Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightകന്യാസ്ത്രീകളുടെ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: പി.സി. ജോർജിനും ഷോൺ ജോർജിനും എന്താണ് പറയാനുള്ളത്? -സന്ദീപ് വാര്യർ

text_fields
bookmark_border
കന്യാസ്ത്രീകളുടെ അറസ്റ്റ്: പി.സി. ജോർജിനും ഷോൺ ജോർജിനും എന്താണ് പറയാനുള്ളത്? -സന്ദീപ് വാര്യർ
cancel

പാലക്കാട്: നിർബന്ധിത മതംമാറ്റലും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കേരളത്തിലെ ക്രിസ്ത്യാനികളെ സംഘപരിവാർ പാളയത്തിൽ കൊണ്ടുപോയി കെട്ടാൻ നിയോഗിക്കപ്പെട്ട പി.സി. ജോർജിനും ഷോൺ ജോർജിനും ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആത്മാഭിമാനമുള്ള ഒരു ക്രിസ്ത്യാനിയും ബി.ജെ.പിക്കാരൻ വച്ച് നീട്ടുന്ന ക്രിസ്മസ് കേക്ക് കൈകൊണ്ടു തൊടരു​തെന്നും സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾ ഇന്ന് തടവറയ്ക്കുള്ളിലാണ്. സംഘപരിവാറിന്റെ കൊടിയ മർദനവും ഭീഷണിയും പാവം കന്യാസ്ത്രീകൾക്ക് നേരെ ഉയരുമ്പോൾ കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും മൗനവ്രതത്തിലാണ്. കേരളത്തിലെ ക്രിസ്ത്യാനികളെ സംഘപരിവാർ പാളയത്തിൽ കൊണ്ടുപോയി കെട്ടാൻ നിയോഗിക്കപ്പെട്ട പി.സി. ജോർജിനും ഷോൺ ജോർജിനും ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്? ആത്മാഭിമാനമുള്ള ഒരു ക്രിസ്ത്യാനിയും ബി.ജെ.പിക്കാരൻ വച്ച് നീട്ടുന്ന ക്രിസ്മസ് കേക്ക് കൈകൊണ്ടു തൊടരുത്. ഇത് കേരളമായതുകൊണ്ട് മാത്രമാണ് സംഘപരിവാർ അതിൻറെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കാത്തത്. അതു മനസ്സിലാക്കി ബി.ജെ.പിയിൽ നിന്ന് അകന്നുനിൽക്കുക എന്നുള്ളതാണ് ഓരോ ക്രൈസ്തവിശ്വാസിക്കും ചെയ്യാനുള്ളത്’ -അദ്ദേഹം വ്യക്തമാക്കി.

അതിനി​ടെ, കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച ക​ത്തോലിക്ക ബിഷപ്പുമാരുടെ സംഘടനക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തുവന്നു. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സി.ബി.സി.ഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആരോപിച്ചു. ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവും ആണെന്ന് സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സന്യസ്തർക്ക് സഭ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടർ സംഭവങ്ങളിൽ ഒന്നു മാത്രമാണ് ദുർഗ് സംഭവം. രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണിത്. ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു.

Show Full Article
TAGS:Nuns Arrest Sandeep Varier Shaun George PC George 
News Summary - nuns arrest: sandeep varier against shaun george and pc george
Next Story