ഒരൊറ്റ സിക്സർ: സി.കെ. രമ്യക്ക് അഭിനന്ദന പ്രവാഹം
text_fieldsചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ സിക്സറടിക്കുന്നു
‘കായിക മത്സരങ്ങളോട് ഏറെ ഇഷ്ടമാണ്. മോന്താലിൽ കേരളോ ത്സവത്തിന്റെ ക്രിക്കറ്റ് മത്സരത്തിന് വന്നപ്പോൾ ടീമുകൾ വരാൻ വൈകിയപ്പോൾ വെറുതേ കുറച്ചുനേരം മുട്ടിക്കളിച്ചു. ടീമുകൾ തയാറായപ്പോൾ ഉദ്ഘാടനം ബാറ്റ് ചെയ്താകാമെന്ന് സംഘാടകർ പറഞ്ഞു. ബാൾ വന്നപ്പോൾ പരമാവധി ദൂരേക്ക് പായിക്കാൻ ആഞ്ഞുവീശി. ഇത്രമാത്രം വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല’ - സി.കെ.രമ്യ
ചൊക്ലി: കേരളോത്സവം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഉദ്ഘാടകയായി എത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒരൊറ്റ സിക്സറിന് അഭിനന്ദന പ്രവാഹം. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യക്കാണ് മന്ത്രിമാരുൾപ്പെടെ പ്രമുഖർ നാനാഭാഗത്തുനിന്ന് അഭിനന്ദന പ്രവാഹവുമായെത്തിയത്. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വീണ ജോർജ്, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരാണ് അഭിനന്ദമറിയിച്ചത്.
ചൊക്ലി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി മോന്താൽ ടറഫിൽ വ്യാഴാഴ്ച രാത്രി നടന്ന ട്വന്റി- ട്വന്റി ക്രിക്കറ്റ് മത്സരത്തിലാണ് രമ്യ ടീച്ചർ സിക്സറടിച്ച് താരമായത്. ഫുൾടോസ് പന്തിൽ പ്രസിഡന്റിന്റെ അത്യുഗ്രൻ ഷോട്ട് കണ്ട് കാണികളും മത്സരാർഥികളായ ക്രിക്കറ്റ് താരങ്ങളും അമ്പരന്നു. ബൗണ്ടറികടന്ന് പന്ത് പറന്നതോടെ ഉഗ്രൻ ഷോട്ടും വൈറലായി. വിഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചൊക്ലിയുടെ വനിത പ്രസിഡന്റ് കേരളത്തിന്റെ കായിക പ്രേമികളുൾപ്പെടെയുള്ളവരുടെ പ്രിയതാരമായി മാറി. ആയിരക്കണക്കിന് പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രസിഡന്റിന്റെ സിക്സർ ഷോട്ട് പങ്കുവെച്ചത്.
2005ൽ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ബിരുദവിദ്യാർഥിയായിരിക്കേ സോഫ്റ്റ്ബാൾ താരമായിരുന്നു രമ്യ. സ്കൂൾ കായിക മത്സരങ്ങളിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിഎഡ് പഠനകാലത്ത് ടേബിൾ ടെന്നീസ് താരവുമായിരുന്നു. പ്രഫഷനൽ താരത്തിന്റെ കൃത്യതയോടെയാണ് രമ്യ പന്ത് സിക്സർ പറത്തിയതെന്ന് ക്രിക്കറ്റ് കളിക്കാർ പറയുന്നു. വാളാങ്കിച്ചാലിലെ പാറക്കണ്ടിയിൽ നാരായണന്റെയും രോഹിണിയും മകളായ രമ്യ നിടുമ്പ്രത്തെ തോട്ടോന്റവിട ടി. ബിഗേഷ് കുമാറിനെ വിവാഹം ചെയ്തതോടെയാണ് ചൊക്ലിയിലെത്തിയത്.