എം. ലീലാവതിയെ ഒരുസംഘം പാതകികൾ അധിക്ഷേപിച്ചത് കേരളം എവിടെയെത്തി എന്നതിന്റെ സൂചന -കെ. സച്ചിദാനന്ദൻ
text_fieldsഎം. ലീലാവതി, കെ. സച്ചിദാനന്ദൻ
തൃശൂർ: ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നതിനെപ്പറ്റി പ്രതികരിച്ചതിന്റെ പേരിൽ ഡോ. എം. ലീലാവതിക്ക് നേരെയുള്ള വികൃതമായ ആക്രമണത്തെ നാം പ്രതിരോധിച്ചില്ലെങ്കില്‍ അപമാനം നമുക്കാണെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. ഡോ. എം. ലീലാവതി ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നതിനെപ്പറ്റി ഉള്ളില്‍ തട്ടി നടത്തിയ പ്രസ്താവനയെ അധിക്ഷേപിക്കാന്‍ കേരളത്തിൽ ഒരു സംഘം പാതകികൾ ഉണ്ടായി എന്നത് കേരളം എവിടെ എത്തി എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നതിനെപ്പറ്റി, എന്നും സത്യം പറയാന്‍ ചങ്കൂറ്റം കാണിച്ചിട്ടുള്ള ഡോ. എം. ലീലാവതി ഉള്ളില്‍ തട്ടി നടത്തിയ പ്രസ്താവനയെയും അധിക്ഷേപിക്കാന്‍ കേരളത്തിൽ ഒരു സംഘം പാതകികൾ ഉണ്ടായി എന്നത് കേരളം എവിടെ എത്തി എന്നതിന്റെ സൂചനയാണ്. അവർ അപമാനിക്കുന്നത് മലയാളികളെ മുഴുവനും ആണ്. നമ്മുടെ ചിന്തകരും എഴുത്തുകാരും നവോത്ഥാന നായകരും വളർത്തിയെടുത്ത ജനാധിപത്യ സംസ്കാരത്തെയും. ഈ വികൃതമായ ആക്രമണത്തെ നാം പ്രതിരോധിച്ചില്ലെങ്കില്‍ നമുക്ക് മാതൃതുല്യയായ ആ പണ്ഡിതയ്ക്കല്ല അപമാനം, നമുക്കാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
‘ഗസ്സയിലെ കുട്ടികൾ പട്ടിണി കിടക്കുമ്പോൾ എനിക്ക് എങ്ങനെ ചോറ് തൊണ്ടയിൽ നിന്നിറങ്ങും?’ എന്ന് തന്റെ ജൻമദിനത്തിൽ ചോദിച്ചതിനാണ് മുതിർന്ന സാഹിത്യകാരി ഡോ. എം. ലീലാവതി ടീച്ചർക്കെതിരെ സംഘ്പരിവാർ, കാസ അനുകൂലികൾ സൈബർ ആക്രമണം നടത്തിയത്. എന്നാൽ, വിമർശിക്കുന്നവർ വിമർശിലക്കട്ടെയെന്നും വിശക്കുന്ന കുട്ടികൾ ഏത് നാട്ടിലായാലും ഏത് ജാതിയിലായാലും ഏത് മതമായാലും എനിക്ക് ഒരുപോലെയാണെന്നും ലീലാവതി പ്രതികരിച്ചു. ‘എന്റെ നാട്ടിലെ ആയാലും വേറെ ഏതു നാട്ടിലെ ആയാലും കുട്ടികൾ കുട്ടികളാണ്. ഒരമ്മയുടെ കണ്ണിലൂടെയാണ് ഞാനവരെ നോക്കി ക്കാണുന്നത്. എതിർക്കുന്നവർ സ്വതന്ത്രമായി എതിർത്തോട്ടെ. എനിക്ക് ഒരു വിരോധവുമില്ല. എത്രയോ എതിർപ്പുകളെ ഞാൻ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടൊന്നുമല്ല ഞാൻ എതിർപ്പുകൾ നേരിടുന്നത്’ -ലീലാവതി ടീച്ചർ പറഞ്ഞു.
മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളെ നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ‘98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം. ലീലാവതി ടീച്ചർ. ഗസ്സയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് പിറന്നാളിന് ഉണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ്. അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയിൽ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്. അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളിൽ ലീലാവതി ടീച്ചർ മലയാളത്തിന് നൽകിയ സംഭാവനകൾക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെപ്പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു’ - മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.