‘ആദ്യത്തെ ക്യാപ്സ്യൂൾ വന്നു ഗയ്സ്...’ -മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ
text_fieldsകൊച്ചി: നിലമ്പൂരിൽ സി.പി.എം സ്ഥാനാർഥി പരാജയപ്പെടുമെന്നും അതിന്റെ ആദ്യ ക്യാപ്സ്യൂളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പ്രസ്താവനയെന്നും കോൺഗ്രസ് നേതാക്കളുടെ പരിഹാസം. കോൺഗ്രസ് നേതാവ് വി.ടി. ബൽറാം, യൂത്ത് കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തോൽവി മണത്തുള്ള ക്യാപ്സ്യൂളായി വിലയിരുത്തിയത്.
നിലമ്പൂർ പരമ്പരാഗത യു.ഡി.എഫ് മണ്ഡലമാണെന്നും അതുകൊണ്ട് ജയമോ തോല്‍വിയോ പ്രശ്‌നമാക്കുന്നില്ലെന്നായിരുന്നു സിപിഎം ശില്പശാലയിൽ പിണറായിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ആദ്യത്തെ ക്യാപ്സ്യൂൾ വന്നു ഗയ്സ്...’ എന്നായിരുന്നു ഇതേക്കുറിച്ച് താര ടോജോ അലക്സിന്റെ പരിഹാസം.
ഒരു ക്യാപ്സ്യൂൾ എന്ന നിലയിൽ ഇന്നത്തെ ദിവസം ഇറക്കാവുന്ന ഭേദപ്പെട്ട ഒന്നാണ് മുഖ്യമന്ത്രിയുടേതെന്ന് വി.ടി. ബൽറാം പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് പോലെ നിലമ്പൂർ അങ്ങനെ പരമ്പരാഗത യുഡിഎഫ് മണ്ഡലമല്ല എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു ക്യാപ്സ്യൂൾ എന്ന നിലയിൽ ഇന്നത്തെ ദിവസം ഇറക്കാവുന്ന ഭേദപ്പെട്ട ഒന്നാണ് മുഖ്യമന്ത്രിയുടേത്. എന്നാൽ ഒരു പ്രശ്നമുണ്ടല്ലോ മുഖ്യമന്ത്രി സാറേ, അതുകൊണ്ട് ചില വസ്തുതകൾ ഇപ്പൊഴേ പറഞ്ഞുറപ്പിച്ച് തന്നെ പോവാം. മുഖ്യമന്ത്രി പറയുന്നത് പോലെ നിലമ്പൂർ അങ്ങനെ പരമ്പരാഗത യുഡിഎഫ് മണ്ഡലമല്ല എന്നതാണ് യാഥാർത്ഥ്യം. നിലമ്പൂർ എന്ന പേര് മാത്രം വച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട. ഇന്നത്തെ രൂപത്തിലുള്ള നിലമ്പൂർ അസംബ്ലി മണ്ഡലം നിലവിൽ വന്ന 2011ന് ശേഷം അവിടെ നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടിലും (2016, 2021) ജയിച്ചത് മുഖ്യമന്ത്രിയുടെ മുന്നണി സ്ഥാനാർത്ഥിയാണ്. സാക്ഷാൽ ആര്യാടൻ മുഹമ്മദ് ജയിച്ച 2011ൽപ്പോലും കേവലം 5500ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മണ്ഡല പുനർനിർണയത്തിൽ വലിയ നഷ്ടമാണ് യുഡിഎഫിനുണ്ടായത്. മൃഗീയമായ ലീഡ് ലഭിച്ചിരുന്ന മൂന്ന് പഞ്ചായത്തുകൾ നിലമ്പൂരിൽ നിന്ന് മാറി. നേരത്തെ നിലമ്പൂരിന്റെ ഭാഗമായിരുന്ന ചാലിയാർ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേക്ക് മാറി. ഇവിടെ 2500 വോട്ടെങ്കിലും യുഡിഎഫിന് ലീഡ് കിട്ടാമായിരുന്നു. 4000 വോട്ട് വരെ ലീഡ് കിട്ടാവുന്ന ചോക്കാടും 3000 വോട്ട് വരെ ലീഡ് കിട്ടാവുന്ന കാളികാവും ഇപ്പോൾ വണ്ടൂർ മണ്ഡലത്തിന്റെ ഭാഗമായി. അതായത് ഇന്നത്തെ നിലമ്പൂർ മണ്ഡലം എൽഡിഎഫിന് നല്ല രാഷ്ട്രീയ കരുത്തുള്ള മണ്ഡലമാണ്, ഒരു യുഡിഎഫ് ശക്തികേന്ദ്രമല്ല. നാളെ രാവിലെ എണ്ണാനുള്ളതാണല്ലോ നിലമ്പൂരിലെ വോട്ടുകൾ. ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. ക്യാപ്സ്യൂൾ നിർമ്മാതാക്കൾ ഇന്ന് ഓവർനൈറ്റ് പണിയെടുത്ത് ന്യായീകരണങ്ങൾ ഇറക്കുന്നുണ്ടാവാം. ഏതായാലും കേരളത്തിന്റെ മുഖ്യമന്ത്രി കൂടി അക്കൂട്ടത്തിൽ കൂടുന്നത് അത്ര ഭൂഷണമല്ല’ -ബൽറാം പറഞ്ഞു.