തെരഞ്ഞെടുപ്പിൽ റീൽസാണ് താരം
text_fieldsപ്രതീകാത്മക ചിത്രം
പൊന്നാനി: പുതിയ കാലത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ രീതികളും മാറുന്നു. സ്ഥാനാർഥികളുടെ പോസ്റ്റുകൾ കവലകൾ തോറും നിറയുന്നതിനൊപ്പം സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും കൊഴുക്കുകയാണ്. വോട്ട് അഭ്യർഥിച്ചുള്ള സ്ഥാനാർഥികളുടെ റീൽസുകളാണ് നവമാധ്യങ്ങളിൽ നിറയുന്നത്. സാധാരണ വോട്ടഭ്യർഥനക്ക് പുറമെ വാർഡുകളിലെ വികസ നേട്ടവും വികസന മുരടിപ്പുമെല്ലാം വ്യത്യസ്ഥമായി പുറം ലോകത്തെത്തിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.
സാധാരണ വീഡിയോകൾ മുതൽ പതിനായിരങ്ങൾ മുടക്കി ഡ്രോൺ സംവിധാനവും, മറ്റു ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുമുള്ള റീൽസുകളുമെല്ലാം പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഷോർട്ട് വീഡിയോയിലൂടെ പരമാവധി വ്യത്യസ്ഥതയെന്നതാണ് സ്ഥാനാർഥികൾ ലക്ഷ്യം വെക്കുന്നത്. കണ്ടൻറ് ക്രിയേറ്റേഴ്സ് പുതിയ കണ്ടൻറുകൾ നൽകാനും രംഗത്തുണ്ട്.
പോസ്റ്ററുകളും വേറെ ലെവൽ
നാടറിയുന്ന സ്ഥാനാർഥി, നാടിന്‍റെ വികസനത്തിന്... ഇത്തരം ക്ലീഷേ പ്രയോഗങ്ങളെല്ലാം മാറ്റിയാണ് പോസ്റ്ററുകളിലും വ്യത്യസ്ഥത തേടുന്നത്. പ്രാസത്തിന് പ്രാധാന്യം നൽകിയും, ട്രെൻറിങ് വാക്കുകൾ കടമെടുത്തുമാണ് പുതിയ പോസ്റ്ററുകളിൽ സ്ഥാനാർഥികൾ ചിരിച്ചു നിൽക്കുന്നത്. പേരുകൾക്ക് യോജിച്ച കാപ്ഷനും എതിർ സ്ഥാനാർഥിക്കുള്ള മറുപടിയുമെല്ലാം പോസ്റ്ററുകളിൽ നിറയുന്നുണ്ട്. മികച്ച ഡിസൈനർമാരെ തേടിയാണ് ഇപ്പോൾ സ്ഥാനാർഥികൾ അലയുന്നത്. രണ്ടും മൂന്നും ഘട്ടമായാണ് ഒരോ സ്ഥാനാർഥിയും കവലകളിൽ പോസ്റ്ററുകൾ പതിക്കുന്നത്. ജെൻ സിയുടെ വൈബിനൊപ്പം എത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സ്ഥാനാർഥികളുടെ പ്രചരണ തന്ത്രങ്ങൾ.


