കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌പരിവാറിനേക്കാൾ ആവേശം സിപിഎമ്മിന് -വി.ടി. ബൽറാം
text_fieldsപാലക്കാട്: കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ് പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘പോറ്റിയേ കേറ്റിയേ...’ പാരഡിപ്പാട്ടിന്‍റെ അണിയറ ശിൽപ്പികൾക്കെതിരെ സി.പി.എം രംഗത്തുവരികയും പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി വരെ ഈ പാട്ട് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് മാധ്യമം പ്രസിദ്ധീകരിച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബൽറാം ‘കൃത്യം, കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ് പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്’ എന്ന് ഫേസബുക്കിൽ കുറിപ്പിട്ടത്.
തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായി മാറിയെന്ന് വിലയിരുത്തിയ ‘പോറ്റിയേ കേറ്റിയേ...’ പാരഡിപ്പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബർ പൊലീസ് കേസെടുത്തത്. ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിങ്ങനെ നാലുപേരെ പ്രതിചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രസാദിന്‍റെ പരാതിയിൽ ഗാനരചയിതാവിന്‍റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേർത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തി മതസൗഹാർദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
നവമാധ്യമങ്ങൾ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിർമിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തർക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു.
പിന്നാലെ, കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് അയ്യപ്പന്‍റെ പേര് പരാമർശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.


