‘എന്റെ ഉപ്പ മരിച്ച്ക്ക്ണു, ഉമ്മാക്ക് സുഖമില്ല...‘ -കുടുംബം നോക്കാൻ ചായ വിറ്റുനടന്ന 11കാരനെ ചേർത്തുപിടിച്ച് നാട്
text_fieldsപെരിന്തൽമണ്ണ: ‘എന്റെ ഉപ്പ മരിച്ച്ക്ക്ണു.. ഉമ്മാക്ക് സുഖമില്ല. പെരേലെ ചെലവിനാണ് ചായ വിൽക്കുന്നത്. ഉമ്മാനെ ആശുപത്രീല് കാണിക്കേം വേണം. ഇന്ന് ഉച്ചക്ക് വന്നിട്ട് രാത്രി 9.20 വരെ അഞ്ച് ചായവിറ്റു.. ഇനി 16 ചായ ബാക്കി ണ്ട്. പെരിന്തൽമണ്ണ ബൈപ്പാസ് മുഴുവൻ നടന്നു. ഇനി പെരേൽപോണം. ഇന്നത്തെ പാലും പോയി, പൈസയും പോയി..’ -ഉള്ളം പിടക്കുന്ന സങ്കടം അടക്കിപ്പിടിച്ചാണ് ഏഴാം ക്ലാസുകാരനായ ഹുസൈൻ ഇത് പറഞ്ഞു തീർത്തത്. ചെറുപ്രായത്തിൽ ജീവിതഭാരം തലയിലേറ്റിയതിന്റെ നൊമ്പരം ആ11കാരന്റെ കണ്ണുകളിൽ കാണാമായിരുന്നു.
അസമിൽൽനിന്ന് രണ്ടുവർഷം മുമ്പ് ഉപ്പയുടെയും ഉമ്മയുടെയും കൂടെ കേരളത്തിലേക്ക് കുടിയേറിയതാണ് ഹുസൈൻ. വാടകവീട്ടിൽ താമസം. രണ്ട് മാസം കൊണ്ട് മലയാളം വെള്ളംപോലെ പഠിച്ചു. ഇവിടെ പെരിന്തൽമണ്ണ ബോയ്സ് സ്കൂളിൽ ഹുസൈനെ ചേർത്തു. എന്നാൽ, തേപ്പ് ജോലിക്കാരനായ ഉപ്പ എട്ടുമാസംമുമ്പ് ഒരപകടത്തിൽ മരിച്ചതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. രോഗബാധിതയായ ഉമ്മയും കുഞ്ഞനുജനും ഹുസൈനും തീർത്തും അനാഥരായി. ഉമ്മയുടെ ചികിത്സക്കും കുടുംബത്തിന്റെ ചിലവിനും വേറെ വഴിയില്ലാതയതോടെ ഹുസൈൻ ജോലിക്കിറങ്ങി.
‘ഉമ്മ ചായ ണ്ടാക്കിത്തരും, പെരിന്തൽമണ്ണയിൽ നടന്ന് വിൽക്കും‘
പട്ടിണി കിടക്കാതിരിക്കാൻ ഏക വഴി ഹുസൈൻ എന്തെങ്കിലും ജോലി ചെയ്യുക എന്നത് മാത്രമായിരുന്നു. ഇതിനായി ഒരുഫ്ലാസ്ക് വാങ്ങി. വീട്ടിൽനിന്ന് ചായയും ചെറുകടികളും ഉണ്ടാക്കി പെരിന്തൽമണ്ണ അങ്ങാടിയിൽ നടന്നുവിൽക്കും. ‘അധിക ദിവസവും ഞാൻ ഇവിടെ ചായയുമായി ഉണ്ടാകും. ഉമ്മാനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ദിവസം മാത്രം വരൂല. ഉമ്മാന്റെ കൂടെ ഇടക്കൊക്കെ ആശുപത്രിയിൽ പോണം’ -ഹുസൈൻ പറയുന്നു.
ചിലപ്പോൾ നാലോ അഞ്ചോ ചായ വിൽക്കും. അന്ന് മൊത്തം നഷ്ടമാകും. അപൂർവം ചില ദിവസങ്ങളിൽ 20 ചായ വിൽക്കും. മൊത്തം വിറ്റുതീർന്നാൽ വേഗം വീട്ടിലേക്ക് മടങ്ങും. വിൽപന നടന്നില്ലെങ്കിൽ രാത്രി 10 മണിവരെ കാത്തിരുന്ന് വീടുപിടിക്കും. കഴിഞ്ഞ ദിവസം ഒരു വ്ലോഗർ ഹുസൈനെ കാമറയിൽ പകർത്തിയതോടെയാണ് ഈ കുരുന്നിന്റെ സങ്കടകരമായ ജീവിതം പുറംലോകമറിഞ്ഞത്.
ഹുസൈൻ ഇനി പെരിന്തൽമണ്ണയുടെ ബ്രാൻഡ് അംബാസിഡറെന്ന് നജീബ് കാന്തപുരം എം.എൽ.എ
‘എനിക്ക് അസം ഇഷ്ടല്ല, കേരളമാണ് ഇഷ്ടം. ഉമ്മാനെ നോക്കണം. പെരിന്തൽമണ്ണ വിട്ട് എങ്ങോട്ടുമില്ല. നന്നായി പഠിക്കണം. പഠിച്ചിട്ടേ കാര്യമുള്ളൂ’ -തന്റെ അവസ്ഥ കേട്ടറിഞ്ഞ് വാടകവീട്ടിൽ കാണാനെത്തിയ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തോട് ഹുസൈൻ പറഞ്ഞു. വിദ്യാഭ്യാസ ചെലവ് എല്ലാം ഞങ്ങൾ ഏറ്റെടുക്കുമെന്ന് കുട്ടിയെ ചേർത്തുപിടിച്ച് എം.എൽ.എ ഉറപ്പ് നൽകി.
‘പഠിച്ചിട്ടേ കാര്യമുള്ളൂ എന്ന് പറയാനുള്ള ബുദ്ധി ഇത്ര ചെറുപ്പത്തിലേ ഉണ്ടായല്ലോ! മോൻ ഇനി നമ്മുടെ പെരിന്തൽമണ്ണയുടെ ബ്രാൻഡ് അംബാസിഡറാണ് ട്ടോ... ഉഷാറായിട്ട് പഠിക്കണം. യൂനിഫോമും പുസ്തകങ്ങളും എല്ലാം നമ്മൾ റെഡിയാക്കും. ബാക്കി കാര്യങ്ങളും ഞങ്ങൾ കൂടി ആലോചിച്ച് ചെയ്യും. ഈ വീട്ടിൽനിന്ന് കുറച്ചുകൂടി നല്ല വീട്ടിലേക്ക് വേഗം മാറാം’ -എം.എൽ.എ പറഞ്ഞു. നിരവധി പേരാണ് ഈ ബാലനെ സഹായിക്കാനായി ഇപ്പോൾ മുന്നോട്ടുവരുന്നത്.


