Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightവിവാഹത്തിന് മുമ്പ്...

വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി ടെസ്റ്റ്; വൈദികന്റെ പരാമർശത്തിൽ വിവാദം, നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞതെന്ന് വിശദീകരണം

text_fields
bookmark_border
https://www.madhyamam.com/tags/hiv-test
cancel
camera_alt

റവ. ഡോ. കെ. തോമസ്

തിരുവനന്തപുരം: വിവാഹത്തിനു മുമ്പ്​ മാർത്തോമ സഭയിലെ യുവതീയുവാക്കൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തണമെന്ന വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്‍റെ പരാമർശം വിവാദത്തിൽ.

‘കർണാടക സർക്കാർ എല്ലാ കാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരം ടെസ്റ്റുകൾക്ക് വിധേയമായ ശേഷമേ നടത്താവൂവെന്ന് ആഗ്രഹിക്കുന്നു. ഒരു പെണ്‍കുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തില്‍ കൊണ്ടുവരുമ്പോള്‍ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാന്‍ കഴിയണം. കുടുംബസംഗമത്തിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്’- റവ. തോമസ് പറഞ്ഞു.

ആഗസ്റ്റ് 30ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബസംഗമത്തിലാണ് വൈദികൻ പ്രസംഗം നടത്തിയത്​. പ്രസംഗം സഭയിലും പുറത്തും ചര്‍ച്ചയായതോടെ വിശദീകരണവുമായി റവ. ഡോ. കെ. തോമസ് രംഗത്തെത്തി. താന്‍ നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നായിരുന്നു പ്രതികരണം.

കുടുംബസംഗമത്തിലെ രക്ഷിതാക്കളെയാണ് താൻ അഭിസംബോധന ചെയ്തത്. ബോധവത്കരണം നടത്തുകയാണുണ്ടായത്. സഭയിലുള്ള ആരും വഴിതെറ്റിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം സഭക്കുള്ളില്‍ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട് -അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സഭയിലെ യുവതീയുവാക്കളെ അപമാനിക്കുന്ന പരാമർശങ്ങളാണ് വൈദികൻ നടത്തിയതെന്ന് ആരോപിച്ച് സഭയിലെ തന്നെ ഒരുവിഭാഗം രംഗത്തെത്തി. സഭയുടെ അഭിമാനമായി, മാന്യമായി വളർത്തുന്ന യുവജനങ്ങളെ പരസ്യമായി അപമാനിച്ചതിന് വൈദിക ട്രസ്റ്റി മാപ്പുപറയണമെന്നും പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നും യുവജന പ്രതിനിധികൾ മെത്രാപ്പോലീത്തയോട് ആവശ്യപ്പെട്ടു.

കർണാടകയിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000 ൽ അധികം വിദ്യാർഥികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതിനെ തുടർന്ന്, സർക്കാർ-എയ്ഡഡ്-സ്വകാര്യ കോളജുകളിലെല്ലാം എച്ച്‌.ഐ.വി പരിശോധനയും കൗൺസിലിങ് ക്യാമ്പുകളും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ ശിപാർശ പ്രകാരമാണ് സർക്കാറിന്റെ തീരുമാനം.

Show Full Article
TAGS:hiv test mar thoma sabha controversy speech Priest video 
Next Story