Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightമാതാപിതാക്കൾ ‘ഓൺലൈൻ’...

മാതാപിതാക്കൾ ‘ഓൺലൈൻ’ ഭയക്കുമ്പോൾ

text_fields
bookmark_border
മാതാപിതാക്കൾ ‘ഓൺലൈൻ’ ഭയക്കുമ്പോൾ
cancel

എല്ലാ തലമുറയിൽപെട്ടവരും ഇന്ന് ഓൺലൈൻ ഉപയോഗിച്ചുവരുന്നുണ്ട്. അതിൽ കൗമാരക്കാരും കുട്ടികളുമാണ് കൂടുതൽ എന്നാണ് കണക്കുകൾ പറയുന്നത്. ഓൺലൈൻ ഉപയോഗവും അതിന്റെ സാമൂഹിക തലങ്ങളും സംബന്ധിച്ച് ‘ലോക്കൽ സർക്ക്ൾസ്’ നടത്തിയ ‘സെയ്ഫർ ഇന്റർനെറ്റ് ഡേ’ സർവേയിലെ വിവരങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗംമൂലം രണ്ടിലൊരു കുടുംബം ഭയത്തിലാണെന്നാണ് സർവേയിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. മാതാപിതാക്കളിൽ ഭൂരിഭാഗംപേരും ആശങ്കാകുലരാണെന്നും പഠനം പറയുന്നു.

കുട്ടികൾ ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ, അവരുടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മാതാപിതാക്കളിൽ രൂക്ഷമാവുകയാണെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ രണ്ടിൽ ഒരാൾ വീതം 9 മുതൽ 17 വയസ്സ് വരെ പ്രായമുള്ള തങ്ങളുടെ കുട്ടികൾ സൈബർ ഭീഷണിയോ അല്ലെങ്കിൽ ഓൺലൈൻ ബുള്ളിയിങ്ങോ നേരിടുന്നുണ്ടെന്ന് പറയുന്നു. രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ.

സോഷ്യൽ മീഡിയ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഗെയിമിങ് ആപ്പുകൾ എന്നിവ കൗമാരക്കാരിൽ പലപ്പോഴും അമിത സ്വാധീനം ചെലുത്തുന്നുണ്ടെന്നും അത് അപകടസാധ്യതകൾക്ക് വഴിവെക്കുന്നുണ്ടെന്നും സർവേയിൽ പങ്കെടുത്ത മാതാപിതാക്കൾ അഭിപ്രായപ്പെടുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ സുരക്ഷാ നടപടികളും, പ്രായ പരിശോധനയും കൃത്യമായി നടത്തണമെന്നും ഇവർ നിർദേശിക്കുന്നുണ്ട്.

സർവേയിൽ, നഗരപ്രദേശങ്ങളിലെ 50 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ അനാവശ്യ ഓൺലൈൻ കണ്ടന്റുകൾക്കോ ഓൺലൈൻ ബുള്ളിയിങ്ങിനോ വിധേയരായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. മുന്നറിയിപ്പില്ലാത്ത അഡൾട്ട് കണ്ടന്റുകളും അധിക്ഷേപകരമായ സന്ദേശങ്ങളും സൈബർ അറ്റാക്കുകളും കൗമാരക്കാർ നേരിടുന്നതായി മാതാപിതാക്കൾ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ കുട്ടികൾ സമൂഹ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവയിൽ ദിവസവും മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ ചെലവഴിക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത ഏകദേശം 49 ശതമാനം രക്ഷിതാക്കളും പറയുന്നു. അമിതമായ സ്‌ക്രീൻ സമയം കുട്ടികളിൽ ക്ഷമയില്ലായ്മയും ഹൈപ്പർ ആക്ടിവിറ്റിയും കൂട്ടുന്നതായും അഭിപ്രായങ്ങളുണ്ട്. സൈബർ ഭീഷണിയാണ് ഏറ്റവും വേദനാജനകമായ ഓൺലൈൻ ഭീഷണികളിൽ ഒന്നായി മാതാപിതാക്കൾ പറയുന്നത്. നാണക്കേടോ പ്രതികാരമോ ഭയന്ന് പല കുട്ടികളും ഇത്തരം സംഭവങ്ങൾ പുറത്തുപറയാറില്ല. ഇതറിഞ്ഞാലും പൊലീസിൽ പരാതിപ്പെടാനും പല മാതാപിതാക്കളും മടിക്കുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Show Full Article
TAGS:socialmedia Parents kids 
News Summary - When parents are afraid of 'online'
Next Story