അയ്യപ്പ സംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? -കെ.പി. ശശികല; ‘പമ്പയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മണിയറ ഒരുക്കിയിരിക്കുന്നു’
text_fieldsകോഴിക്കോട്: ശനിയാഴ്ച പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ആക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. സംഗമത്തിൽ വരുന്ന മുഖ്യമന്ത്രിയടക്കമുള്ളവർക്കായി പമ്പയിലെ ശബരിമല മരാമത്ത് ഓഫിസിൽ ‘മണിയറ’ ഒരുക്കിയിരിക്കുന്നതായി ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ എന്നും കുറിപ്പിൽ ചോദിച്ചു.
‘ഇത് പമ്പയിലുള്ള ശബരിമല ബോർഡ് മരാമത്ത് ഓഫിസ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ ഓഫിസിൽ ഒരു പണിയും നടക്കുന്നില്ല. പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവർക്കായി 'മണിയറ’ ഒരുക്കിയിരിക്കുന്നു. കട്ടിലുകൾ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫിസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ? ഒരു സംഗമത്തിനു വന്നവർ പന്തലിൽ സംഗമിച്ചങ്ങ് പോയാൽ പോരെ. എന്തിനാണ് മണിയറ? അതോ സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ’ -ശശികല ചോദിച്ചു.
20ന് രാവിലെ എട്ടിനാണ് ആഗോള അയ്യപ്പ സംഗമം തുടങ്ങുക. രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമം വൈകീട്ട് 3.50ന് സമ്മേളനത്തോടെ സമാപിക്കും. രാവിലെ ഒമ്പതിന് പരമ്പരാഗത വാദ്യമേളങ്ങൾ അരങ്ങേറും. തുടർന്ന് 10.35ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനംചെയ്യും. സമീപനരേഖയുടെ അവതരണത്തോടെ ചർച്ചകളിലേക്ക് കടക്കും.
ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്വൽ ടൂറിസം സർക്യൂട്ട്, ശബരിമലയുടെ തിരക്ക് നിയന്ത്രണം എന്നീ മൂന്ന് വിഷയങ്ങളിലാണ് ചർച്ച നടക്കുക. ആചാരനുഷ്ഠനങ്ങൾ, സ്ത്രീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാവില്ല. പമ്പാതീരത്ത് മൂന്ന് വേദികളിലാണ് ചർച്ചകൾ നടക്കുക.
പ്രധാനവേദിയിലാണ് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ചർച്ച നടക്കുക. ശബരിമയിലെ സുസ്ഥിരവികസനം എങ്ങനെ വേണം, മാസ്റ്റർ പ്ലാനിന് വേണ്ട 1072 കോടിയുടെ കണ്ടെത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ചചെയ്യും. പാനലിസ്റ്റുകൾക്ക് 15 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. രണ്ടാംവേദിയിൽ ആത്മീയ ടൂറിസം സാധ്യതകളെ ആഗോള ടൂറിസവുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കും. മൂന്നാംവേദിയിൽ തീർഥാടകർക്ക് തിരക്കില്ലാതെ എങ്ങനെ ദർശനം പൂർത്തിയാക്കാം, ഇതുസംബന്ധിച്ച ക്രമീകരണവും മുന്നൊരുക്കവും അവതരിപ്പിക്കും.
1.30ന് ഉച്ചഭക്ഷണവും തുടർന്ന് രണ്ടുമുതൽ പ്രധാനവേദിയിൽ ഗായകരായ വിജയ് യേശുദാസ്, അഭിഷേക് മണി, സുധീപ് ഉൾപ്പെടെ പങ്കെടുക്കുന്ന ഭക്തിഗാനമേളയും നടക്കും. സമാപന സമ്മേളനശേഷമാകും സമ്മേളന പ്രതിനിധികൾ സന്നിധാനത്തേക്ക് പോകുക. ദർശനത്തിന് വി.ഐ.പി പരിഗണന ഉൾപ്പെടെ നൽകരുതെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നിരീക്ഷണം പരിപാടിയിലുണ്ടാകും.
അതേസമയം, കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി കഴിയാത്തതിനാൽ സംഗമത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചിട്ടും കൊട്ടാരത്തിലെ വലിയ തമ്പുരാനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ കൊട്ടാരം അറിയിച്ചിരുന്നത്. ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിനിധികൾ അറിയിച്ചു.
‘2018ലെ കേസുകൾ കേസുകൾ പിൻവലിക്കുക എന്നതായിരുന്നു പന്തളം കൊട്ടാരം പ്രധാനമായും ആവശ്യപ്പെട്ട കാര്യം. ഇവ പിൻവലിക്കുന്നത് സംബന്ധിച്ച് ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന ബോർഡിന്‍റെ വാക്ക് വിലക്കെടുത്താണ് കൊട്ടാരം മുന്നോട്ടുപോയിരുന്നത്. എന്നാൽ യുവതീപ്രവേശന കേസുകൾ ഉടൻ പിൻവലിക്കില്ലെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. സുപ്രീംകോടതിയിലുള്ള കേസുകളിലും മുൻപുണ്ടായിരുന്ന നിലപാടുതന്നെ ആവർത്തിച്ച സർക്കാർ തീരുമാനം പ്രതിഷേധാത്മകവും, ഭക്തജനങ്ങൾക്ക് വേദനാജനകവുമാണ്. സർക്കാറും ദേവസ്വം ബോഡും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ചു കൊണ്ടു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മറിച്ചുള്ള തീരുമാനങ്ങളോട് യോജിക്കാനാകില്ല. കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി സെപ്റ്റംബർ 27നു മാത്രമേ കഴിയുകയുള്ളു. അതുവരെ ഇതുപോലെ ഉള്ള ചടങ്ങിൽ നിന്നും കൊട്ടാരം വിട്ടുനിൽക്കും’ -പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.