Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightലീഗിനെ അൽപസമയം ‘തീ...

ലീഗിനെ അൽപസമയം ‘തീ തീറ്റിച്ച്’ രണ്ടത്താണിയുടെ ​ഫേസ്ബുക് പോസ്റ്റ്; പിന്നാലെ ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പ്

text_fields
bookmark_border
ലീഗിനെ അൽപസമയം ‘തീ തീറ്റിച്ച്’ രണ്ടത്താണിയുടെ ​ഫേസ്ബുക് പോസ്റ്റ്; പിന്നാലെ ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പ്
cancel

മലപ്പുറം: മുസ്‍ലിം ലീഗിനെ അൽപസമയം ‘മുൾമുനയിലാക്കി’ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ഫേസ്ബുക് പോസ്റ്റ്. സംഗതി വൻവിവാദമാവുകയും ഊ​ഹാപോഹങ്ങൾക്ക് ഇടവരുത്തുകയും ചെയ്തതോ​ടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പുമായി രണ്ടത്താണി രംഗത്തെത്തി.

‘മുസ്‍ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇ​ദ്ദേഹത്തിന്റെ കുറിപ്പ് പുറത്തുവന്നത്. ഇത് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തിയായി ആളുകൾ വ്യാഖ്യാനിച്ചു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ കുറിപ്പ് എഴുതിയത്.

‘മുസ്‍ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ഇന്നത്തെ മുസ്‍ലിംലീഗ് സ്ഥാനാർത്ഥികളുടെ പട്ടികയും ഈ ഗണത്തിൽപെട്ടതാണ്. ദേശീയതലത്തിൽ യൂത്ത് ലീഗിനും എം.എസ്.എഫിനും വിലാസമുണ്ടാക്കിക്കൊടുത്ത യുവജന -വിദ്യാർഥി നേതാക്കളും പ്രഗത്ഭരായ വനിതാ നേതാക്കളും തൊഴിലാളി വർഗത്തിന്റെ അവകാശസമര പോരാട്ടത്തിലെ നായകന്മാരും തുടങ്ങി ഒട്ടേറെ പ്രതിഭാശാലികൾ ഇത്തവണ മുസ്‍ലിംലീഗിന്റെ സ്ഥാനാർഥി പട്ടികയിലുണ്ട്. പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതാണ് ലീഗിന്റെ സവിശേഷത. വിജയത്തിലും അത് പ്രതിഫലിക്കും’ -എന്നായിരുന്നു പുതിയ കുറിപ്പ്.


നേരത്തെയും ഇതിന്റെ ആമുഖമാണ് ചെയ്തതെന്നും ചിലർ വെച്ച കണ്ണട വികലമായതിനാൽ അതിനു മറ്റൊരു ഭാഷ്യം നൽകിയത് കൊണ്ടാണ് ഫുൾ ടെസ്റ്റ് കൊടുക്കേണ്ടി വന്ന​തെന്നും രണ്ടത്താണി പറഞ്ഞു. നേരത്തെ പകുതി എഴുതിയപ്പോ അറിയാതെ കൈ തട്ടി പോസ്റ്റായതാണെന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇക്കാലത്ത് ആമുഖം മാത്രം മതിയാവില്ല സാഹിബെ, ഫുൾ ടെസ്റ്റ്‌ തന്നെ വേണം.... ഒരു ഇലക്ഷൻ കഴിയുന്നതോടെ തീരുന്നില്ല ലോകം. നിങ്ങളെപ്പോലെ ഉള്ള എല്ലാ നേതാക്കന്മാർക്കും അണികളായ ഞങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട് അത് കാത്തു സൂക്ഷിക്കേണ്ടത് നിങ്ങളാണ്’-എന്നായിരുന്നു മറ്റൊരു കമന്റ്.

‘താങ്കളുടെ മറ്റൊരു പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടു. അത് ഫേക് ആവണേയെന്ന് ആയിരം വട്ടം പ്രാർത്ഥിച്ചു. ഇപ്പോൾ അതിന്റെ പൂർണ്ണ രൂപവും താങ്കൾ തന്നേ പോസ്റ്റ് ചെയ്തു. ആദ്യത്തേത് ഡിലീറ്റും. എതായിരുന്നാലും ഒറ്റക്കാര്യം മാത്രം ശ്രദ്ധയിൽ പെടുത്തുന്നു: എം.എൽ.എ ആയ താങ്കൾ, പാർട്ടി സെക്രട്ടറിമാരിലൊരാളായ താങ്കൾ, പാർട്ടിയുടെ ഒരുപാട് സ്ഥാനമാനങ്ങളും പാർട്ടിയുടെ പേരിൽ വഹിച്ച ഒരുപാട് സ്ഥാനങ്ങളും ഉള്ള താങ്കൾ, ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാത്ത ലക്ഷ്യക്കണക്കിന് മനുഷ്യരുടെ മുഖത്ത് നോക്കിയാണ് ഞങ്ങളുടെ കരളിന്റെ കഷ്ണമായ സയ്യിദിനേ നിന്ദിക്കുന്ന തരത്തിലുള്ള പോസ്റ്റ്‌ പങ്ക് വെച്ചത്. താങ്കളെ കൊണ്ടും പാർട്ടിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഒന്നും വിസ്മരിക്കുന്നില്ല. എന്നാലും പറയാം. ഞങ്ങളുടെ നേതാവിനെ ഇകഴ്ത്തി കൊണ്ട് ഇത്തരം പോസ്റ്റുകളുമായി വന്നാൽ താങ്കൾ ചെയ്ത പതിനായിരം നന്മമകളുണ്ടായാലും ഈ ഒരു തിന്മ കൊണ്ട് ആ നന്മകളൊക്കെ ഞങ്ങളങ്ങ് മറക്കും. ലക്ഷ്യക്കണക്കിന് മെമ്പർമാരുള്ള പാർട്ടിയിലേ വെറും 25 ആളുടെ പേരാണ് ഇന്ന് തങ്ങൾ പ്രഖ്യാപിച്ചത്. അവരെ പോലെയോ അവരുടെ മുകളിലോ കഴിവുള്ള പതിനായിരങ്ങൾ പാർട്ടിക്ക് പുറത്തുണ്ട്. അവരൊക്കേ ഇങ്ങനെ ബഹളം വെക്കാൻ നിന്നാൽ എന്താവും അവസ്ഥ. അവരെയൊക്കെ പോലെ അച്ചടക്കത്തോടെ നിന്നാൽ താങ്കളും ഇതുവരെ പോലെ തന്നേ ഞങ്ങളുടെ ഇഷ്ട്ട സാഹിബാണ്. മറിച്ചാണെങ്കിൽ ഒരു നന്ദി കെട്ടവനും. രണ്ടിനേയും രണ്ടായി കാണാനും പ്രവർത്തിക്കാനും നല്ല പോലെ അറിയുന്ന പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. ഓർക്കുന്നത് നല്ലതാണ് സാഹിബേ..’ എന്ന് മറ്റൊരു പ്രവർത്തകനും പ്രതികരിച്ചു.

അതിനിടെ, മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥികൾക്കെതിരെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രംഗത്തെത്തി. ഫാത്തിമ തഹ്‍ലിയയെയും ജയന്തിരാജനെയും സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചു. വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ല എന്നും ജയന്തിരാജൻ സ്ഥാനാർഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു. ‘ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച പട്ടികയെ രണ്ടു കൈയും കൊട്ടി സ്വീകരിക്കുന്നു. പക്ഷേ, ലിസ്റ്റിൽ വന്ന രണ്ട് വനിതകളിൽ ഒന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല. എന്തും പറയാവുന്നവരെയാണ് ക്വാളിഫിക്കേഷൻ ആയി വെക്കുന്നതെങ്കിൽ അതിൽ വനിതാലീഗിന് ദുഃഖമുണ്ട്, പ്രതിഷേധമുണ്ട്’ -അവർ പ്രതികരിച്ചു.

Show Full Article
TAGS:kerala assembly election Abdurahiman Randathani Muslim League Kerala Assembly Election 2026 
News Summary - kerala assembly election 2026: Abdurahiman Randathani facebook post
Next Story