‘ബിഷപ്പ് തന്നെ 13വട്ടം ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ടത് ഒരു കന്യാസ്ത്രീ, അന്നൊന്നും കർദിനാൾ ക്ലീമിസ് തിരുവസ്ത്ര വിശുദ്ധവാദം പറഞ്ഞില്ല’ -ബി.ജെ.പി നേതാവ് കെ.എസ്. രാധാകൃഷ്ണൻ
text_fieldsകൊച്ചി: തന്നെ ഒരു ബിഷപ്പ് പതിമൂന്നു വട്ടം ആവർത്തിച്ചു ബലാത്സംഗം ചെയ്തു എന്ന് ഒരു കന്യാസ്ത്രീ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കെ.സി.ബി.സി ചെയർമാൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് തിരുവസ്ത്ര വിശുദ്ധവാദം പറഞ്ഞ് രംഗത്തുവന്നിട്ടില്ലെന്ന് ബി.ജെ.പി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണൻ.
‘ബിഷപ്പും കന്യാസ്ത്രീയും തിരുവസ്ത്രധാരികളായിരുന്നു. സഭാതലവനായ ഒരു കർദിനാളിനെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച കേസിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്നത് തിരുവസ്ത്രധാരികളായ പുരോഹിതരാണ്. അന്നൊന്നും കർദിനാൾ ക്ലീമിസ് തിരുവസ്ത്ര വിശുദ്ധവാദം പറഞ്ഞില്ല എന്നും ഓർക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രിമിനൽ കുറ്റാരോപിതരായി തിരുവസ്ത്രധാരികൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ മാത്രമാണോ തിരുവസ്ത്ര വിശുദ്ധി ഹനിക്കപ്പെടുന്നത്? വ്യഭിചാരവും കളവും ചതിയും നടത്തുന്നവരെ തിരുവസ്ത്ര വിശുദ്ധിയുടെ പേരിൽ കുറ്റവിമുക്തരാക്കാൻ കഴിയുമോ? അത്തരം സന്ദർഭങ്ങളിൽ കർദ്ദിനാൾ ക്ലീമിസ് സാധാരണ ഗതിയിൽ മൗനം പാലിക്കാറാണ് പതിവ്’ -രാധാകൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ആര് എതിർത്താലും എന്ത് തന്നെ സംഭവിച്ചാലും ഇവാഞ്ചലൈസേഷൻ (മതപരിവർത്തന പ്രേക്ഷിത വേല ) നിർത്തി വെക്കില്ല എന്ന കർദിനാൾ ക്ലീമിസിന്റെ പ്രസ്താവനക്കെതിരെയും രാധാകൃഷ്ണൻ രംഗത്തുവന്നു. ‘ഒരു ഇവാഞ്ചലിസ്റ്റ് മറ്റു മതങ്ങളിലേക്ക് കടന്നുകയറുമ്പോൾ ആ മതത്തിൽപ്പെട്ടവർക്ക് അങ്ങിനെ ചെയ്യരുത് എന്ന് പറയാനും അവകാശമുണ്ട്. അത്തരം ഒരു നീക്കം ഒരു കാരണവശാലും ഏകപക്ഷീയമാകില്ല എന്നും ഓർക്കണം. മതങ്ങൾ എല്ലാം സമമാണെങ്കിൽ ഒരു മതത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് നിരർത്ഥകമാണ്. ഇനി, മതങ്ങൾക്ക് തമ്മിൽ മേൽത്തര-കീഴ്ത്തര വ്യത്യാസമുണ്ടെന്ന് ഓരോരുത്തരും കരുതിയാൽ അത് മത സംഘർഷത്തിലേ പര്യവസാനിക്കുകയുള്ളു. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം പാടില്ല എന്നത് ബിജെപിയുടെ പ്രഖ്യാപിതനയമാണ്. ഏത് മതത്തിലൂടെയും മനുഷ്യന് നന്നാകാൻ കഴിയും എന്നാണെങ്കിൽ പിന്നെ മതപരിവർത്തനം എന്തിനു വേണ്ടി?’ -അദ്ദേഹം ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രിമിനൽ കുറ്റാരോപിതരായി തിരുവസ്ത്രധാരികൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ മാത്രമാണോ തിരുവസ്ത്ര വിശുദ്ധി ഹനിക്കപ്പെടുന്നത്. വ്യഭിചാരവും കളവും ചതിയും നടത്തുന്നവരെ തിരുവസ്ത്ര വിശുദ്ധിയുടെ പേരിൽ കുറ്റവിമുക്തരാക്കാൻ കഴിയുമോ? കർദ്ദിനാൾ ക്ലീമിസ് മറുപടി പറയണം.
സഭയുടെ രാഷ്ട്രീയ നിലപാട് ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ടു റിമാൻ്റിൽ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസീസ് എന്നിവർക്ക് ലഭിക്കുന്ന നീതിയെ ആസ്പദമാക്കി ആയിരിക്കുമെന്ന് കെ സി ബി സി ചെയർമാൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് പ്രസ്താവിച്ചു. രണ്ടു കന്യാസ്ത്രീകളും നിരുപാധികം വിട്ടയക്കപ്പെടുന്നതിനെയാണ് നീതി എന്നതുകൊണ്ട് കർദ്ദിനാൾ അർത്ഥമാക്കുന്നത്. ആ നീതി ലഭിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാരും ഛത്തീസ്ഗഢ് സർക്കാരും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം കോൺഗ്രസ്സും സി പി എമ്മും ഉന്നയിക്കുന്നുണ്ട്. എഫ് ഐ ആർ പിൻവലിക്കണമെന്നും റിമാൻ്റിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും വൃന്ദ കാരാട്ടും ആവശ്യപ്പെട്ടു. ആ നീതി കന്യാസ്ത്രീകൾക്ക് നേടി കൊടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഒപ്പമായിരിക്കും തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് എന്നാണ് കർദ്ദിനാൾ ക്ലീമിസിൻ്റെ ഈ പ്രഖ്യാപനത്തിൻ്റെ അർത്ഥം.
അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് എതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ രണ്ടാണ്. ഒന്ന്. അവർ ബലപ്രയോഗ മതപരിവർത്തനം നടത്തി. രണ്ട്. അവർ മനുഷ്യകടത്ത് നടത്തി. ആരോപിക്കപ്പെടുന്ന രണ്ടു കുറ്റങ്ങളും ഗൗരവമുള്ളവയാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. ഈ ഘട്ടത്തിൽ അവർ കുറ്റവാളികളല്ല കുറ്റാരോപിതർ മാത്രമാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു നിയമ പ്രശ്നമാണിത്. ഈ നിയമ പ്രശ്നം കോടതിക്ക് പുറത്തുള്ള ശക്തികളായ
കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും
അവരുടെ നേതാക്കളും ഒരുമിച്ച് ചേർന്ന് പരിഹരിക്കണം എന്നാണ് കർദ്ദിനാൾ ക്ലീമിസും അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നവരും ആവശ്യപ്പെടുന്നത്.
മനുഷ്യകടത്തിൻ്റെ പേരിൽ കേരളത്തിൽ രണ്ട് കന്യാസ്ത്രീകളെ നാല് വർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അമ്പക്കാട് സെൻ്റ് ജോസഫ് കോൺവെൻ്റിലെ കന്യാസ്ത്രീകളായ സിസ്റ്റർ ടെസിയും സിസ്റ്റർ ടെസ്ലിനയുമാണ് തിരുവസ്ത്രധാരികളായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ കന്യാസ്ത്രീകളെ നിരുപാധികം കേസെടുക്കാതെ മോചിപ്പിക്കണമെന്ന് അന്ന് ആരും ആവശ്യപ്പെട്ടതായി ഓർക്കുന്നില്ല. ഇന്നലെ അവരെ കോടതി കുറ്റക്കാരല്ല എന്നു കണ്ട് വെറുതെ വിട്ടു. ഛത്തീസ്ഗഢിൽ ഉന്നയിക്കുന്ന തിരുവസ്ത്ര വിശുദ്ധ സിദ്ധാന്തം അന്ന് ആരും ഉന്നയിച്ചില്ല. വിശുദ്ധി വസ്ത്രത്തിനല്ല അത് ധരിക്കുന്നവൻ്റെ പ്രവർത്തനങ്ങളിലാണ് തെളിയുന്നതും തെളിയേണ്ടതും. യേശുദേവൻ ഉപയോഗിച്ച വസ്ത്രം വിശുദ്ധമാകുന്നത് യേശുദേവൻ്റെ ജീവിത വിശുദ്ധികൊണ്ടാണ്. ജീവിത വിശുദ്ധിയില്ലാത്തവർ ആരും തന്നെ അവർ ധരിക്കുന്ന വസ്ത്രമഹിമ കൊണ്ട് വിശുദ്ധരാക്കപ്പെടുകയുമില്ല.
തന്നെ ഒരു ബിഷപ്പ് പതിമൂന്നു വട്ടം ആവർത്തിച്ചു ബലാത്സംഗം ചെയ്തു എന്ന് പോലീസിൽ പരാതിപ്പെട്ടത് ഒരു കന്യാസ്ത്രീയാണ്. ബിഷപ്പും കന്യാസ്ത്രീയും തിരു വസ്ത്രധാരികളായിരുന്നു. സഭാതലവനായ ഒരു കർദ്ദിനാളിനെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നതിന് വേണ്ടി വ്യാജരേഖ ചമച്ച കേസിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്നത് തിരുവസ്ത്രധാരികളായ പുരോഹിതരാണ്. അന്നൊന്നും കർദിനാൾ ക്ലീമിസ് തിരുവസ്ത്ര വിശുദ്ധവാദം പറഞ്ഞില്ല എന്നും ഓർക്കണം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത്
ക്രിമിനൽ കുറ്റാരോപിതരായി തിരുവസ്ത്രധാരികൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ മാത്രമാണോ തിരുവസ്ത്ര വിശുദ്ധി
ഹനിക്കപ്പെടുന്നത്. വ്യഭിചാരവും കളവും ചതിയും നടത്തുന്നവരെ തിരുവസ്ത്ര വിശുദ്ധിയുടെ പേരിൽ കുറ്റവിമുക്തരാക്കാൻ കഴിയുമോ? അത്തരം സന്ദർഭങ്ങളിൽ കർദ്ദിനാൾ ക്ലീമിസ് സാധാരണ ഗതിയിൽ മൗനം പാലിക്കാറാണ് പതിവ്.
ആര് എതിർത്താലും എന്ത് തന്നെ സംഭവിച്ചാലും ഇവാഞ്ച ലൈസേഷൻ (മതപരിവർത്തന പ്രേക്ഷിത വേല ) നിർത്തി വെക്കില്ല എന്നും കർദ്ദിനാൾ ക്ലീമിസ് പ്രഖ്യാപിച്ചു. അങ്ങനെ പറയാൻ അദ്ദേഹത്തിന് അവകാശമുണ്ട്. അതുപോലെ സർവ്വമത സമത്വവാദത്തിൽ വിശ്വസിക്കുന്നവർക്ക് അത് തെറ്റാണ് എന്നു പറയാനും അവകാശമുണ്ട്. ഒരു ഇവാഞ്ചലിസ്റ്റ് മറ്റു മതങ്ങളിലേക്ക് കടന്നുകയറുമ്പോൾ ആ മതത്തിൽപ്പെട്ടവർക്ക് അങ്ങിനെ ചെയ്യരുത് എന്ന് പറയാനും അവകാശമുണ്ട്. അത്തരം ഒരു നീക്കം ഒരു കാരണവശാലും ഏകപക്ഷീയമാകില്ല എന്നും ഓർക്കണം. മതങ്ങൾ എല്ലാം സമമാണെങ്കിൽ ഒരു മതത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് നിരർത്ഥകമാണ്. ഇനി, മതങ്ങൾക്ക് തമ്മിൽ മേൽത്തര-കീഴ്ത്തര വ്യത്യാസമുണ്ടെന്ന് ഓരോരുത്തരും കരുതിയാൽ അത് മത സംഘർഷത്തിലേ പര്യവസാനിക്കുകയുള്ളു. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം പാടില്ല എന്നത് ബിജെപിയുടെ പ്രഖ്യാപിതനയമാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനത്തിലാണ് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്. ഏത് മതത്തിലൂടെയും മനുഷ്യന് നന്നാകാൻ കഴിയും എന്നാണെങ്കിൽ പിന്നെ മതപരിവർത്തനം എന്തിനു വേണ്ടി?
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളിലും പോലീസ് അന്വേഷണം തുടങ്ങിയ സംഭവങ്ങളിലും രാഷ്ട്രീയ പാർട്ടികളും സർക്കാരും ഇടപെടണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. കാരണം ഈ രണ്ട് കാര്യങ്ങളിലും ബാഹ്യ ഇടപെടൽ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബാഹ്യശക്തികൾ പോലീസ് അന്വേഷണത്തിലും കോടതി നടപടികളിലും ഇടപെട്ടു തുടങ്ങിയാൽ ദുർബ്ബലർക്ക് നീതി നിഷേധിക്കപ്പെടും. സംഘടിത ശക്തികൊണ്ട് മാത്രം നേടാവുന്നതും നേടേണ്ടതുമല്ല നീതി എന്നു പറയുന്നത് യേശുദേവനാണ്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)