Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഅയാളുടെ മുഖത്തെ...

അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ്‌ ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തം -വി.ടി. ബൽറാം

text_fields
bookmark_border
അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ്‌ ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തം -വി.ടി. ബൽറാം
cancel
camera_alt

ക്രൈസ്തവ ആരാധനാലയത്തിൽ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി. വി.ടി. ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽനിന്നുള്ള ദൃശ്യം

പാലക്കാട്: ഫാഷിസത്തിന്‌ ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂവെന്നും ഊഴപ്പട്ടികയിൽ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത്‌ പ്രസക്തമേയല്ലെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ക്രൈസ്തവ ആരാധനാലയത്തിൽ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദിയുടെ വിഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ക്രിസ്തുമത വിശ്വാസികളുടെ സംഗമം നടക്കുന്ന ഹാളിൽ അതിക്രമിച്ചുകയറിയ സംഘം ജയ്ശ്രീറാം മുഴക്കുന്നതും ​വൈദികനെ അടക്കം ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. യേശുവിനെയും ബൈബിളിനെയും കന്യാമറിയത്തെയും ഇവർ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുമുണ്ട്.

‘ഹിംസാത്മകതയുടേയും അപരവിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രം തങ്ങൾക്കുമേൽ പിടിമുറുക്കുന്നത്‌ ആദ്യം തിരിച്ചറിയേണ്ടത്‌ ഇവിടുത്തെ ഹിന്ദുക്കൾ തന്നെയാണ്‌. അതിനെ പ്രതിരോധിക്കേണ്ടതും മറ്റാരെക്കളും അവരുടെ തന്നെ ഉത്തരവാദിത്തമാണ്‌. ക്രിസ്മസ്‌ കാലത്ത്‌ കേക്കും മാതാവിന്‌ കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാൻ കൃസ്ത്യാനികൾക്കും കഴിഞ്ഞാൽ നന്ന്’ -ബൽറാം കുറിച്ചു.

അതിനിടെ, ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടിരുന്നു. മതവും പാരമ്പര്യവും സംരക്ഷിക്കാൻ ആ​ഘോഷത്തിൽനിന്ന് പിന്മാറണമെന്നാണ് കടയുടമകളോടും ഷോപ്പിംഗ് മാൾ നടത്തിപ്പുകാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങ​ളോടും സംഘടന ആവശ്യപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെക്കാലമായി സംഘടിത മതപരിവർത്തന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, മറ്റ് വിശ്വാസങ്ങളുടെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നത് അവയ്ക്ക് സമൂഹത്തിൽ സ്വീകാര്യത നൽകുമെന്നും വി.എച്ച്.പി ഇന്ദ്രപസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത ഡിസംബർ 13 ന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഹിന്ദുക്കളോട് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വാണിജ്യ നേട്ടങ്ങൾക്കായി ഹാപ്പി ക്രിസ്മസ്, മെറി ക്രിസ്മസ് തുടങ്ങിയവ കൊണ്ട് ഹിന്ദുക്കൾ തങ്ങളുടെ കടകൾ അലങ്കരിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും വി.എച്ച്.പി ചൂണ്ടിക്കാട്ടി. ഇത്തരം കടകളിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നും സംഘടന നിർദേശിച്ചു.

ക്രിസ്മസ് ആഘോഷിക്കുകയോ 'ഹാപ്പി ക്രിസ്മസ്' അലങ്കാരങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ഷോപ്പിങ് മാളുകളുടെയും സ്കൂളുകളുടെയും മാനേജ്മെന്റിന് തങ്ങൾ കത്ത് അയക്കുമെന്ന് വിഎച്ച്പി അറിയിച്ചു. സംഘർഷമോ ശത്രുതയോ ഉണർത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇതെന്നും ‘സമാധാനപരമായ സാംസ്കാരിക ഉണർവ്’ വളർത്തുക എന്നതാണ് ലക്ഷ്യമെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു.

‘ക്രിസ്ത്യൻ മിഷനറിമാർ നമ്മുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യുന്നു. അവർ മതപരിവർത്തനം നടത്തുന്നു. അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കത്ത് തയാറാക്കിയത്’ -സുരേന്ദ്ര ഗുപ്ത ‘ദി വയറി’നോട് പറഞ്ഞു. ‘മതപരിവർത്തനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇവിടെ എത്തുന്നവരാണ് മതധ്രുവീകരണത്തെ കുറിച്ച് ചിന്തിക്കേണ്ടത്. ഇന്ത്യയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സഭ പരസ്യമായി പ്രഖ്യാപിക്കണം. എങ്കിൽ അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല. പരസ്യമായി രോഗശാന്തി സേവനങ്ങൾ നടത്തുകയും, മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരപരാധികളെ മതപരിവർത്തനം നടത്തുകയും ചെയ്താൽ നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ നമുക്ക് അവകാശമില്ലേ?’ -അദ്ദേഹം ചോദിച്ചു.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:

അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, വാക്കുകളിലെ വെറുപ്പ്‌ നോക്കൂ,

ശരീരഭാഷയിലെ അക്രമോത്സുകത നോക്കൂ..

ഇതാണ്‌ ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം. ഇതാണ്‌ ഹിന്ദുത്വ രാഷ്ട്രീയം.

എന്നാൽ ഇതല്ല ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളുടെ സാധാരണ ഗതിയിലുള്ള സ്വഭാവം. ഹിംസാത്മകതയുടേയും അപരവിദ്വേഷത്തിന്റേയും ഒരു പ്രത്യയശാസ്ത്രം തങ്ങൾക്കുമേൽ പിടിമുറുക്കുന്നത്‌ ആദ്യം തിരിച്ചറിയേണ്ടത്‌ ഇവിടുത്തെ ഹിന്ദുക്കൾ തന്നെയാണ്‌. അതിനെ പ്രതിരോധിക്കേണ്ടതും മറ്റാരെക്കളും അവരുടെ തന്നെ ഉത്തരവാദിത്തമാണ്‌.

ക്രിസ്മസ്‌ കാലത്ത്‌ കേക്കും മാതാവിന്‌ കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാൻ കൃസ്ത്യാനികൾക്കും കഴിഞ്ഞാൽ നന്ന്.

എത്രയോ തവണ, എത്രയോ ആളുകൾ പറഞ്ഞിട്ടുള്ള ഒരു ചരിത്ര വസ്തുത വീണ്ടുമാവർത്തിക്കുന്നു:

ഫാഷിസത്തിന്‌ ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയിൽ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത്‌ പ്രസക്തമേയല്ല.

Show Full Article
TAGS:VT Balram Sangh Parivar Christians attacked VHP 
News Summary - vt balram against sangh parivar
Next Story