Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'ഇത്രയും നാൾ...

'ഇത്രയും നാൾ മുസ്‌ലിംകളുടെ മൂർദ്ധാവിൽ കയറിയായിരുന്നു ആറാട്ട്, ഇന്ന് ക്രിസ്ത്യാനി, നാളെ ദലിതൻ, മുസ്‌ലിം ഐഡന്റിറ്റിയുമായി ബിഹാറിലാണ് ജീവിക്കുന്നത്, ഒന്നൊന്നര അനുഭവമാണ്'; ഡോ. ഷിംന അസീസ്

text_fields
bookmark_border
ഇത്രയും നാൾ മുസ്‌ലിംകളുടെ മൂർദ്ധാവിൽ കയറിയായിരുന്നു ആറാട്ട്, ഇന്ന് ക്രിസ്ത്യാനി, നാളെ ദലിതൻ, മുസ്‌ലിം ഐഡന്റിറ്റിയുമായി ബിഹാറിലാണ് ജീവിക്കുന്നത്, ഒന്നൊന്നര അനുഭവമാണ്; ഡോ. ഷിംന അസീസ്
cancel

കോഴിക്കോട്: സംഘ്പരിവാറിന്റെ ന്യൂനപക്ഷവേട്ടയെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പുമായി ആരോഗ്യപ്രവർത്തക ഡോ.ഷിംന അസീസ്. തീവ്രവാദികളുടെ പേരും വിശ്വാസവും പലതായിരിക്കാമങ്കിലും ആത്യന്തികമായി അവർ ഒരേ കൂട്ടരാണ്, ലക്ഷ്യം സർവനാശമാണെന്നും ജാഗ്രതവേണമെന്നും ഷിംന ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജാതിയും മതവും പറയാൻ ഒട്ടും താൽപര്യവുമില്ലെങ്കിലും സംഘ്പരിവാർ കലാപ ശ്രമങ്ങളിലൂടെയും ഹേറ്റ് സ്പീച്ചിലൂടെയും അമിതാധ്വാനം ചെലുത്തുന്നത് കാണാതിരിക്കാൻ പറ്റുന്നില്ലെന്ന് ഷിംന പറഞ്ഞു.

ക്രിസ്മസ് രാവിൽ ഒരു എമർജൻസി പട്ന യാത്രയും കഴിഞ്ഞ് തിരിച്ച് സമസ്തിപൂരിൽ താമസിക്കുന്നതിനടുത്തുള്ള ചർച്ചിന്റെ ഭാഗത്തൂടെ വരുമ്പോൾ പാതിരാകുർബാനയുടെ നിറവല്ല, എന്തോ ഒരു ആശങ്കയുടെ ഭാവമാണ് അവിടങ്ങളിൽ കണ്ടത്. എപ്പഴാണാവോ ഇതെല്ലാം കൂടി തല്ലിപ്പൊളിക്കുന്നത് എന്ന ഭീതി നോർത്തിലെ ക്രിസ്താനികൾക്കിടയിലും പരന്നു തുടങ്ങിയിട്ടുണ്ടെന്നും ഷിംന എഴുതുന്നു.

നേരത്തെ മുസ്‌ലിംകളുടെ പിറകെയായിരുന്നു സംഘ്പരിവാർ, ഇന്ന് ക്രിസ്ത്യാനി, നാളെ ദലിതനാണ് ലക്ഷ്യം. ചതയാൻ തരിമ്പും ബാക്കിയില്ലാതെ മരിച്ചിട്ടും മരണാനന്തരവും തല്ല് കൊണ്ട ദളിതനായ രാംനാരായൻ ബാഘേൽ നേരിട്ട നരനായാട്ട് തീവ്രഹിന്ദുത്വം മുഴക്കുന്ന വെറും യുദ്ധകാഹളം മാത്രമാണെന്നും ഷിംന പറഞ്ഞു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഇത്രയും നാളും മുസ്‌ലിംകളുടെ മൂർദ്ധാവിൽ കയറിയായിരുന്നു ആറാട്ടും അലങ്കോലപ്പെടുത്തലും. ലവ് ജിഹാദും കമന്റ് ജിഹാദും തൊട്ട് ആൽമരം ജിഹാദ് വരെ ജിഹാദുകൾ പല വിധം ഉലകിൽ സുലഭം. അന്ത കാലത്ത് കാവിപ്പടക്ക് സീറ്റ് കൊടുക്കാത്ത കേരളം ഇനി കേൾക്കാൻ പഴിയൊന്നും ബാക്കിയില്ല.

മല്ലപ്പുരം എന്ന ഉചാരണത്തോടെ നമ്മുടെ മലപ്പുറം 'കേരളത്തിലെ പാകിസ്ഥാൻ' എന്ന പേരിൽ ഈ ഹിന്ദി ബെൽറ്റിൽ വരെ കുപ്രസിദ്ധമാണ്. കേരളത്തിൽ എവിടെ നിന്നാണെന്ന ചോദ്യത്തിന് എന്റെ ജില്ലയുടെ പേര് പറയുന്നതോടെ "ഓ, അതൊക്കെ കുറേ കേട്ടിട്ടുണ്ട്" എന്ന നോട്ടമൊക്കെ വളരെ പരിചിതം. മുസ്ലിം ഐഡന്റിറ്റിയുമായി ബിഹാറിലാണ് ജീവിക്കുന്നത്. ഒന്നൊന്നര അനുഭവമാണ്.

വർഗീയതക്കെതിരെ കുറേ എഴുതിയും പറഞ്ഞുമൊക്കെ തഴമ്പിച്ചു. ജാതിയും മതവും പറയാൻ ഒരു താൽപര്യവുമില്ല. എന്നിട്ടും വായ കൊണ്ട് ഇത് പറയിപ്പിക്കാൻ, വിരലുകളാൽ എഴുതിക്കാൻ, വേർതിരിവുകളെ കുറിച്ചുള്ള ചർച്ചകൾ നോർമലൈസ് ചെയ്യാൻ സംഘപരിവാർ കലാപശ്രമങ്ങളിലൂടെയും ഹേറ്റ് സ്പീച്ചിലൂടെയും അമിതാധ്വാനം ചെലുത്തുന്നത് കാണാതിരിക്കാൻ പറ്റുന്നില്ല.

ക്രിസ്മസ് രാവിൽ ഒരു എമർജൻസി പട്ന യാത്രയും കഴിഞ്ഞ് തിരിച്ച് ഈ ഭാഗത്ത്‌ ആകെയുള്ളൊരു ചർച്ചിന്റെ ഭാഗത്തൂടെ വരുമ്പോൾ പാതിരാകുർബാനയുടെ നിറവല്ല, എന്തോ ഒരു ആശങ്കയുടെ ഭാവമാണ് അവിടങ്ങളിൽ കണ്ടത്. എപ്പഴാണാവോ ഇതെല്ലാം കൂടി തല്ലിപ്പൊളിക്കുന്നത് എന്ന ഭീതി നോർത്തിലെ ക്രിസ്താനികൾക്കിടയിലും പരന്നു തുടങ്ങിയിട്ടുണ്ട്.

ഇന്നലെ സമസ്തിപൂരിൽ എനിക്കെന്റെ സ്വന്തം കുടുംബം പോലെ ഏത് നേരവും ചെന്ന് കേറി താമസിക്കാവുന്ന ക്രിസ്ത്യൻ കുടുംബത്തിൽ ക്രിസ്മസ് ലഞ്ച് ഉണ്ടാക്കിയത് ഞാനാണ്. ഇവിടത്തെ ഗൃഹനാഥ നാട്ടിൽ പോയതാണ്. പപ്പക്ക് ക്രിസ്മസ് ലഞ്ച് ഉണ്ടാക്കികൊടുക്കണം എന്ന് സ്നേഹാധികാരത്തിൽ എന്നെ പറഞ്ഞേൽപ്പിച്ചാണ് പോയത്. ഇന്നലെ പുൽക്കൂടും പ്ലം കേക്കും മന്തിയും ഒക്കെയായി കൂടുമ്പോഴും ഞങ്ങളുടെ പ്രധാന ചർച്ച ഇതൊക്കെ തന്നെയായിരുന്നു. ഗതികേട്‌.

ഛത്തീസ്ഗഡിൽ, മധ്യപ്രദേശിൽ, യുപിയിൽ, രാജസ്ഥാനിൽ, നമ്മുടെ കൊച്ചുകേരളത്തിൽ വരെ കരോളും ക്രിസ്മസും ക്രിസ്ത്യാനിയും ആക്രമിക്കപ്പെട്ടിട്ടുണ്ട്. വഴിയോര കച്ചവടക്കാർ ചോദ്യം ചെയ്യപ്പെടുന്നു, പുരോഹിതർ ചോദ്യങ്ങൾ നേരിടുന്നു. മതേതര രാജ്യമത്രേ!

ഇന്നലെ മുസ്ലിമിന്റെ പിറകെയായിരുന്നു, ഇന്ന് ക്രിസ്ത്യാനി, നാളെ ദളിതനാണ് ലക്ഷ്യം. ചതയാൻ തരിമ്പും ബാക്കിയില്ലാതെ മരിച്ചിട്ടും മരണാനന്തരവും തല്ല് കൊണ്ട ദളിതനായ രാംനാരായൻ ബാഘേൽ നേരിട്ട നരനായാട്ട് തീവ്രഹിന്ദുത്വം മുഴക്കുന്ന വെറും യുദ്ധകാഹളം മാത്രമാണ്.

"ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ" എന്നാണ് സംഘപരിവാരം പറയാതെ പറയുന്നത്. പാലക്കാട്ട് കുഞ്ഞിമക്കളുടെ കരോളാണ് കുളം കലക്കിയത്. അതിന്റെ പ്രതിരോധമാണ് നിസ്കാരപ്പായയിൽ നിന്ന് എണീറ്റ് വന്ന് കരോൾ കാണുന്ന ആ ഉമ്മയും അയ്യപ്പഭജനയ്ക്ക് കരോൾ പാടുന്ന ആ ചേട്ടൻമാരുമൊക്കെ. കേരളം എന്നും ഇതൊക്കെ തന്നെയായിരുന്നു.

നോർമലിനെ നന്മയാക്കി പരസ്യപ്പെടുത്തേണ്ടി വരുന്നുവെന്ന ഗതികേടിലേക്കാണ് കാലം പോവുന്നത്. എന്നാണ് നമ്മുടെ മണ്ണ് മതസൗഹാർദത്തിന് എതിരായി നിന്നിട്ടുള്ളത്? കുത്തിതിരിപ്പുകാർക്ക് അത്രയൊന്നും സാധ്യത ഇല്ലാതിരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമുണ്ടായിരുന്ന കേരളത്തിലും ഇതെല്ലാം പയ്യേ സാർവ്വത്രികമാകുകയാണ്. മതമെന്ന സ്വകാര്യത, വിശ്വാസമെന്ന ആശ്വാസം ഉൾഭയമായി, അരക്ഷിതാവസ്ഥയായി മാറുന്നുവെന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം.

ഇന്നലെ എന്റെ വാതിൽക്കലായിരുന്നു, ഇന്ന് ചോരയിൽ പിറന്നില്ലെങ്കിലും കുടുംബമായ പ്രിയപ്പെട്ടവരുടെ വാതിൽക്കൽ, നാളെ നിങ്ങളെയും ജാതി പറഞ്ഞ് തോണ്ടി വെളിയിലിടും. ഒന്നിച്ചു നിന്നിട്ടേ ഉള്ളൂ കേരളം. പ്രതിരോധിക്കേണ്ടത് വെറുപ്പിനെയാണ്, വർഗീയതയെയാണ്, വിഭാഗീയശക്തികളുടെ ഫാസിസത്തെയാണ്. മനുഷ്യരാണ്. അത് കഴിഞ്ഞേ സ്വകാര്യതയായ മതമുള്ളൂ.

ഇപ്പോഴും പിതൃതുല്യനായ ക്രിസ്ത്യാനിയുടെ വീട്ടിലെ അന്നം വിളമ്പുന്ന മേശക്കരികിൽ ഇരുന്നാണ് ഞാനിത് എഴുതുന്നത്. ആൺമക്കൾ ഇല്ലാത്ത ആ മനുഷ്യൻ കെട്ടിച്ചു വിട്ട മോൾ തിരിച്ച് വന്ന പോലെ എന്നാണ് ഞാൻ താമസിക്കാൻ വരുമ്പോൾ പറയാറ്. എനിക്ക് സമസ്‌തിപൂർ ടൗണിലെ വീട്ടീലേക്ക്‌ കൊണ്ട് പോകാൻ പറമ്പിലെ കപ്പയും വാഴച്ചുണ്ടും പൊട്ടിക്കാൻ പോയിരിക്കുകയാണ്...നമ്മളെല്ലാവരും ഇങ്ങനെ പല പല കഥാപാത്രങ്ങളാണ്. ഇതെല്ലാം നശിപ്പിക്കാനാണ്, അകൽച്ചയിൽ ഊറ്റം കൊള്ളുന്ന കലാപകാരികൾ ഉള്ളത്. തീവ്രവാദികളുടെ പേരും വിശ്വാസവും പലതായിരിക്കാം. ആത്യന്തികമായി അവർ ഒരേ കൂട്ടരാണ്. ലക്ഷ്യം സർവ്വനാശവും. ജാഗ്രത! വൈകിയെങ്കിലും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. സ്നേഹം."



Show Full Article
TAGS:Dr. Shimna Aziz Sangh Parivar Christmas Bihar 
News Summary - Dr. Shimna Aziz's Facebook post against Sangh Parivar atrocities
Next Story