‘അതിന് ഞങ്ങൾ വോട്ടു ചെയ്യാനൊന്നും പോണില്ല, എന്തിനാ വോട്ട് ചെയ്തിട്ട്?’ -എത്ര മലയാളികൾ എസ്.ഐ.ആറിൽനിന്ന് പുറത്താകുമെന്ന് അറിയാനിരിക്കുന്നേയുള്ളൂവെന്ന് സുദേഷ് എം. രഘു
text_fieldsകൊച്ചി: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കിയാൽ ‘സാക്ഷരരും പ്രബുദ്ധരുമായ’ എത്ര മലയാളികൾ ഇതിൽനിന്നു പുറത്തുപോകും എന്നത് അറിയാനിരിക്കുന്നേയുള്ളൂ എന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു. ദലിത്-പിന്നാക്ക-മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ളവരാകും സ്വാഭാവികമാവും ഇതിൽ നിന്നെല്ലാം പുറത്തുപോവുക എന്നും അദ്ദേഹം പറയുന്നു.
‘വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്നു നോക്കിയോ? എന്നു ചോദിച്ചപ്പോൾ ഇന്നലെ രണ്ടു സ്ത്രീകൾ എന്നോട് പറഞ്ഞത്, അതിന് ഞങ്ങൾ വോട്ടു ചെയ്യാനൊന്നും പോണില്ല, എന്തിനാ വോട്ട് ചെയ്തിട്ട്? എന്നാണ്. ‘വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യ്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെങ്കിൽ നിങ്ങൾ ഇൻഡ്യൻ പൌരന്മാർ(പൌരികൾ) അല്ലാതാകും’ എന്നു പറഞ്ഞപ്പോഴാണ് അവർ ഞെട്ടിയത്. എത്രപേർ ഇങ്ങനെയൊരു സംഗതി കേരളത്തിൽ നടക്കുന്നുണ്ട് എന്നറിഞ്ഞിട്ടുണ്ടാകും? എത്ര പേർ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കും?
വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാൻ ബി എൽ ഓ മാർ വരുമെന്നോ വന്നാൽത്തന്നെ അതു ശരിയായി ചെയ്യുമെന്നോ ചെയ്താൽത്തന്നെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നോ ഒക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. "നിരക്ഷരരായ" ബിഹാറികൾ മാത്രമല്ല, സാക്ഷരരും "പ്രബുദ്ധരു"മായ എത്ര മലയാളികൾ ഇതിൽനിന്നു പുറത്തുപോകും എന്നത് അറിയാനിരിക്കുന്നേയുള്ളൂ. ദലിത്-പിന്നാക്ക-മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ളവരാകും സ്വാഭാവികമാവും ഇതിൽ നിന്നെല്ലാം പുറത്തുപോവുക എന്നു പറയേണ്ടതില്ലല്ലോ. 'സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം'(SEBC) എന്ന് അക്കൂട്ടരെ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്’ -സുദേഷ് എം. രഘു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ചെറിയൊരു അശ്രദ്ധ മതി, വോട്ടർപട്ടികയിൽ നിന്ന് പുറത്താകും; ഇന്ത്യൻ പൗരൻ എന്ന അസ്തിത്വവും ഇല്ലാതാകും
ബിഹാറിൽ 68.66 ലക്ഷം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും 21 ലക്ഷം വോട്ടർമാരുടെ പേരുകൾ കൂട്ടിച്ചേർക്കാനും ഇടവരുത്തിയ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അതുപോലെ തന്നെ വളരെ ധിറുതിപിടിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് കേരളത്തിലും നടപ്പാക്കുന്നത്.
എസ്.ഐ.ആർ കേസിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തുനിൽക്കാനോ, വോട്ടർ പട്ടികയിൽ സാധാരണ പോലെ രാഷ്ട്രീയ പാർട്ടികൾ പേര് ചേർത്തുകൊള്ളുമെന്ന് കരുതാനോ, തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച ബൂത്തുതല ഓഫിസർ (ബി.എൽ.ഒ) മൂന്ന് പ്രാവശ്യം വീട്ടിലെത്തുമെന്ന് വിശ്വസിച്ചിരിക്കാനോ ഇനി സമയമില്ല. ചെറിയൊരു അശ്രദ്ധയോ അലംഭാവമോ സംഭവിച്ചാൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുക മാത്രമായിരിക്കില്ല അനന്തര ഫലം. മറിച്ച് ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്കുള്ള അസ്തിത്വം തന്നെ ഇല്ലാതാകുകയാണ് ചെയ്യുക.
കേരളത്തിൽ രണ്ടു പട്ടിക; ഒന്നിൽ പേരുണ്ടെന്ന് കരുതി രണ്ടാമത്തെ പട്ടികയിൽ പേരുണ്ടാകണമെന്നില്ല
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിൽ തയാറാക്കുന്ന ഒരു വോട്ടർ പട്ടികയും പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിൽ തയാറാക്കുന്ന മറ്റൊരു വോട്ടർ പട്ടികയും കേരളത്തിലുണ്ട്. ഒരു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന കാരണത്താൽ രണ്ടാമത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിക്കൊള്ളണമെന്നില്ല. എസ്.ഐ.ആർ നടപ്പാക്കുന്നത് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കായി തയാറാക്കുന്ന വോട്ടർ പട്ടികയിലാണ്.
നിലവിലുള്ള ഈ പട്ടിക മരവിപ്പിച്ച് എസ്.ഐ.ആറിലൂടെ ഉണ്ടാക്കുന്ന പട്ടികയായിരിക്കും 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലുണ്ടാകുക. അതിനുള്ള അടിസ്ഥാന പ്രമാണമായി കണക്കാക്കിയ കേരളത്തിലെ 2002ലെ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഒക്ടോബർ 28ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം?
Step-1
ആദ്യം നോക്കേണ്ടത് 2002ലെ വോട്ടർ പട്ടിക
https://www.ceo.kerala.gov.in/electoral-roll-sir-2002 എന്ന ലിങ്കിൽ അമർത്തിയാൽ 2002ൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും മുഴുവൻ ബൂത്തുകളിലെയും വോട്ടർ പട്ടിക ലഭിക്കും. അതിൽ നമ്മുടെയോ നമ്മുടെ മാതാപിതാക്കളുടെയോ വോട്ട് ഉണ്ടോ ഇല്ലേ എന്നറിയണം. ആദ്യം ജില്ല ഏതെന്ന് നോക്കി അതിലുംശേഷം ആ ജില്ലയിലെ ഏത് നിയമസഭാ മണ്ഡലമാണോ അതിലും ക്ലിക്ക് ചെയ്യുക. തുടർന്ന് ആ മണ്ഡലത്തിലെ ഏത് പോളിങ് ബൂത്തിലായിരുന്നു വോട്ട് എന്ന് നോക്കി അതിൽ ക്ലിക്ക് ചെയ്താൽ ആ ബൂത്തിലെ വോട്ടർ പട്ടിക ലഭിക്കും.
സംസ്ഥാനത്ത് 2002നുശേഷം നിയമസഭാ മണ്ഡലങ്ങളുടെ പുനർ നിർണയം നടന്നതിനാൽ പുതുതായി വന്ന നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ 2002ൽ തങ്ങളുടെ വോട്ട് ഉണ്ടായിരുന്നത് ഏത് നിയമസഭാ മണ്ഡലത്തിലാണോ അതിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
2002-2004 കാലയളവിൽ കേരളത്തിനുപുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് വോട്ടുണ്ടായിരുന്നവർ ആ സംസ്ഥാനത്തിന്റെ CEOയുടെ വെബ്സൈറ്റിലാണ് തങ്ങളുടെ പേര് തിരയേണ്ടത്.
Step-2
ബി.എൽ.ഒയെ കണ്ടെത്തി നേരിൽ ബന്ധപ്പെടുക
കേരളത്തിലെ ഓരോ വോട്ടറും തങ്ങളുടെയോ മാതാപിതാക്കളുടെയോ പേര് 2002ലെ വോട്ടർപട്ടികയിലുണ്ടോ എന്ന് നോക്കി, ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങൾ നിലവിൽ താമസിക്കുന്ന പരിധിയിലുള്ള ബൂത്തിനായി തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തിയ ബി.എൽ.ഒ (ബൂത്ത് തല ഓഫിസർ) ആരാണെന്ന് കണ്ടെത്തി ബന്ധപ്പെടണം. https://www.ceo.kerala.gov.in/blo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സംസ്ഥാനത്തെ മുഴുവൻ ബി.എൽ.ഒമാരുടെയും വിവരം ലഭിക്കും. അതിൽ ജില്ലയും നിയമസഭാ മണ്ഡലവും ബൂത്തും ഏതെന്ന് തിരഞ്ഞെടുത്താൽ ബി.എൽ.ഒയുടെ പേരും മൊബൈൽ നമ്പറും കിട്ടും.
Step-3
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
ബി.എൽ.ഒയുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം വാങ്ങി പൂരിപ്പിച്ച് നൽകുകയാണ് അടുത്ത പടി. എസ്.ഐ.ആറിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ നടപടിയും ഇതാണ്. നവംബർ 4 ചൊവ്വാഴ്ച മുതൽ ഡിസംബർ 4 വ്യാഴാഴ്ച വരെ ഒരു മാസം സമയം മാത്രമാണ് ഇതിനുള്ളത്. അതിനാൽ എന്യൂമറേഷൻ ഫോം ബി.എൽ.ഒ വീട്ടിൽ കൊണ്ടുവരുന്നതും കാത്തിരിക്കാതെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (https://www.ceo.kerala.gov.in/ ) നിന്ന് നവംബർ 4 തൊട്ട് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് കോപ്പികളിലൊന്ന് ബി.എൽ.ഒക്ക് നൽകി രണ്ടാമത്തെ കോപ്പി അക്നോളജ്മെന്റ് ആയി ബി.എൽ.ഒയുടെ ഒപ്പിട്ട് വാങ്ങി അപേക്ഷകൻ സൂക്ഷിക്കണം.
പുതുതായി വോട്ടർ പട്ടികയിൽ ചേർക്കാൻ അപേക്ഷ നൽകുന്നവർ ഫോം -6ഉം, താമസസ്ഥലം മാറ്റാനോ വിവരങ്ങൾ തിരുത്താനോ ഉള്ളവർ ഫോം-8ഉം ആണ് പൂരിപ്പിച്ച് നൽകേണ്ടത്. അതോടൊപ്പം കമീഷൻ നിർദേശിച്ച അനുബന്ധ ഫോമിൽ ഡിക്ലറേഷനും നൽകണം. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ബി.എൽ.ഒമാർ വീടുകളിലെത്തി പരിശോധിക്കും. തുടർന്ന് എല്ലാ ഫോമുകളിലെയും വിവരങ്ങൾ ‘ബി.എൽ.ഒ ആപ്’/‘ഇ.സി.ഐ നെറ്റ്’ വഴി അപ് ലോഡ് ചെയ്ത് ഇ.ആർ.ഒക്ക് സമർപ്പിക്കും.
Step-4
2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ ചെയ്യേണ്ടത്
2002ലെ വോട്ടർ പട്ടികയിൽ തങ്ങളുടെയോ മാതാപിതാക്കളുടെയോ പേരുള്ളവർ അതിന്റെ വിശദാംശങ്ങളും പേരില്ലാത്തവർ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട 12 രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പും എന്യൂമറേഷൻ ഫോമിനൊപ്പം നൽകണം. അവരെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1987 ജൂലൈ ഒന്നിനുമുമ്പ് ജനിച്ചവർ
ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
1987 ജൂലൈ ഒന്നിനും 2004 ഡിസംബർ
രണ്ടിനുമിടയിൽ ജനിച്ചവർ
ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ
ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. രക്ഷിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനന സമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്പോർട്ടിന്റെയും പകർപ്പ് നൽകണം.
Step-5
ബി.എൽ.ഒ അപ് ലോഡ് ചെയ്തത് ഇ.ആർ.ഒ വോട്ടർ പട്ടികയിലാക്കും
ഓരോ ബൂത്തിൽനിന്നും ബി.എൽ.ഒമാർ രേഖകൾ സഹിതം അപ് ലോഡ് ചെയ്ത അപേക്ഷകൾ വോട്ടർ പട്ടികയിലാക്കുന്ന ഉത്തരവാദിത്തം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമതലയുള്ള ഇ.ആർ.ഒ നിർവഹിക്കും. ഒരു ബൂത്തിൽ പരമാവധി 1200 പേരെ ഉൾക്കൊള്ളുന്ന തരത്തിലാണ് ഇനി ബൂത്തുകളുണ്ടാവുക. അതിൽ കൂടുതൽ വോട്ടർമാരുണ്ടെങ്കിൽ പുതിയ ബൂത്തുകളുണ്ടാക്കി പുനഃക്രമീകരിക്കുന്നതിനുള്ള നിർദേശം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ(ഡി.ഇ.ഒ)ക്ക് സമർപ്പിക്കണം.
ഒരേ കുടുംബത്തിലും അയൽക്കൂട്ടത്തിലും ഭവന സമുച്ചയങ്ങളിലുമുള്ളവരെ ഒരേ ബൂത്തിലാക്കാൻ ശ്രദ്ധിക്കണം. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ (ഡി.ഇ.ഒ) ബൂത്ത് നേരിൽവന്ന് പരിശോധിക്കുകയും രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്തുകയും ചെയ്യണം. തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയ ശേഷം മാത്രമേ പുതിയ ബൂത്തുകൾ അനുവദിക്കാവൂ.
Step-6
ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക നോക്കണം
ബി.എൽ.ഒമാർ നേരിട്ടും ഓൺലൈനായും അംഗീകാരം നൽകിയ വോട്ടർമാരെ ഉൾപ്പെടുത്തി ബൂത്ത് തിരിച്ച് പട്ടികയിലാക്കി ഡിസംബർ ഒമ്പതിന് ചൊവ്വാഴ്ച കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടികയിൽ തങ്ങളുടെ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ വോട്ടറും സ്വന്തം നിലക്ക് ഉറപ്പുവരുത്തണം. ബൂത്തുകളുടെ പുനഃക്രമീകരണം മൂലം നിലവിലുള്ള ബൂത്തിലെ വോട്ടർ പട്ടികയിൽ പേർ കണ്ടില്ലെങ്കിലും മറ്റേതെങ്കിലും ബൂത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം.
Step-7
പരാതിയും ആക്ഷേപവും 2026 ജനുവരി എട്ടുവരെ
ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെയാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിനെതിരായ പരാതികളും വ്യാജമായി കൂട്ടിച്ചേർത്തതിനെതിരായ ആക്ഷേപങ്ങളും സമർപ്പിക്കേണ്ടത്.
Step-8
പരാതികളിൽ നോട്ടീസും ഹിയറിങ്ങും പരിശോധനയും
ഡിസംബർ 9 മുതൽ 2026 ജനുവരി 31 വരെ കരട് വോട്ടർ പട്ടികക്കെതിരായ പരാതികളിലും ആക്ഷേപങ്ങളിലും ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള ഇ.ആർ.ഒ നോട്ടീസ് അയക്കും. തുടർന്ന് ഹിയറിങ് നടത്തി രേഖകൾ പരിശോധിച്ച് ഇ.ആർ.ഒ ഒരു തീരുമാനമെടുത്ത് ആവശ്യമുള്ളത് കൊള്ളുകയും അല്ലാത്തവ തള്ളുകയും ചെയ്യും. ഇ.ആർ.ഒമാരുടെ നടപടികൾ തീർത്ത് അന്തിമ വോട്ടർ പട്ടിക തയാറാക്കാൻ ഫെബ്രുവരി മൂന്നിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും.
Step-9
ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക
എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കി കേരളത്തിന്റെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അതിൽനിന്ന് പുറത്തായവർ എന്നന്നേക്കുമായി വോട്ടവകാശമില്ലാത്തവരാകും.
Step-10
അവസാന അപ്പീലിന് രണ്ട് അവസരങ്ങൾ
അന്തിമ പട്ടികക്കുമേലുള്ള അപ്പീലുമായി ഇ.ആർ.ഒയെ സമീപിക്കണം. ഇ.ആർ.ഒയുടെ തീരുമാനത്തിനെതിരായ അപ്പീൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കാണ് നൽകേണ്ടത്. രണ്ട് അപ്പീലും തള്ളിയാൽ പിന്നെ കമീഷന്റെ ഭാഗത്തുനിന്നും വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനുള്ള വഴിയടയും.


