Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'ക്ഷേത്രത്തിൽ പാട്ടു...

'ക്ഷേത്രത്തിൽ പാട്ടു വേണ്ടെങ്കിൽ പള്ളിയിൽ ബാങ്കും വേണ്ട, നമുക്ക് ഒരുമിച്ച് നിർത്താം, ലോകം കിടുക്കി പാട്ട് വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല'; ശശികല

text_fields
bookmark_border
ക്ഷേത്രത്തിൽ പാട്ടു വേണ്ടെങ്കിൽ പള്ളിയിൽ ബാങ്കും വേണ്ട, നമുക്ക് ഒരുമിച്ച് നിർത്താം, ലോകം കിടുക്കി പാട്ട് വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല; ശശികല
cancel

മലപ്പുറം: ശാന്തമായ ഉറക്കത്തിൽ ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തെ മതസൗഹാർദ്ദത്തിന്റെ പേരിൽ ആരും സഹിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്ക് പള്ളിയിലെ ബാങ്ക് വിളിയിലും ഇതേ നിലപാട് ഉണ്ടാവണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. മലപ്പുറത്ത് എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ പാട്ട് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു.

ഈ വിവാദ മുദ്രാവാക്യമുണ്ടായ ക്ഷേത്രത്തിനു സമീപമുള്ള ഒരു കുടുംബത്തിനാണ് പാട്ടു കേട്ടാൽ പ്രശ്നമെന്നും അവർക്ക് മുസ്ലിം പള്ളിയിലെ ബാങ്ക് പ്രശ്നമല്ലെന്നും ശശികല കുറ്റപ്പെടുത്തി.

ഒരു നാമം പോലും ചൊല്ലാൻ തയാറാകാതെ ലോകം കിടുക്കി പാട്ടു വെക്കുന്നതിനോടോ ഉച്ചഭാഷിണി വെക്കുന്നതിനോടോ വ്യക്തിപരമായി എനിക്ക് ഒരു യോജിപ്പുമില്ലെങ്കിലും സെലക്റ്റീവ് പ്രതികരണങ്ങൾ കാണുമ്പോൾ ഒരു പത്തു കോളാമ്പി കെട്ടി പാട്ടിടാൻ പറയാനാണ് തോന്നാറെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.

ക്ഷേത്രത്തിൽ പാട്ടു വേണ്ടെങ്കിൽ പള്ളിയിൽ ബാങ്കും വേണ്ട, ഒപ്പം നിർത്താമെന്നും അല്ലാതെ രാഷ്ട്രീയ തിണ്ണമിടുക്കിന്റെ ബലത്തിൽ ഒന്നിന്റെ മണ്ടക്ക് കേറുന്ന വന്റെ മണ്ടേൽ കേറാൻ തന്നെയാണ് തലക്കാലം തീരുമാനമെന്നും ശശികല പറഞ്ഞു.

എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ പാട്ട് വെക്കുന്നത് യു.ഡി.എഫുകാർ വിലക്കുന്നുവെന്നായിരുന്നു സംഘ്പരിവാർ പ്രചാരണം. മുസ്‌ലിം ലീഗുകാർ ഉൾപ്പെടെ ക്ഷേത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും പ്രചരിച്ചിരുന്നു. എന്നാൽ, ഇത് വ്യാജ പ്രചാരണമായിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റിയും യു.ഡി.എഫ് നേതൃത്വവും പറഞ്ഞിരുന്നു.

ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടെന്നും അവരാണ് മുദ്രാവക്യം വിളിച്ചതെന്നും തെറ്റിധാരണ പരത്തരുതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന നമ്പൂതിരി കൂടുംബം പാട്ടിന്റെ ശബ്ദം കുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി കൊടുത്തിരുന്നുവെന്നും പിന്നീട് ലൗഡ് സ്പീക്കർ ഒഴിവാക്കി നിയമാനുസൃത ബോക്സിലാണ് പാട്ട് വെക്കുന്നതെന്നും മുദ്രാവാക്യം വിളിച്ചവർ മുസ്‌ലിംകളാണെന്നുള്ള പ്രചാരണം വ്യാജമാണെന്നും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ തങ്ങൾ വിളിച്ച മുദ്രാവാക്യത്തിൽ അമ്പലത്തിൽ പാട്ടുവെക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ശബ്ദം കൂട്ടരുതെന്നാണ് പറഞ്ഞതെന്നും ലീഗുകാരോ മുസ്‌ലിംകളോ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

അമ്പലത്തിൽ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കുന്നതിനെതിരെ ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന ജയൻ നമ്പൂതിരിയുമായാണ് ക്ഷേത്രകമ്മിറ്റിക്ക് തർക്കമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്ഷേത്ര കമ്മിറ്റിയിലെ ചിലർ ബി.ജെ.പിയുടെ സ്ഥാനാർഥികളായി മത്സരിച്ചിരുന്നു. ജയൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് അനുഭാവികളുമാണ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ബി.ജെ.പിക്കാരായ ചിലരെ ലക്ഷ്യം വെച്ച് ക്ഷേത്രത്തിലെ പാട്ട് വെക്കുന്നതും യു.ഡി.എഫുകാർ മുദ്രാവാക്യമായി വിളിച്ചു പറയുകായിരുന്നു. ഇതിന്റെ വിഡിയോ പങ്കുവെച്ച് യു.ഡി.എഫ് ക്ഷേത്രത്തിൽ പാട്ട് വിലക്കിയെന്നും മുസ്‌ലിം ലീഗുകാർ ഉൾപ്പെടെ ക്ഷേത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു പ്രചാരണം.





Show Full Article
TAGS:Devotional Songs Temple mosque KP Sasikala 
News Summary - Sasikala against mosque bank call
Next Story