Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘കിണറ്റിൽ കിടന്ന്...

‘കിണറ്റിൽ കിടന്ന് ഗോവിന്ദച്ചാമി തീരുമാനമെടുത്തു: പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടില്ല...’ -​ട്രോളുമായി അബിൻ വർക്കി

text_fields
bookmark_border
‘കിണറ്റിൽ കിടന്ന് ഗോവിന്ദച്ചാമി തീരുമാനമെടുത്തു: പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടില്ല...’ -​ട്രോളുമായി അബിൻ വർക്കി
cancel
camera_alt

ഗോവിന്ദച്ചാമിയെ പിടികൂടി പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോകുന്നു

കൊച്ചി: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടി​ല്ലെന്ന് ഗോവിന്ദച്ചാമി തീരുമാനമെടുത്തിട്ടുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പരിഹസിച്ചു. ചാടി കഴിഞ്ഞപ്പോഴാണ് ജയിലിനെക്കാൾ വലിയ ദുരിതം ആണ് പുറത്ത് എന്ന് അയാൾക്ക് മനസ്സിലായതെന്നും അബിൻ കുറിച്ചു.

‘ഗോവിന്ദചാമി നോക്കിയപ്പോ ജയിൽ തുറന്ന് കിടക്കുന്നു. പുള്ളി ചാടി.. ചാടി കഴിഞ്ഞപ്പോ ആണ് മനസ്സിലായത് ജയിലിനെക്കാൾ വലിയ ദുരിതം ആണ് പുറത്ത് എന്ന്. റെയിൽവേ സ്റ്റേഷൻ വരെ പോകാൻ നോക്കുമ്പോ റോഡ് മുഴുവൻ പട്ടികൾ, പോരാഞ്ഞിട്ട് വഴി നീളെ കുഴി അതും കൂടാതെ എല്ലായിടത്തും ലൈൻ കമ്പി പൊട്ടി ഷോക്ക് അടിക്കാൻ നിക്കുന്നു. എങ്ങാനും പരിക്ക് പറ്റി ആശുപത്രിയിൽ ചെന്നാൽ കെട്ടിടം വീണു മരിക്കും എന്ന് ഉറപ്പാണ്. അങ്ങനെ ആണ് വഴിയിൽ ഒരു കെട്ടിടം കണ്ടപ്പോ അവിടെ കയറി കിടക്കാം എന്ന് വിചാരിച്ചത്. അപ്പൊ നോക്കുമ്പോ കാണുന്നു അത് ഒരു സ്കൂൾ കെട്ടിടം. അവിടെയും രക്ഷയില്ല എന്ന് കണ്ട ചാമി അവസാനം ഒരു സമാധാനത്തിനു വേണ്ടി ഒരു കിണറിൽ അഭയം പ്രാപിച്ചു. അവിടെ കിടന്ന് അയാൾ തീരുമാനം എടുത്തു. ഇനി പിണറായി സഖാവ് ഉള്ളിടത്തോളം കാലം താൻ മേലാൽ ജയിൽ ചാടില്ല. കാരണം ഇതിലും ഭേദം ജയിൽ തന്നെ. പിണറായി ഡാ... കേരളം നമ്പർ 1 ഡാ...’’ -എന്നായിരുന്നു അബിന്റെ കുറിപ്പ്.

‘അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിൽ. സി.പി.എം തടവ് പുള്ളികളുടെ വിഹാര കേന്ദ്രം. പി. ജയരാജൻ ജയിൽ ഉപദേശക സമിതി മേധാവി. കൊടി സുനി, കിർമാണി മനോജ്‌ തുടങ്ങി സി.പി.എം ഹൈപ്രൊഫൈൽ ക്രിമിനലുകൾ ഫോൺ ഉപയോഗിക്കലും, സ്വർണ്ണക്കടത്തും, കൊട്ടേഷൻ പണി അടക്കം നടത്തുന്ന സേഫ് ഹെവൻ. കണ്ണൂരിലെ പാർട്ടി അറിയാതെ ഒരു ഇല പോലും അനങ്ങാത്ത ജയിൽ. അവിടെ നിന്ന് രണ്ട് കയ്യിനും പൂർണ്ണ സ്വാധീനം ഇല്ലാത്ത ഗോവിന്ദചാമി എന്ന ഡെയിഞ്ചറസ് ക്രിമിനൽ അത്രയും വലിയ മതിൽ ചാടി പോയിട്ട് ഉണ്ടെങ്കിൽ ജയിലിന്റെ ഉള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ. വാഴ വെച്ചാൽ പഴം എങ്കിലും കിട്ടും. ഇതിപ്പോ ആഭ്യന്തര വകുപ്പിന്റെ കസേരയിൽ ഇത്രയും വലിയ നിർഗുണൻ ഇരുന്നാൽ എന്ത് ചെയ്യും’ -അബിൻ മറ്റൊരു പോസ്റ്റിൽ ചോദിച്ചു.

സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Show Full Article
TAGS:Govindachamy Prisoner escape Abin Varkey 
News Summary - Govindachamy’s prison break: Abin Varkey against govt
Next Story