മറുചോദ്യത്തിൽ മോദിയുടെ വായടഞ്ഞു, അമിത് ഷാ ചൂളി പോയി -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: പാർലമെൻറ് സമ്മേളനത്തിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചക്കിടെ, പാകിസ്താൻ അപേക്ഷിച്ചപ്പോൾ നിങ്ങൾ എന്തിന് വെടി നിർത്തി എന്ന് രാഹുൽഗാന്ധി മറിച്ചു ചോദിച്ചപ്പോൾ മോദിയുടെ വായടഞ്ഞു പോയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം വായ്ത്താളം അടിച്ചിരുന്ന അമിത് ഷാ ഇപ്പോൾ പറയുന്നത് ഓപറേഷൻ സിന്ദൂർ നോൺ എസ്കലേറ്ററി മിഷൻ ആയിരുന്നു എന്നും അതിന്റെ ലക്ഷ്യം പാക്കധീന കാശ്മീർ തിരിച്ചുപിടിക്കൽ ആയിരുന്നില്ല എന്നുമാണ്. ലക്ഷ്യം ചുരുക്കാൻ നിങ്ങളോട് ആരെങ്കിലും പറഞ്ഞോ എന്ന കോൺഗ്രസ് അംഗങ്ങളുടെ മറു ചോദ്യത്തിന് മുന്നിൽ അമിത് ഷാ ചൂളി പോയി -സന്ദീപ് വാര്യർ പരിഹസിച്ചു.
ഓപറേഷൻ സിന്ദൂർ നടക്കുന്ന സമയത്ത് വിവരങ്ങൾ താൻ പാകിസ്താൻ അധികാരികളെ അറിയിച്ചുവെന്ന വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ വെളിപ്പെടുത്തലിനെതിരെയും സന്ദീപ് വാര്യർ പ്രതിക്രിച്ചു. ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഒരു വിദേശ മന്ത്രി ഇതുപോലെ വിഡ്ഢിത്തം കാണിച്ചു കൂട്ടുമോ എന്ന് അദ്ദേഹം ചോദിച്ചു.
‘193 രാജ്യങ്ങളിൽ കേവലം മൂന്ന് രാജ്യങ്ങളാണ് പാകിസ്താനെ പിന്തുണച്ചത് എന്ന് മോദി അവകാശപ്പെട്ടു. എന്നാൽ 190 രാജ്യങ്ങളിൽ ഒരു രാജ്യം പോലും പാകിസ്താനെ അപലപിച്ചില്ല എന്നത് മോദി പറഞ്ഞില്ല. മുംബൈ ഭീകരാക്രമണം അടക്കം ഉണ്ടായ സമയത്ത് പാകിസ്താൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ടെങ്കിൽ ഇത്തവണ അവർക്ക് നയതന്ത്രപരമായ മുൻതൂക്കം കിട്ടി എന്നുള്ളതൊരു വസ്തുതയാണ്. അത് മോദി സർക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമാണ്. എന്തുകൊണ്ട് വെടിനിർത്തലിന് തയ്യാറായി എന്ന ചോദ്യത്തിനുള്ള മറുപടി പാകിസ്താൻ കേണപേക്ഷിച്ചതു കൊണ്ട് എന്നായിരുന്നു. പാകിസ്താൻ അപേക്ഷിച്ചപ്പോൾ നിങ്ങൾ എന്തിന് വെടി നിർത്തി എന്ന് രാഹുൽഗാന്ധി മറിച്ചു ചോദിച്ചപ്പോൾ മോദിയുടെ വായടഞ്ഞു പോയി.
പാക്അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം വായ്ത്താളം അടിച്ചിരുന്ന അമിത് ഷാ ഇപ്പോൾ പറയുന്നത് ഓപറേഷൻ സിന്ദൂർ നോൺ എസ്കലേറ്ററി മിഷൻ ആയിരുന്നു എന്നും അതിന്റെ ലക്ഷ്യം പാക്കധീന കാശ്മീർ തിരിച്ചുപിടിക്കൽ ആയിരുന്നില്ല എന്നുമാണ്. ലക്ഷ്യം ചുരുക്കാൻ നിങ്ങളോട് ആരെങ്കിലും പറഞ്ഞോ എന്ന കോൺഗ്രസ് അംഗങ്ങളുടെ മറു ചോദ്യത്തിന് മുന്നിൽ അമിത് ഷാ ചൂളി പോയി’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഒരു വിദേശ രാഷ്ട്രത്തിൻ്റെ തെരഞ്ഞെടുപ്പിൽ എല്ലാ നായതന്ത്ര മര്യാദകളും ലംഘിച്ചുകൊണ്ട് ഇടപെടുന്നത്. ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ അമേരിക്കയിൽ വച്ച് അബ് കീ ബാർ ട്രമ്പ് കീ സർക്കാര് എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം നരേന്ദ്ര മോദി മുഴക്കി. മൈ ഫ്രണ്ട് എന്നായിരുന്നു മോദി ട്രമ്പിനെ വിശേഷിപ്പിച്ചത്. അഹമ്മദാബാദിൽ ട്രമ്പിനൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വലിയ റാലി നടത്തി മോദി.
കുറച്ചു ദിവസങ്ങൾക്കുശേഷം ഇന്ത്യയെ വൃത്തികെട്ട രാജ്യമെന്ന് ഡൊണാൾഡ് ട്രമ്പ് വിശേഷിപ്പിച്ചു . കൂട്ടുകാരൻ മോദി രാജ്യത്തിൻ്റെ അഭിമാനം പണയം വെച്ചുകൊണ്ട് മൗനം പാലിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം 29 തവണയാണ് താനാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന് ട്രമ്പ് പ്രസംഗിച്ചത്. ട്രമ്പ് നുണ പറയുകയാണ് എന്ന് ആർജ്ജവത്തോടെ പറയാൻ മോദിക്ക് കഴിഞ്ഞില്ല. എന്താണത് സൂചിപ്പിക്കുന്നത് ? എന്തിനാണ് അമേരിക്കൻ പ്രസിഡന്റിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ഭയക്കുന്നത് ?
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ചത്ത സമ്പദ് വ്യവസ്ഥ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ്. 25% നികുതിയും ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയാണ് ട്രമ്പിന്റെ നടപടി.
അതിനിടെ പാർലമെൻറ് സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്കും അമിത് ഷാക്കും കഴിഞ്ഞില്ല.
29 തവണ താനാണ് വെടി നിർത്തലിന് കാരണം എന്ന് പ്രസംഗിച്ച ട്രമ്പ് നുണയനാണ് എന്നു പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
തന്നെയാരും നിർബന്ധിച്ചിട്ടില്ല എന്ന് ഒഴുക്കൻ മട്ടിലുള്ള മറുപടി പറഞ്ഞ് തടി തപ്പുകയാണ് മോദി ചെയ്തത്.
193 രാജ്യങ്ങളിൽ കേവലം മൂന്ന് രാജ്യങ്ങളാണ് പാകിസ്താനെ പിന്തുണച്ചത് എന്ന് മോദി അവകാശപ്പെട്ടു. എന്നാൽ 190 രാജ്യങ്ങളിൽ ഒരു രാജ്യം പോലും പാക്കിസ്ഥാനെ അപലപിച്ചില്ല എന്നത് മോദി പറഞ്ഞില്ല. മുംബൈ ഭീകരാക്രമണം അടക്കം ഉണ്ടായ സമയത്ത് പാക്കിസ്ഥാൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ടെങ്കിൽ ഇത്തവണ അവർക്ക് നയതന്ത്രപരമായ മുൻതൂക്കം കിട്ടി എന്നുള്ളതൊരു വസ്തുതയാണ്. അത് മോദി സർക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമാണ്.
എന്തുകൊണ്ട് വെടിനിർത്തലി്ന് തയ്യാറായി എന്ന ചോദ്യത്തിനുള്ള മറുപടി പാക്കിസ്ഥാൻ കേണപേക്ഷിച്ചതു കൊണ്ട് എന്നായിരുന്നു. പാക്കിസ്ഥാൻ അപേക്ഷിച്ചപ്പോൾ നിങ്ങൾ എന്തിന് വെടി നിർത്തി എന്ന് രാഹുൽഗാന്ധി മറിച്ചു ചോദിച്ചപ്പോൾ മോദിയുടെ വായടഞ്ഞു പോയി.
പാക്അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം വായ്ത്താളം അടിച്ചിരുന്ന അമിത് ഷാ ഇപ്പോൾ പറയുന്നത് ഓപ്പറേഷൻ സിന്ദൂർ നോൺ എസ്കലേറ്ററി മിഷൻ ആയിരുന്നു എന്നും അതിന്റെ ലക്ഷ്യം പാക്കധീന കാശ്മീർ തിരിച്ചുപിടിക്കൽ ആയിരുന്നില്ല എന്നുമാണ്. ലക്ഷ്യം ചുരുക്കാൻ നിങ്ങളോട് ആരെങ്കിലും പറഞ്ഞോ എന്ന കോൺഗ്രസ് അംഗങ്ങളുടെ മറു ചോദ്യത്തിന് മുന്നിൽ അമിത് ഷാ ചൂളി പോയി.
ഓപ്പറേഷൻ സിന്ദൂർ തീർന്നിട്ടില്ല എന്ന് കേന്ദ്രസർക്കാർ പറയുന്നു, എന്നാൽ അതേസമയം ഈ ഓപ്പറേഷൻ നടക്കുന്ന വിവരങ്ങൾ താൻ പാക്കിസ്ഥാൻ അധികാരികളെ അറിയിച്ചതായി വിദേശകാര്യ മന്ത്രി ജയശങ്കറും പറയുന്നു. അപ്പോൾ ഇന്ത്യയുടെ സൈനിക നേതൃത്വവും വിദേശകാര്യമന്ത്രാലയവും തമ്മിൽ ഒരു കോഡിനേഷനും ഇല്ലേ ? ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഒരു വിദേശ മന്ത്രി ഇതുപോലെ വിഡ്ഢിത്തം കാണിച്ചു കൂട്ടുമോ ?
രാജ്യത്തിൻറെ അഭിമാനം അമേരിക്കൻ പ്രസിഡണ്ടിന് മുന്നിൽ പണയംവച്ച നരേന്ദ്ര മോദി സർക്കാർ അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണ്.