‘ക്രിസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ, സുവിശേഷം നിങ്ങൾ തമ്മിൽ അറിയിച്ചാൽ മതി’ -ക്രൈസ്തവർക്കെതിരെ രൂക്ഷവിമർശനവുമായി ശശികല
text_fieldsകോഴിക്കോട്: ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ വീണ്ടും രൂക്ഷപ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. ‘ഈ ബഹളമൊക്കെ കണ്ട് മതം മാറ്റം അവദിച്ചു തരുമെന്ന് ആരും കരുതേണ്ട. വോട്ടുകാട്ടി ഈ നാടിന്റെ പ്രതികരണ ശേഷിയെ മയക്കി കിടത്താം എന്നും മോഹിക്കേണ്ട. സുവിശേഷമെന്ന വിശേഷം നിങ്ങൾ തമ്മിൽ തമ്മിൽ അറിയിച്ചാൽ മതി’ -ശശികല പറഞ്ഞു.
‘ക്രിസ്ത്യാനിയായി ജീവിക്കുക, ക്രിസ്ത്യാനിയാക്കാൻ ജീവിക്കാതിരിക്കുക. വേണ്ടവരെയൊക്കെ കൃസ്ത്യാനിയാക്കി ജനിപ്പിക്കാൻ കഴിവുള്ള കർത്താവിൽ വിശ്വസിക്കു പിതാവേ... തിണ്ണമിടുക്കും പണവുമായി കൃസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ? ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും അറിഞ്ഞ ചില വിശേഷങ്ങളില്ലേ ആ വിശേഷങ്ങൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു’ -ഹിന്ദു ഐക്യവേദി ഫേസ്ബുക്കിൽ പങ്കുവെച്ച ശശികലയുടെ പ്രസ്താവനയിൽ പറയുന്നു.
അതിനിടെ, കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ കേരളത്തിലെ സംഘ്പരിവാർ സംഘടനകൾ തമ്മിൽ ഭിന്നത രൂക്ഷമായി. ബി.ജെ.പി നേതൃത്വം അറസ്റ്റിനെ തള്ളാതെയും കൊള്ളാതെയും അയഞ്ഞ നിലപാട് സ്വീകരിക്കുമ്പോൾ ഇത് ‘മൃദുനയ’മെന്നാരോപിച്ച് തുറന്നെതിർക്കുകയാണ് ആർ.എസ്.എസും ഹിന്ദു ഐക്യവേദിയും. വോട്ട് ലക്ഷ്യമിട്ട് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പംനിർത്താൻ സൗഹൃദനയതന്ത്രം തുടരുന്ന ബി.ജെ.പി, ഛത്തീസ്ഗഢിലേക്ക് ദൗത്യസംഘത്തെ അയക്കുകയും അനുകൂല പരാമർശങ്ങൾ നടത്തുകയും ചെയ്തതാണ് സംഘ്പരിവാർ സംഘടനകളെ ചൊടിപ്പിച്ചത്.
സംസ്ഥാന ഭാരവാഹി അനൂപ് ആന്റണിയെ ഛത്തിസ്ഗഢിലേക്ക് അയച്ചതിന് പിന്നാലെ, ആവശ്യങ്ങൾക്കായി താൻ നേരിട്ട് പോവുമെന്നും അവർക്ക് നീതി നൽകിയിട്ടു മാത്രമേ മടങ്ങിവരൂ എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കൂടാതെ അരമനകൾ കയറിയിറങ്ങി സഭാനേതൃത്വങ്ങളുമായി ചർച്ച നടത്തി അനുനയ നീക്കം ശക്തിപ്പെടുത്തുകയാണ് രാജീവ് ചന്ദ്രശേഖർ. ക്രൈസ്തവ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിൽ ഉടഞ്ഞുവീണതിന്റെ നിരാശ ഒരുഭാഗത്ത് കനപ്പെടുമ്പോഴാണ് മറുഭാഗത്ത് ആർ.എസ്.എസിന്റെ വിമർശനം.
അവിടെ നിയമവും നീതിയും നടപ്പാക്കാൻ സർക്കാറുണ്ടെന്ന് ഓർമിപ്പിച്ചും കേരളത്തിലെ ബി.ജെ.പി എന്തിനാണ് വേവലാതിപ്പെടുന്നതെന്ന് ചോദിച്ചും മുതിർന്ന ആർ.എസ്.എസ് നേതാവ് ഗോവിന്ദൻകുട്ടി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് താഴെയായിരുന്നു വിമർശനം. അവിടത്തെ സർക്കാർ നിയമാനുസൃതമായി പ്രവർത്തിക്കില്ലെന്നാണോ കേരളത്തിലെ പാർട്ടി കരുതുന്നതെന്നും പ്രീണനമല്ല പ്രവർത്തനമാണ് വേണ്ടതെന്നും ഗോവിന്ദൻകുട്ടി മുന്നറിയിപ്പ് നൽകുന്നു.
കേരള ബി.ജെ.പിയെ തള്ളിയും ഛത്തിസ്ഗഢ് സർക്കാറിനെ പിന്തുണച്ചും ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. ഛത്തിസ്ഗഢ് സർക്കാർ സ്വീകരിച്ച നിലപാടാണ് സ്വീകാര്യമായതെന്നും സേവനത്തിന്റെയും സ്നേഹത്തിന്റെയും മറവിൽ ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവർത്തനങ്ങൾ ആര് നടത്തിയാലും ശക്തമായി ചെറുക്കുമെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവിന്റെ പ്രതികരണം. ഒപ്പം കാള പെറ്റെന്ന് കേൾക്കുമ്പോഴെ കയറെടുക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണമെന്ന വിമർശനവും ഹിന്ദു ഐക്യവേദി മുന്നോട്ടുവെക്കുന്നു.
‘പറക്കണ പക്ഷി മനോഹരമാണ്, അതിനെ പിടിക്കണം, ശരി തന്നെ, പക്ഷേ കൈയിലുള്ളത് പറക്കാതെ നോക്കണം’ എന്നായിരുന്നു കെ.പി. ശശികലയുടെ ബി.ജെ.പിക്കുള്ള ഉപദേശം. ഛത്തിസ്ഗഢ് വിഷയത്തിൽ അനുനയം തുടരുന്ന ബി.ജെ.പി കൈയിലുള്ള സംഘ്പരിവാർ അനുകൂല ഹിന്ദു വോട്ടുകൾ കൈവിടുന്നുവെന്നാണ് ശശികലയുടെ സൂചന.
ബജ്റംഗ്ദൾ സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കുമെന്നുമുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും കനത്ത വിമർശനമുണ്ട്. ഇതിനെതിരെ കേരളത്തിലെ ബജ്റംഗ്ദളും രംഗത്തെത്തി.
ഹിന്ദു ഐക്യവേദിയുടെ കുറിപ്പിന്റെ പൂർണരൂപം:
ക്രൈസ്തവ മതനേതൃത്വത്തിന് ശശികല ടീച്ചറുടെ മറുപടി.
"ഈ ബഹളമൊക്കെ കണ്ട് മതം മാറ്റം അവദിച്ചു തരുമെന്ന് ആരും കരുതേണ്ട. വോട്ടുകാട്ടി ഈ നാടിൻ്റെ പ്രതികരണ ശേഷിയെ മയക്കി കിടത്താം എന്നും മോഹിക്കേണ്ട. സുവിശേഷമെന്ന വിശേഷം നിങ്ങൾ തമ്മിൽ തമ്മിൽ അറിയിച്ചാൽ മതി..
അമേരിക്കയിലേയും യൂറോപ്പിലേയുമൊക്കെ കൃസ്ത്യാനിക്ക് എപ്പോഴേ നേരം വെളുത്തു.
അവരൊന്നും ഇപ്പോൾ ഈ കച്ചവടവുമായി കാര്യമായി ഊരു ചുറ്റുന്നില്ല.
ക്രിസ്ത്യാനിയായി ജീവിക്കുക
ക്രിസ്ത്യാനിയാക്കാൻ ജീവിക്കാതിരിക്കുക
വേണ്ടവരെയൊക്കെ കൃസ്ത്യാനിയാക്കി ജനിപ്പിക്കാൻ കഴിവുള്ള കർത്താവിൽ വിശ്വസിക്കു പിതാവേ...
തിണ്ണമിടുക്കും പണവുമായി കൃസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ ?
ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും അറിഞ്ഞ ചില വിശേഷങ്ങളില്ലേ ആ വിശേഷങ്ങൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു"