Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഇനി ഇവന്റെയൊന്നും കൈ...

‘ഇനി ഇവന്റെയൊന്നും കൈ സാധാരണക്കാരുടെ മേൽ പൊങ്ങരുത്, പറഞ്ഞുവിടണം’ -ജിന്റോ ജോൺ

text_fields
bookmark_border
‘ഇനി ഇവന്റെയൊന്നും കൈ സാധാരണക്കാരുടെ മേൽ പൊങ്ങരുത്, പറഞ്ഞുവിടണം’ -ജിന്റോ ജോൺ
cancel

കൊച്ചി: ഗർഭിണിയെ മർദിച്ച സി.ഐ. പ്രതാപചന്ദ്രന്റെ പ്രതാപം ഇതോടെ അവസാനിപ്പിച്ച് പൊലീസിൽ നിന്ന് പറഞ്ഞുവിടണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘ഗർഭിണിയായ ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞടിക്കുന്നവന്റെ പേര് പ്രതാപചന്ദ്രൻ. പിണറായി സർക്കാരിന്റെ തിണ്ണമിടുക്കിൽ മിടുക്കനാകുന്ന ഇവന്റെയൊക്കെ പ്രതാപം ഇതോടെ അവസാനിപ്പിച്ച് പൊലീസിൽ നിന്ന് പറഞ്ഞുവിടണം. പൊലീസ് കാക്കിയുടെ ബലത്തിൽ ഇനി ഇവന്റെയൊന്നും കൈ സാധാരണക്കാരുടെ മേൽ പൊങ്ങരുത്. കേസെടുത്ത് ശിക്ഷിക്കണം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.

2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് തൊടുപുഴ സ്വദേശിനിയും ഗർഭിണിയുമായ ഷൈമോൾ പൊലീസ് മർദനത്തിന് ഇരയായത്. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് എത്തിയ ഷൈമോളെ സി.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ ഒന്നരവർഷത്തിന് ശേഷം ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൊലീസ് യുവതിക്ക് കൈമാറിയത്. ഗർഭിണിയായ യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എ.ഡി.ജി.പിയുടെ നിർദേശ പ്രകാരം ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ ആണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് പ്രതാപചന്ദ്രൻ.

ഷൈമോളുടെ ഭർത്താവ് ബെൻ ജോ കൊച്ചിയിൽ റിസോർട്ട് നടത്തുകയാണ്. മഫ്തിയിലെത്തിയ പൊലീസ് റിസോർട്ടിന് സമീപത്തുവെച്ച് രണ്ടുപേരെ മർദിക്കുന്നത് മൊബൈലിൽ പകർത്തിയതിനാണ് ബെൻ ജോയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. സംഭവമറിഞ്ഞ് വിവരം അന്വേഷിച്ച് രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഷൈമോളെ അന്ന് എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രനാണ് ക്രൂരമായി മർദിച്ചത്. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും ശക്തിയായി മുഖത്തടിക്കുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. തുടർന്ന്, കൂടുതൽ മർദനത്തിന് ശ്രമിച്ച എസ്.എച്ച്.ഒയെ സഹപ്രവർത്തകർ ബലമായി പിടിച്ചുമാറ്റി. ഈ സമയത്തും എസ്.എച്ച്.ഒ അടക്കം പൊലീസുകാർ യൂനിഫോം ധരിച്ചിരുന്നില്ല.

യുവതിയും ഭർത്താവും എസ്.എച്ച്.ഒയെ മർദിച്ചെന്ന് വരുത്താനാണ് പിന്നീട് പൊലീസ് ശ്രമിച്ചത്. സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാനപാലനം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ബെൻ ജോയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ബെൻ ജോയും ഷൈമോളും ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. തുടർന്ന് ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. ഒടുവിൽ ഹൈകോടതി ഉത്തരവ് പ്രകാരമാണ് വിവരാവകാശ നിയമമനുസരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഘം ചേർന്ന് മർദിച്ച പൊലീസുകാർ സംഭവം മൂടിവെക്കാൻ ശ്രമിച്ചതായി ഷൈമോൾ പറഞ്ഞു. പ്രതികളെ സ്റ്റേഷനിൽ മർദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതാപ ചന്ദ്രനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു. ഇതുമൂലം ‘മിന്നൽ പ്രതാപൻ’ എന്നാണ് ഇയാൾ പൊലീസുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. നിലവിൽ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.


Show Full Article
TAGS:Jinto John Kerala Police Custody Torture 
News Summary - dr jinto john against kerala police custody torture
Next Story