തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്
text_fieldsഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങള്‍ പ്രചരിക്കുന്നത് കാറ്റിന്റെ വേഗതയിലാണ്. സോഷ്യല്‍ മീഡിയ, വാര്‍ത്താ സൈറ്റുകള്‍, മെസേജിങ് ആപ്പുകള്‍ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകള്‍ വാര്‍ത്തകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നു. എന്നാല്‍, ഇതിനിടയിലൂടെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നു. ഇത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. തെറ്റായ വിവരങ്ങള്‍ / അറിവുകള്‍ പ്രചരിപ്പിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ്.
മിസ്ഇന്‍ഫര്‍മേഷനും ഡിസ്ഇന്‍ഫര്‍മേഷനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. മിസ്ഇന്‍ഫര്‍മേഷന്‍ എന്നത് തെറ്റായ വിവരങ്ങള്‍ അറിയാതെ പ്രചരിപ്പിക്കുന്നതാണ്. ഉദാ: ഒരു വാര്‍ത്തയുടെ തെറ്റായ വ്യാഖ്യാനം അല്ലെങ്കില്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അറിയാതെ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, ഡിസ്ഇന്‍ഫര്‍മേഷന്‍ ബോധപൂര്‍വം ചെയ്യുന്നതാണ്. സാധാരണയായി രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ തങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനോ, സ്പോണ്സര്ഷിപ്പുകള് നേടാനോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. മാജിക് ഡയറ്റ് പ്ലാനുകളോ അത്ഭുത ചികിത്സകളോ പ്രചരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. ഇത്തരം തെറ്റായ ക്ലെയിമുകള്‍ ആളുകളെ വഞ്ചിക്കുകയും, അവരുടെ ആരോഗ്യത്തിനോ സാമ്പത്തിക സ്ഥിതിക്കോ ദോഷം വരുത്തുകയും ചെയ്യുന്നു. എന്നാല്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തിപരമായ ലാഭം ഉണ്ടാകുന്നു.
രാഷ്ട്രീയത്തില്‍ ഡിസ്ഇന്‍ഫര്‍മേഷന്‍ കൂടുതല്‍ അപകടകരമാണ്. തിരഞ്ഞെടുപ്പ് സമയത്ത്, നേതാക്കളെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ച് വോട്ടുകള്‍ നേടാനുള്ള ശ്രമങ്ങള്‍ സാധാരണമാണ്. ഫേക്ക് ന്യൂസ് അല്ലെങ്കില്‍ ഡീപ്ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നത് ഒരുദാഹരണമാണ്. ഇത് വ്യക്തിപരമായ നേട്ടത്തിനപ്പുറം, സമൂഹത്തില്‍ ധ്രുവീകരണത്തിനും അസ്ഥിരതയ്ക്കും കാരണമാകുന്നു. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടായി എന്ന ആരോപണം മറ്റൊരു ഉദാഹരണമാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍, ഫേക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച് ഷെയറുകളുടെ വില മാറ്റുന്ന ‘പമ്പ് ആന്‍ഡ് ഡമ്പ്’ സ്കീമുകള്‍ സാമ്പത്തിക മേഖലയിലെ ഒരു ഉദാഹരണമാണ്. ക്രിപ്റ്റോ കറന്‍സി രംഗത്തും ഇത് വ്യാപകമാണ്. ഒരു വ്യക്തി അല്ലെങ്കില്‍ ഗ്രൂപ്പ് തെറ്റായ ഹൈപ്പ് സൃഷ്ടിച്ച് വില കയറ്റി, പിന്നീട് വില്‍ക്കുന്നു. ഇത് മറ്റുള്ളവരെ നഷ്ടത്തിലാക്കുന്നു. ആളുകള്‍ യഥാര്‍ത്ഥ വാര്‍ത്തകളെയും തെറ്റായവയെയും വേര്‍തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നു. ഇത് ഭയം, ദേഷ്യം, വിഭാഗീയത എന്നിവ വര്‍ധിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നു. തെറ്റായ വിവരങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമ്പോള്‍, തിരഞ്ഞെടുപ്പുകള്‍ നീതിപൂര്വമല്ലാതാകുന്നു.
ഇതിനെതിരെ എന്ത് ചെയ്യാം?
1. വിവരങ്ങള്‍ പരിശോധിക്കുക: ഫാക്റ്റ്-ചെക്കിങ് സൈറ്റുകള്‍ പോലുള്ളവ ഉപയോഗിക്കുക.
2. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറുക. അവര്‍ തെറ്റായ വിവരങ്ങള്‍ തിരിച്ചറിയാനും നീക്കം ചെയ്യാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
3. സ്കൂളുകളിലും കോളജുകളിലും മീഡിയ ലിറ്ററസി പഠിപ്പിക്കുക. ആളുകളെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രാപ്തരാക്കുക.


