Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right...

പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുക്കാൻ പ്രേരിപ്പിക്കുന്ന ഈ മനുഷ്യരുടെ രാഷ്ട്രീയം ഓർത്ത് പേടിയാകുന്നു -സുധ മേനോൻ

text_fields
bookmark_border
gaza child
cancel

കണ്ണൂർ: ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്ന പശ്ചാത്തലത്തിൽ പിറന്നാൾ സദ്യ ഉപേക്ഷിച്ചതിന്റെ പേരിൽ ഡോ. എം. ലീലാവതിക്ക് നേരെയുള്ള സംഘ്പരിവാർ അനുകൂലികളുടെ സൈബർ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി സുധമേനോൻ. ‘ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്ന് ചോദിച്ചായിരുന്നു ലീലാവതി പിറന്നാൾ സദ്യ വേണ്ടെന്നുവെച്ചത്. ആ നിർമലമായ മനസിന് നേർക്കാണ് ചിലർ വെറുപ്പും പരിഹാസവും എറിയുന്നതെന്ന് സുധാമേനോൻ ഫേസ്ബുക്​ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുക്കാൻ പ്രേരിപ്പിക്കുന്ന, അവരെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നവരെക്കൂടി അപഹസിക്കുന്ന ഈ മനുഷ്യരൊക്കെ പിന്തുടരുന്ന രാഷ്ട്രീയം ഓർത്ത് പേടിയാകുന്നുവെന്നും അവർ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഗസ്സയിലെ കുഞ്ഞുങ്ങളെയോർത്ത് പിറന്നാൾ സദ്യ വേണ്ടെന്ന് വെച്ച ആദരണീയയായ ലീലാവതി ടീച്ചറുടെനേർക്ക് വൃത്തികെട്ട വാക്കുകളാൽ വിഷം തുപ്പുന്നവരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാനാണ് വീണ്ടും ഇതെഴുതുന്നത്.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ- ഷരീഫ് എന്ന പട്ടണത്തിലെ ഒരു രക്ഷാക്യാമ്പില്‍ വെച്ച് ‘ടബാന്‍’ എന്ന ഒമ്പതു വയസുകാരിയെ കാണുമ്പോള്‍ അവളുടെ വലതുകൈയില്‍ ഒരൊറ്റ വിരല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവുകള്‍. ‘നാറ്റോ’ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ ടബാന് മാതാപിതാക്കളും, കുഞ്ഞനിയനും വീടും നഷ്ടമായിരുന്നു. പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ടെന്റില്‍ ചുമര്‍ നോക്കി കിടക്കുന്ന ആ പെണ്‍കുട്ടിയുടെ അടഞ്ഞ കണ്ണുകള്‍ തീവ്രവേദനയാല്‍ പിടയുന്നതും ചോരക്കറ മായാത്ത കണ്‍പോളകള്‍ക്കിടയിലൂടെ നീര്‍ത്തുള്ളികള്‍ ഇറ്റുവീഴുന്നതും ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് ശ്വാസം മുട്ടും. ചിറക് മുറിഞ്ഞ ഒരു കുഞ്ഞാറ്റക്കിളി തണുത്തുറഞ്ഞ ഏതോ വിദൂരദേശത്തിരുന്ന് അമ്മയെ വിളിച്ച് കരയുന്ന സ്വപ്നം ഒരുപാട് നാള്‍ എന്നെ പിന്തുടര്‍ന്നു.

വീടും, അച്ഛനമ്മമാരും നഷ്ടപ്പെട്ട ടബാനെപ്പോലുള്ള കുഞ്ഞിക്കിളികളെ പിന്നെയും ഒരുപാട് സ്ഥലങ്ങളില്‍ കണ്ടു. 2014ല്‍ തെക്കന്‍ സുഡാനിലെ ബെന്റ്യുവില്‍ വംശീയയുദ്ധം നടന്നപ്പോള്‍, ഭയന്നോടിയ ജെയിംസ് എന്ന 11 വയസുകാരനെ ഏതോ ഒരു ഗറില്ലാസംഘം പിടികൂടി അവരുടെ ആര്‍മിയില്‍ ചേര്‍ത്തു. പേന പിടിക്കേണ്ട കൈകളില്‍ അവര്‍ തോക്കും ബുള്ളറ്റും നല്‍കി. മൂന്നു വര്‍ഷത്തെ പീഡനങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ട ജെയിംസ് ഉഗാണ്ടയിലെ ഒരു അഭയാര്‍ഥിക്യാമ്പില്‍ എത്തിയപ്പോഴേക്കും മാനസികമായി തകര്‍ന്നിരുന്നു. പക്ഷെ, സന്നദ്ധസേവനം നടത്താന്‍ വന്ന നല്ലവരായ ഒരു ഡോക്ടര്‍ കുടുംബം ജെയിംസിനെ ദത്തെടുത്തശേഷം അവരുടെ നാടായ എത്യോപ്യയിലേക്ക് കൊണ്ടുപോയി. ഞാന്‍ കാണുമ്പോള്‍, ജെയിംസ് വീണ്ടും സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും ഇടയ്ക്കിടെ ആ സാധുബാലന്‍ അമ്മയെയും സ്വദേശത്തെയും ഓര്‍ത്ത് കരഞ്ഞു.

യുദ്ധവും അധിനിവേശവും ആരംഭിച്ച കാലം മുതല്‍ നമ്മള്‍ ടബാനെയും, ജയിംസിനെയും പല പേരുകളില്‍ പല രൂപങ്ങളില്‍ പല ഭൂപടങ്ങളുടെ ഓരത്ത് കാണുന്നുണ്ട്. 75 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ് ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി അത് മാറി. ബോസ്നിയന്‍ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട സ്ലാറ്റ ഫിലിപോവിച്ചിന്റെ ‘സ്ലാറ്റാസ് ഡയറി’യും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട്, ഒന്നാം ലോകമഹായുദ്ധം മുതല്‍ ഇറാഖ് യുദ്ധം വരെയുള്ള കാലത്ത്, ലോകത്തിന്റെ പല ഭാഗങ്ങളില്‍ ദുരിതം അനുഭവിച്ച കുഞ്ഞുങ്ങളുടെ നരകജീവിതങ്ങളുടെ നേര്‍സാക്ഷ്യം ‘അപഹരിക്കപ്പെട്ട ശബ്ദങ്ങള്‍ (Stolen Voices) എന്ന പേരില്‍ ഫിലിപോവിച്ച് പുസ്തകമാക്കിയിരുന്നു. ഇന്ന് പല സ്കൂളുകളിലും അത് സിലബസിന്റെ ഭാഗമാണ്. നോബല്‍ സമ്മാനജേതാവായ സ്വെറ്റ്ലാന അലക്സിവിച്ചിന്റെ ‘അവസാനത്തെ സാക്ഷികള്‍’, ജോണ്‍ ഹെഴ്സിയുടെ ‘ഹിരോഷിമ’ തുടങ്ങിയ നിരവധി പുസ്തകങ്ങളും ഡോക്യുമെന്‍ററികളും വേറെയും ഉണ്ട്.

അതിനുശേഷവും, യുദ്ധ-സംഘര്‍ഷമേഖലയിലെ കുഞ്ഞുങ്ങളുടെ ദുരിതജീവിതവും പലായനവും രേഖപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളും സിനിമകളും ഇറങ്ങി. എന്നിട്ടും, സിവിലിയന്‍ മേഖലകളെ യുദ്ധത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുക എന്ന പ്രാഥമികപാഠം ജനാധിപത്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന മഹാരഥന്മാരായ ഭരണാധികാരികള്‍ പോലും മറന്നുപോയി. ഈ കുഞ്ഞുങ്ങളുടെ നേരനുഭവങ്ങള്‍ ഒരിക്കല്‍പ്പോലും അവരുടെ പൊതുനയങ്ങളെ സ്വാധീനിച്ചില്ല.

ഗസ്സയിലെ കുട്ടികൾ ഭക്ഷണമോ വെള്ളമോ കിട്ടാതെ കൊടും പട്ടിണിയിലാണ്. ഭക്ഷണം കൊണ്ടുവരുന്ന ട്രക്കുകളും സ്കൂളുകളും ആശുപത്രികളും ജലസംഭരണികളും ഭക്ഷ്യസാധനങ്ങളും മനസാക്ഷിക്കുത്തില്ലാതെ ബോംബിട്ട് നശിപ്പിക്കുന്ന, തകർക്കുന്ന മനുഷ്യവിരുദ്ധരാണ് ഇസ്രായേൽ. എന്നിട്ടും, ജോര്‍ജ് വാഷിംഗ്‌ടണും തോമസ്‌ ജഫേഴ്സണും അബ്രഹാം ലിങ്കണും ജീവിച്ച നാട്ടില്‍ വരെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഈ കൊടുംഹിംസയെ ന്യായീകരിക്കുന്ന ആത്മരതിക്കാരായ ആണത്തദേശീയവാദികള്‍ ആണ്. അവരുടെ കൈകളിലാണ് ഇനി ഈ ലോകത്തെ കുഞ്ഞുങ്ങളുടെ ഭാവിയും സ്വപ്നങ്ങളും!

യുദ്ധഭൂമിയാണെന്ന് ഓര്‍മ്മിക്കാതെ ലൈറ്റിട്ടുപോയപ്പോള്‍, അറിയാതെ ചുമച്ചു പോയപ്പോള്‍, വാതിലടക്കാന്‍ മറന്നുപോയപ്പോള്‍, ഒളിയിടങ്ങളില്‍ നിന്നും പൂമ്പാറ്റകള്‍ക്ക് പിറകെ നടന്നു പോയപ്പോള്‍, തളര്‍ന്നുറങ്ങിപ്പോയപ്പോള്‍, വിശപ്പ് സഹിക്കാതെ ആപ്പിള്‍ പറിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒക്കെയാണ് പലയിടത്തും പിഞ്ചുകുഞ്ഞുങ്ങള്‍ ശത്രുക്കളുടെ ആയുധത്തിനും കാമത്തിനും ഇരകളായത് എന്ന് നമ്മൾ മറന്നു പോകരുത്.

അതുകൊണ്ടുതന്നെ, ഈ ലോകത്ത് ഇനിയെങ്കിലും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ മുതിര്‍ന്ന മനുഷ്യരുടെ അധികാരമോഹത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും ആത്മരതിയുടെയും ഇരകളാകാതിരിക്കട്ടെ എന്ന പ്രാർത്ഥന കൂടിയായിരുന്നു ലീലാവതി ടീച്ചറിന്റെ ആ വാക്കുകളിൽ കണ്ടത്. ഗസ്സയിലെ വിശക്കുന്ന കുഞ്ഞുവയറുകളെ ഓർത്ത് സ്വയം പിറന്നാൾസദ്യ ഉപേക്ഷിക്കുമ്പോൾ അവർ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ്. ആ നിർമലമായ മനസിന് നേർക്കാണ് ചിലർ വെറുപ്പും പരിഹാസവും എറിയുന്നത്.. ഇങ്ങനെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുക്കാൻ പ്രേരിപ്പിക്കുന്ന, അവരെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നവരെക്കൂടി അപഹസിക്കുന്ന ഈ മനുഷ്യരൊക്കെ പിന്തുടരുന്ന രാഷ്ട്രീയം ഓർത്ത് പേടിയാകുന്നു..നമ്മുടെ കുഞ്ഞുങ്ങളും വളരുകയാണല്ലോ..

പ്രിയപ്പെട്ട ലീലാവതി ടീച്ചർക്ക്,മലയാളത്തിന്റെ എഴുത്തമ്മക്ക് സ്നേഹാഭിവാദ്യങ്ങൾ…


Show Full Article
TAGS:Gaza Genocide sudha menon M Leelavathi Cyber Attack 
News Summary - gaza genocide: sudha menon against M Leelavathi cyber attack
Next Story