‘വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു...’ -കലാഭവൻ നവാസിന്റെ മക്കളുടെ കുറിപ്പ്
text_fieldsകൊച്ചി: മലയാളികൾക്ക് എന്നും നോവോർമയാണ് പ്രിയതാരം കലാഭവൻ നവാസിന്റെ അകാലവിയോഗം. നടന്റെ ജീവിതത്തിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ മക്കൾ ഇടക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇത്തവണ, മരിക്കുന്നതിന് ഒരുമാസം മുമ്പ് ഉമ്മിച്ചിക്ക് അയച്ചു കൊടുത്ത പാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച് എഴുതിയ കുറിപ്പ് കണ്ണീരണിയിക്കുന്നതാണ്.
നവാസിന്റെ മരണത്തിന് ഒരു മാസം മുൻപ് ഭാര്യ രഹന ചെടിച്ചട്ടിയിൽ നട്ട മൈലാഞ്ചിച്ചെടിയുടെ കമ്പുകൾ ഒടുവിൽ നവാസിന്റെ ഖബറിന് മുന്നിൽ തണൽവിരിക്കുന്നതിനെ കുറിച്ചാണ് കുറിപ്പ്. ‘നീ ഇത് വേരുപിടിക്കുമ്പോൾ തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതി’ എന്ന് നവാസ് അന്ന് ഭാര്യയോട് പറഞ്ഞിരുന്നുവത്രെ.
‘വാപ്പിച്ചി പോയിക്കഴിഞ്ഞു. വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു. പക്ഷെ, കുത്തിയ മൈലാഞ്ചിക്കമ്പ് ഉണങ്ങി തുടങ്ങിയെന്ന് ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു. അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്. ആഗസ്റ്റ് എട്ടിന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു....’ -കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഇത് വാപ്പിച്ചി July 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്.
ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്.
വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടിച്ചട്ടിയിൽ നട്ടു.
അത് കണ്ടുനിന്ന വാപ്പിച്ചി, ഉമ്മിച്ചിയോട് പറഞ്ഞു: നീ ഇത് വേരുപിടിക്കുമ്പോൾ തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു. വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു. പക്ഷെ, കുത്തിയ മൈലാഞ്ചിക്കമ്പ് ഉണങ്ങി തുടങ്ങിയെന്ന് ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു.
അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്.
ആഗസ്റ്റ് എട്ടിന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു.
ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു.
എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.


