‘പിരിച്ചുവിട്ട ഈ 144 പേരിൽ വളരെ കുറച്ചു പേരെ എനിക്കറിയാം, ഇങ്ങനെയാണ് സാറേ മിക്കപ്പോഴും പ്രതികളെ ഉണ്ടാക്കുന്നത്’ -ഉമേഷ് വള്ളിക്കുന്ന്
text_fieldsഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: യഥാർത്ഥത്തിൽ പിരിച്ചുവിടേണ്ടവരെ തന്നെയാണോ പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടതെന്ന ചോദ്യവുമായി സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. ‘മുഖ്യമന്ത്രി 144 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു എന്ന് നിയമസഭയിൽ പറഞ്ഞു. അത് പലരും ആഘോഷിക്കുന്നതും കണ്ടു. യഥാർത്ഥത്തിൽ പിരിച്ചു വിടേണ്ടവരെ തന്നെയാണോ പിരിച്ചു വിട്ടത്? ഈ 144 പേരിൽ വളരെ കുറച്ചു പേരെ എനിക്കറിയാം. അവരെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം. പുറത്തു പോകേണ്ടവരായിട്ടും അകത്തു നിർത്തിയവരെക്കുറിച്ചും’ -ഉമേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പൊലീസ് സേനയിലെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങളായി സസ്പെൻഷനിൽ കഴിയുകയാണ് ഉമേഷ് വള്ളിക്കുന്ന്.
എ.ഡി.ജി.പി അജിത്കുമാർ ട്രാക്ടറിൽ ശബരിമല സന്ദർശിച്ചതിന്റെ പേരിൽ ഏറ്റവും താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഉമേഷിന്റെ കുറിപ്പ്. ‘ഇങ്ങനെയാണ് സാറേ മിക്കപ്പോഴും പ്രതികളെ ഉണ്ടാക്കുന്നത്’ എന്ന് ബഹുമാനപ്പെട്ട ചിലരെ അറിയിക്കാനാണ് ഇതിപ്പോൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ലോകം മുഴുവൻ കണ്ട ഒരു സംഭവത്തിലാണ് പ്രതിയെ സംരക്ഷിച്ച്, കൂട്ടത്തിലെ ഏറ്റവും ദുർബലന്റെ തലയിൽ കേസ് വെച്ചുകെട്ടിയത്! അപ്പോൾ, ആരുമറിയാതെ നടക്കുന്ന ക്രൈമുകളിൽ എത്രത്തോളം അട്ടിമറി നടത്തിയിട്ടുണ്ടാവും?’ -ഉമേഷ് ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കേരള പോലീസിൽ റാങ്ക് കൊണ്ട് മുകളിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥൻ അതേ സേനയിലെ ഏറ്റവും താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട്, തന്നെ ട്രാക്ടറിൽ ശബരിമലയിലെത്തിക്കുന്ന പണിയെടുപ്പിക്കുന്നു.
തിരുവായ്‌ക്കെതിർവായില്ലാത്ത പോലീസ് സേനയിൽ, ഹൈറാർക്കിയിൽ തന്നേക്കാളും 9 റാങ്കുകൾക്ക് മുകളിലുള്ള ഓഫീസറുടെ കല്പന അനുസരിക്കുകയല്ലാതെ ഒരു വെറും പോലീസുകാരന് വേറെ വഴിയില്ല എന്ന് പമ്പയിലെ കാട്ടുപന്നികൾക്ക് വരെ അറിയാം.
ട്രാക്ടറിന്റെ കസ്റ്റോഡിയനായ പമ്പ SHO അറിയാതെ ADGP എഴുന്നള്ളില്ലെന്നും മല കയറി ഇറങ്ങില്ലെന്നും ആ വഴിയിലെ കാട്ടാനക്കും തേനീച്ചക്കും മാത്രമല്ല CCTV ക്ക് പോലും അറിയാം.
എന്താണ് സംഭവിച്ചതെന്നും ആരാണ് യഥാർത്ഥ പ്രതിയെന്നും ഫൂട്ടേജ് കണ്ട മാലോർക്ക് മുഴുവൻ അറിയാം. എന്നിട്ടും പോലീസുകാരനാണ് കേസിലെ പ്രതി! SHO സി. കെ. മനോജ് FIR ഇട്ട കേസിൽ " അലക്ഷ്യമായും അപാകമായും മനുഷ്യജീവന് ആപത്ത് വരത്തക്ക രീതിയിൽ " വാഹനം ഓടിച്ച പ്രതി! അതായത് ADGP യെ കൊല്ലാൻ കൊണ്ട് പോയ പ്രതി!!
ആ ദിവസങ്ങളിൽ കപ്പലണ്ടി വിറ്റവനും കളിപ്പാട്ടം വിറ്റവനും പ്രതികളാണ് സാറേ, പ്രതികൾ! പമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികൾ.
ഇതിപ്പോൾ പറയാൻ കാരണം, "ഇങ്ങനെയാണ് സാറേ മിക്കപ്പോഴും പ്രതികളെ ഉണ്ടാക്കുന്നത് " എന്ന് ബഹുമാനപ്പെട്ട ചിലരെ അറിയിക്കാനാണ്. ലോകം മുഴുവൻ കണ്ട ഒരു സംഭവത്തിലാണ് പ്രതിയെ സംരക്ഷിച്ച്, കൂട്ടത്തിലെ ഏറ്റവും ദുർബലന്റെ തലയിൽ കേസ് വെച്ചുകെട്ടിയത്! അപ്പോൾ, ആരുമറിയാതെ നടക്കുന്ന ക്രൈമുകളിൽ എത്രത്തോളം അട്ടിമറി നടത്തിയിട്ടുണ്ടാവും?
മുഖ്യമന്ത്രി 144 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു എന്ന് നിയമസഭയിൽ പറഞ്ഞു. അത് പലരും ആഘോഷിക്കുന്നതും കണ്ടു. യഥാർത്ഥത്തിൽ പിരിച്ചു വിടേണ്ടവരെ തന്നെയാണോ പിരിച്ചു വിട്ടത്? ഈ 144 പേരിൽ വളരെ കുറച്ചു പേരെ എനിക്കറിയാം. അവരെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയാം. പുറത്തു പോകേണ്ടവരായിട്ടും അകത്തു നിർത്തിയവരെക്കുറിച്ചും.