‘രാഹുലിന് ഇറങ്ങാൻ മോദിയെ പോലെ ‘ബിസ്ലേരി ഘട്ട്’ ആവശ്യമില്ല’ -മീൻപിടിത്തക്കാർക്കൊപ്പം കുളത്തിലിറങ്ങി രാഹുൽ ഗാന്ധി
text_fieldsപട്‌ന/ബേഗൂസരായി: ബിഹാറിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിലിറങ്ങി രാഹുൽ ഗാന്ധിയും മഹാസഖ്യം നേതാക്കളും. ഛഠ് പൂജാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്നാനം ചെയ്യാൻ ശുദ്ധീകരിച്ച വെള്ളം നിറച്ച കൃത്രിമ യമുന ഒരുക്കിയതുമായി താരതമ്യം ചെയ്താണ് നെറ്റിസൺസ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മാലിന്യവും വിഷപ്പതയും നിറഞ്ഞ യമുന ഒഴിവാക്കിയാണ് മോദിക്ക് ‘ശുദ്ധജല കൃത്രിമ യമുന’ ഉണ്ടാക്കിയത്. രാഹുലിന് ഇറങ്ങാൻ മോദിയെ പോലെ ‘ബിസ്ലേരി ഘട്ട്’ ആവശ്യമില്ലെന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വെള്ളത്തിൽ ഇറങ്ങിയ ഫോട്ടോകൾ പ്രചരിക്കുന്നത്.
ബിഹാറിലെ പിന്നാക്ക സമുദായങ്ങളെ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞ് രാഹുൽഗാന്ധി കുളത്തിലിറങ്ങിയത്. ‘ബിഹാറിലെ ബെഗുസാരായിയിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്ന് വി.ഐ.പി (വികാസ്ശീൽ ഇൻസാൻ പാർട്ടി) പാർട്ടി പ്രസിഡന്റ് മുകേഷ് സാഹ്നിയോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവരുടെ പ്രശ്നങ്ങളും പോരാട്ടങ്ങളും ഒരുപോലെ ഗുരുതരമാണ്. അവരുടെ കഠിനാധ്വാനം, അഭിനിവേശം, ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ എല്ലാ സാഹചര്യങ്ങളിലും പ്രചോദനം നൽകുന്നതാണ്. ബിഹാറിലെ നദികൾ, കനാലുകൾ, കുളങ്ങൾ എന്നിവയും ഇവയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കാൻ എന്നും ഒപ്പമുണ്ടാകും’ -രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഛഠ് പൂജാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ന്യൂഡൽഹിയിലെ ബി.ജെ.പി സർക്കാർ നേതൃത്വത്തിലാണ് യമുനാ തീരത്തോട് ചേർന്ന് കുടിവെള്ളം നിറച്ച് ‘കൃത്രിമ ജലാശയം’ നിർമിച്ചത്. ഇതിനെതിരെ എ.എ.പി ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ മോദി ചടങ്ങിൽനിന്നും പിന്മാറിയിരുന്നു. ന്യൂഡൽഹി വസുദേവഘട്ടതിലെ യമുനാ തീരത്ത് പ്രത്യേകം തടയണകൾ നിർമിച്ച് തയ്യാറാക്കിയ കൃത്രിമ യുമന സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പരിഹാസ്യമായി മാറിയിരുന്നു.
നദിയിലെ കടുത്ത മലിനീകരണം മറച്ചുവെച്ചുകൊണ്ട് പ്രധാനമന്ത്രിക്കായി ശുദ്ധീകരിച്ച വെള്ളം നിറച്ച് മറ്റൊരു യമുന നിർമിച്ചുവെന്നായിരുന്നു ആരോപണം. ഭക്ത ജനങ്ങൾ യമുനയിലെ മലിനമായ ജലത്തിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രിക്കായി ശുദ്ധജലം നിറച്ച കൃത്രിമ യമുന ഒരുക്കിയതിനെതിരെ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് രംഗത്തു വന്നിരുന്നു. പിന്നാലെ, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചു.
നാലു ദിവസത്തെ ഛഠ് പൂജ ഉത്സവത്തിനിടെ, കഴിഞഞ ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി യമുനയിൽ സ്നാനം നടത്താൻ എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കൃത്രിമ യമുന വിവാദമായതോടെ, ബിഹാർ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി മാറും എന്ന ഭീതിയിൽ പ്രധാനമന്ത്രിയുടെ സ്നാനം അവസാന നിമിഷം റദ്ദാക്കിയതായി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ഫോട്ടോ ഷൂട്ടിനുള്ള അവസരമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.


