മോദിക്കെതിരെ സന്ദീപ് വാര്യർ: ‘വിശ്വഗുരു ചമയുന്നവരുടെ യഥാർഥ മുഖം ജനം തിരിച്ചറിയട്ടെ’
text_fieldsപാലക്കാട്: 2017ലെ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് ജെഫ്രി എപ്സ്റ്റീന്റെ മെയിലുകൾ രാജ്യത്തിന് തന്നെ അപമാനമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് മോദിയെ സംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്.
‘അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവരുമ്പോൾ അതിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പേരും ഉണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വെറുമൊരു പേരല്ല, 2017ലെ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് എപ്സ്റ്റീൻ എഴുതിയ മെയിലുകൾ രാജ്യത്തിന് തന്നെ അപമാനമാണ്. എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചാണ് മോദി ഇസ്രായേലിൽ പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അവസാനം It worked എന്ന് എപ്സ്റ്റീൻ കുറിക്കുമ്പോൾ, ആർക്ക് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയി 'അഭിനയിച്ചത്' എന്ന ചോദ്യം പ്രസക്തമാകുന്നു.
ഒരു അന്താരാഷ്ട്ര കുറ്റവാളിയുമായി നമ്മുടെ പ്രധാനമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ? ദേശസ്നേഹം പ്രസംഗിക്കുന്നവർക്ക് ഈ നാണക്കേടിന് എന്ത് മറുപടിയാണ് നൽകാനുള്ളത്? ഇന്ത്യയുടെ അന്തസ്സും ആഭിജാത്യവും ലോകത്തിന് മുന്നിൽ പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. വെറും ക്രിമിനലിന്റെ ജല്പനം എന്ന് പറഞ്ഞ് തള്ളിക്കളയാൻ ഇത് ചായക്കടയിലെ വർത്തമാനമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണമാണ്. സത്യം പുറത്തുവരണം. വിശ്വഗുരു ചമയുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയട്ടെ’
‘വിശ്വഗുരുവും വിശ്വക്രിമിനലും; അടിമകളുടെ വെപ്രാളവും.. ജെഫ്രി എപ്സ്റ്റീൻ എന്ന ആഗോള ക്രിമിനലിന്റെ രഹസ്യ ഫയലുകളിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പേരും വന്നത് കേട്ട് അന്തംവിട്ടിരിക്കുകയാണ് ഇവിടുത്തെ സൈബർ സംഘികൾ. 2017-ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം എപ്സ്റ്റീന്റെ ഉപദേശപ്രകാരമായിരുന്നു എന്നും, ആ സന്ദർശനം അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള ഒരു 'ഷോ' ആയിരുന്നു എന്നും ആ ഫയലുകൾ പറയുമ്പോൾ മറുപടി പറയാൻ വിദേശകാര്യ മന്ത്രാലയം പോലും വിയർക്കുകയാണ്.
രാജ്യത്തിന് തന്നെ നാണക്കേടായ ഈ വിവരം പുറത്തുകൊണ്ടുവന്നപ്പോൾ എന്റെ പേജിൽ വന്ന് തെറിവിളി മഹോത്സവം നടത്തുന്ന മോദി ഭക്ത സംഘികളോട് ചില കാര്യങ്ങൾ.. നന്ദി അറിയിക്കുന്നു.. നിങ്ങൾ ഈ പോസ്റ്റിന് താഴെ വന്ന് എത്രത്തോളം വൃത്തികെട്ട ഭാഷയിൽ തെറി വിളിക്കുന്നുവോ, അത്രത്തോളം ഈ പോസ്റ്റിന്റെ റീച്ച് കൂടുകയാണ്. ഫേസ്ബുക്കിന്റെ അൽഗോരിതം വെച്ച് കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്തിക്കാൻ സഹായിക്കുന്ന നിങ്ങളുടെ ഈ വിവരക്കേടിന് വലിയൊരു നന്ദി..
മറുപടി പറയാൻ വിവരമില്ലാത്തവന്റെ അവസാനത്തെ ആയുധമാണ് തെറിവിളി. വസ്തുതകൾ കൊണ്ട് നേരിടാൻ കഴിയാത്തതുകൊണ്ടാണ് നിങ്ങൾ അച്ഛനും അമ്മയ്ക്കും വിളിക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും എപ്സ്റ്റീന്റെ ഫയലിൽ നിന്ന് മോദിജിയുടെ പേര് മാഞ്ഞുപോകില്ല.
"അതൊരു ക്രിമിനലിന്റെ മെയിൽ മാത്രമാണ്" എന്ന കേന്ദ്ര സർക്കാരിന്റെ ന്യായീകരണം കേട്ടാൽ ചിരി വരും. അതേ ക്രിമിനൽ എഴുതിവെച്ച കാര്യങ്ങൾ 2017-ൽ ഇസ്രായേലിൽ അക്ഷരംപ്രതി നടന്നത് വെറും യാദൃശ്ചികമാണോ? വിശ്വഗുരു ചമഞ്ഞ് ലോകം ചുറ്റുമ്പോൾ കൂടെയുള്ളവർ ആരൊക്കെയാണെന്ന് നമ്മൾ അറിയേണ്ടേ? ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്? ചോദ്യങ്ങൾ തുടരും. സംഘി സൈബർ അടിമകൾക്ക് ഒരിക്കൽ കൂടി നന്ദി, നിങ്ങളുടെ ഈ ബഹളം കാരണമാണ് ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തുന്നത്. തുടരുക..’ -സന്ദീപ് വാര്യർ കുറിച്ചു.


