‘പുരയിടം പണയംവെച്ച് പട്ടുകോണകം വാങ്ങി പൊക്കിക്കെട്ടി തറവാടിത്തം പറയും പോലൊരു പിണറായിസ്റ്റ് സുഖം!’
text_fieldsകൊച്ചി: പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിൽ നിന്ന് തുക വകമാറ്റി അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ചടങ്ങിനുള്ള ഒന്നരക്കോടി കണ്ടെത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പുരയിടം പണയം വച്ച് പട്ടുകോണകം വാങ്ങി പുരപ്പുറത്ത് പൊക്കിക്കെട്ടി പണക്കാരനായി എന്ന് തറവാടിത്തം പറയും പോലൊരു പിണറായിസ്റ്റ് സുഖമാണിതെന്ന് അദ്ദേഹം പറഞ്ഞു. ‘പാവങ്ങൾക്ക് വീടില്ലെങ്കിലെന്താ, അതിദരിദ്രർ ഇല്ലാത്ത നാടാണ് കേരളമെന്ന് കേൾക്കുമ്പോൾ ഒരിത് ഉണ്ടല്ലോ!! അത് മതി’ -അദ്ദേഹം പരിഹസിച്ചു.
പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിൽ നിന്ന് ഒന്നരക്കോടി രൂപ വകമാറ്റിയാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങിന് പണം കണ്ടെത്തിയത്. ഒക്ടോബർ 26ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചടങ്ങിലേക്ക് ആളെകൂട്ടാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് ഉത്തരവിറക്കിയതും വിവാദമായി. തിരുവനന്തപുരത്തെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് 200 പേരെയും, ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 100, മുനിസിപ്പാലിറ്റി 300 എന്നിങ്ങനെയാണ് ക്വാട്ട. തിരുവനന്തപുരം നഗരസഭയിൽ നിന്ന് 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദേശമുണ്ട്. തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി, തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവിലാണ് ഈ കാര്യം പറയുന്നത്.
പുതിയ കേരളത്തിന്‍റെ ഉദയമാണിതെന്നും നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി. എട്ടുമാസത്തിന് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങിൽ പങ്കെടുത്തത്.
അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. അതിദാരിദ്ര്യത്തെ നാടിന്റെ ആകെ സഹകരണത്തോടെയാണ് ചെറുത്തുതോൽപ്പിച്ചത്. 64,006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി -മുഖ്യമന്ത്രി പറഞ്ഞു.


