'കണ്ടുമുട്ടിയതും വിട്ടുപിരിഞ്ഞതും ഒരേ നാളിൽ'; വൈകാരിക കുറിപ്പുമായി കാക്കനാട് ബസിടിച്ച് മരിച്ച അക്ഷരയുടെ ഭർത്താവ്
text_fieldsഅക്ഷരയും വരുൺ സുനിലും
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും കവർന്നത് തിരികെ ലഭിക്കാത്ത ഒരു ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ്. ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയായ തൃശൂർ സ്വദേശിനി എ. അക്ഷര (29) ദുരന്തത്തിൽ മരിച്ചതിന് പിന്നാലെ, ഭർത്താവ് വരുൺ സുനിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏവരുടെയും കരൾ പിളർക്കുകയാണ്.
ആദ്യമായി കണ്ടുമുട്ടിയ അതേ തിയ്യതിയിൽ തന്നെ അക്ഷര തന്നോട് യാത്ര പറഞ്ഞതിന്റെ ആഘാതത്തിലാണ് വരുൺ. 2023 നവംബർ 4നാണ് മാട്രിമോണി പ്രൊഫൈലിലൂടെ വരുൺ ആദ്യമായി അക്ഷരയെക്കുറിച്ച് അറിയുന്നതും ആദ്യമായി ചിത്രങ്ങൾ കാണുന്നതും. കൃത്യം മൂന്ന് വർഷങ്ങൾക്ക് ശേഷം, 2026 നവംബർ 4ന് തന്നെ അക്ഷര വരുണിനെയും ഈ ലോകത്തെയും തനിച്ചാക്കി മടങ്ങി.
'ഇതൊരു കേവല യാദൃച്ഛികതയാണോ? തീയതികളെക്കുറിച്ച് കൃത്യമായ ഓർമയുള്ള നീ മൂന്ന് വർഷത്തിന് ശേഷം എന്നെ വിട്ടുപോകാൻ അതേ ദിവസം തന്നെ തിരഞ്ഞെടുത്തതാണോ?' - വരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജിമ്മിലെ വ്യായാമത്തിന് ശേഷം മടങ്ങുകയായിരുന്ന അക്ഷരയെ ഇൻഫോപാർക്-എറണാകുളം റൂട്ടിൽ ഓടുന്ന 'മലയിൽ' എന്ന സ്വകാര്യ ബസ് അമിതവേഗത്തിലെത്തി റോഡ് സൈഡിൽ വെച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ അക്ഷരയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തന്റെ പ്രിയപ്പെട്ടവളുടെ പുഞ്ചിരിയും പ്രസരിപ്പും ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന തിരിച്ചറിവ് ഉൾക്കൊള്ളാൻ വരുണിന് കഴിയുന്നില്ല. സുരക്ഷിതമായ ഏതോ സമാധാന അന്തരീക്ഷത്തിലിരുന്ന് അക്ഷര ഈ കുറിപ്പ് വായിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വരുൺ വിങ്ങിപ്പൊട്ടുന്ന വാക്കുകൾ കുറിച്ചത്.
'എല്ലാം മുൻകൂട്ടി നിശ്ചയിച്ച ഒരു തിരക്കഥ പോലെ തോന്നുന്നു. എനിക്കിത് സഹിക്കാൻ കഴിയുന്നില്ല. ഇത്രയധികം സ്നേഹിച്ച ആളുകളെ തനിച്ചാക്കി നീ പോകേണ്ടതില്ലായിരുന്നു. കണ്ണടക്കുമ്പോൾ ഒരു തവണയെങ്കിലും സ്വപ്നത്തിൽ വന്ന് 'വരുൺ, ഞാൻ നീ പറയുന്നത് കേൾക്കുന്നുണ്ട്, ഞാൻ നിന്റെ കൂടെത്തന്നെയുണ്ട്' എന്ന് പുഞ്ചിരിയോടെ പറയാൻ അക്ഷരയോട് യാചിക്കുകയാണ്.' - അരുൺ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചിയിലെ റോഡുകളിൽ തുടരുന്ന സ്വകാര്യ ബസുകളുടെ അനിയന്ത്രിത മത്സരയോട്ടവും അതിവേഗതയും ഒട്ടേറെ നിരപരാധികളുടെ ജീവനാണ് കവരുന്നത്. അക്ഷരയുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ആ കുടുംബം ഇനിയും മോചിതരായിട്ടില്ല.


