Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'ഉളുപ്പും നാണവും...

'ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേവാദികൾ, ഹിന്ദുക്കളെ പറ്റിക്കാനും മുസ്‌ലിംകളെ ദ്രോഹിക്കാനുമാണിത്, രാജ്യദ്രോഹമാണ്'; രാഹുൽ ഈശ്വർ

text_fields
bookmark_border
ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഗോഡ്സേവാദികൾ, ഹിന്ദുക്കളെ പറ്റിക്കാനും മുസ്‌ലിംകളെ ദ്രോഹിക്കാനുമാണിത്, രാജ്യദ്രോഹമാണ്; രാഹുൽ ഈശ്വർ
cancel

കൊച്ചി: വിദ്വേഷ സിനിമയായ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദ കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തം. കേരളത്തിൽ നിന്നുള്ള യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും വിസമ്മതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

'കേരളത്തിൽ ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിംകൾ' എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന സിനിമ ട്രെയിലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ വ്യക്തമാക്കിയത്.

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിലെന്നും മുസ്‌ലിംകളെ ദ്രോഹിക്കാനുള്ള ഈ ശ്രമം രാജ്യദ്രോഹമാണെന്നും അപലപനീയമാണെന്നും രാഹുൽ ഈശ്വർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ" - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റ് ൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. #keralastory2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ... രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത് .. കേരളം, ഭാരതം അഭിമാനം.

പിണറായി വിജയന്‍റെ പോസ്റ്റ്

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്.

കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്.

നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.

വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.


Show Full Article
TAGS:rahul easwar Kerala Story movie Hate Campaign Kerala 
News Summary - Rahul Easwar against Kerala Story 2
Next Story