാവോ എന്ന യുവതിയുടെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ജോലി തിരക്കുമൂലമാണ് യുവതി ആറുമാസം പ്രായമായ സമോയിഡ് നായയെ സ്കൂളിൽ ചേർത്തതെന്നും നല്ല ശീലങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യ​മെന്നും ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിമാസം 12,000 യുവാൻ, അതായത് 1,62,950 രൂപയാണ് നായുടെ ഡേകെയർ- സ്കൂൾ ചെലവ്. വ്യക്തിത്വ വിലയിരുത്തലുകൾ, പെരുമാറ്റ പരിശീലന സെഷനുകൾ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവയാണ് നായ്ക്ക് സ്കൂളിൽനിന്ന് ലഭിക്കുക. വീട്ടിലേക്ക് പോകുന്നതിനും വരുന്നതിനുമുള്ള സ്കൂൾ ബസ് എന്നു വിശേഷിപ്പിക്കുന്ന പിക്കപ്പിന്റെ ചാർജും ഇതിൽ ഉൾപ്പെടും. കൂടാതെ അധിക ഫീസ് നൽകിയാൽ ‘പേരന്റ് -ചൈൽഡ്’ സെഷനുകൾ, ട്രാൻസ്​പോർട്ട് സർവിസുകൾ തുടങ്ങിയവയും നൽകും. ഇവക്ക് പുറമെ ഭക്ഷണത്തിന് പ്രത്യേക ബില്ലാണ് നൽകുക. സാധാരണയായി ജോലിയിൽ നല്ല തിരക്കാണെന്നും അതിനാൽ നായ്ക്കൊപ്പം അധികം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് കിൻഡർഗാർഡനിൽ​ ചേർ​ത്തതെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

പരിശീലനത്തോടൊപ്പം പരിചരണം, ആരോഗ്യ നിരീക്ഷണം, വൃത്തിയാക്കൽ, സാമൂഹികവൽക്കരണം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പൂർണ്ണ സേവന കേന്ദ്രമാണ് ഈ കിൻഡർ ഗാർഡൻ. ഉടമകൾക്ക് ഓൺലൈൻ സംവിധാനങ്ങൾ വഴി തങ്ങളുടെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സാധാരണ ദിവസങ്ങളിൽ 20 മുതൽ 30 വരെ വളർത്തുമൃഗങ്ങളെയാണ് ഇവിടെ പരിപാലിക്കുന്നതെന്നും സീസൺ സമയങ്ങളിൽ 100 ലധികം വളർത്തുമൃഗങ്ങളെ പരിപാ​ലിക്കേണ്ടി വരാറുണ്ടെന്നും ഷാങ്ഹായ് യിലെ ഒരു പെറ്റ് സ്കൂൾ സ്ഥാപകനായ ചെൻ പറയുന്നു. നഗരങ്ങളിലെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചെലവ് 2025ൽ 312.6 ബില്ല്യൺ യുവാനാണ്. ഈ വർഷം അത് 405 ബില്ല്യൺ യുവാൻ കടക്കുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമിതമായ കുരക്കൽ, ചാടൽ, മോശം ടോയ്‌ലറ്റ് ശീലങ്ങൾ തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വളർത്തുമൃഗങ്ങളെ കൃത്യമായ ദിനചര്യ പരിശീലിപ്പിക്കുന്നതിനും പ്രത്യേക കേന്ദ്രങ്ങൾ ചൈനയിലുണ്ട്. ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ അടിസ്ഥാന ഡേകെയർ ഓപ്ഷനുകൾക്ക് പ്രതിമാസം 1,000 യുവാൻ ചെലവാകും. അതേസമയം മിഡ്-ടയർ സേവനങ്ങൾക്ക് 3,000 മുതൽ 6,000 യുവാൻ വരെയാണ് ചെലവ്. കൂടാതെ ടാവോട്ടാവോ തിരഞ്ഞെടുത്തത് പോലുള്ള ഉയർന്ന നിലവാരമുള്ളവക്ക് പ്രതിമാസം 10,000 യുവാൻ വരെ ചെലവാകും. അതേസമയം, നായുടെ ഡേ കെയർ ചെലവ് പുറത്തുവന്നതോടെ പലരും അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങളുമായി രംഗത്തെത്തി. വളർത്തുമൃഗങ്ങളുടെ പരിചരണത്തിന് ചെലവാക്കുന്ന തുകയിൽ അസൂയ പങ്കുവെക്കുകയായിരുന്നു കൂടുതൽ പേരും.

Show Full Article
TAGS:Chinese Woman pet dog school fees 
News Summary - Chinese woman spends Rs 1.6 lakh every month on pet dogs school
Next Story